Sun. Nov 17th, 2024
ഹൈദരാബാദ്:

 
അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്റെ ആസ്ഥാനമായ ഹൈദരാബാദിലെ ദാറുസ്സലാമില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ജനം ഇന്ത്യന്‍ പതാക പാറിച്ചുകൊണ്ടും ഡോ. ബി ആര്‍ അംബേദ്‌കറുടെ ഫോട്ടോകളും, ഭരണഘടനയുടെ ആമുഖത്തിന്റെ പകര്‍പ്പുകളും ഉയര്‍ത്തിപ്പിടിച്ചും പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഇത് ദീര്‍ഘനാളത്തെ പോരാട്ടമാകുമെന്ന് എഐഎംഐഎം ചീഫ് അസദുദ്ദീന്‍ ഒവൈസി അറിയിച്ചു. സമരം സമാധാനപരമാണെന്ന് ഉറപ്പുവരുത്തണമെന്നും എല്ലാ വീട്ടിലും ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്നും ഹൈദരാബാദിലെ എം പി കൂടെയായ അദ്ദേഹം ജനക്കൂട്ടത്തോട് അഭ്യര്‍ത്ഥിച്ചു.

അംബേദ്കറുടെ മൂല്യങ്ങള്‍ സജീവമാണെന്നും അവ ഫാസിസ്റ്റുകള്‍ക്ക് എതിരാണെന്നും ഇത് മുസ്ലീങ്ങളുടെ മാത്രം പോരാട്ടമല്ലെന്നും ഒവൈസി പറഞ്ഞു. പോരാട്ടത്തില്‍ ദലിത്, പട്ടികവര്‍ഗക്കാര്‍ തുടങ്ങിയ രാജ്യത്തിന്റെ ഒരു പ്രധാനഭാഗം നമ്മോടൊപ്പമുണ്ട്. മുസ്ലീങ്ങളെ രാഷ്ട്രരഹിതരാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഒവൈസി ആരോപിച്ചു.