Sat. Apr 20th, 2024
ന്യൂഡൽഹി:

 
2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ എന്‍പിആര്‍ രാജ്യത്താകെ നടപ്പാക്കുമെന്ന് സെന്‍സസ് കമ്മീഷന്‍ വ്യക്തമാക്കി.
ആസാം ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് നടപ്പാക്കുക. ജനങ്ങളുടെ വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്‍പിആറിലൂടെ ഉദ്ദേശിക്കുന്നതെന്ന് സെന്‍സസ് കമ്മീഷന്‍ വ്യക്തമാക്കി. ഡാറ്റാബേസില്‍ ഡെമോഗ്രാഫിക്, ബയോമെട്രിക് വിശദാംശങ്ങള്‍ വ്യക്തമായി ചേര്‍ക്കും. ഒരു വ്യക്തി ഒരു പ്രദേശത്ത് എത്രനാളായി താമസിക്കുന്നുവെന്ന് തിരിച്ചറിയാന്‍ പദ്ധതിയിലൂടെ കഴിയുമെന്നും സെന്‍സസ് കമ്മീഷന്‍ പറഞ്ഞു.

എന്‍പിആറിനായി വിവരങ്ങള്‍ ആദ്യമായി ശേഖരിച്ചത് 2010ലാണ്. 2011, 2015 വര്‍ഷങ്ങളില്‍ ലിസ്റ്റ് പുതുക്കുകയും ചെയ്തു. 2015ല്‍ വീട് കയറിയുള്ള സര്‍വേയാണ് നടന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായി തുടരുന്നതിനിടെ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടിക്രമങ്ങള്‍ കേരളാ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമോ എന്ന ആശങ്ക ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്തിയത്. രജിസ്റ്റര്‍ പുതുക്കുന്ന നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതി ഉത്തരവിറക്കിയിരുന്നു.