Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ പിന്തുണ അറിയിച്ച് വിവിധ മേഖലകളില്‍ നിന്ന് നിരവധി പ്രമുഖരാണ് ഇതുവരെ രംഗത്തുവന്നിട്ടുള്ളത്. എഴുത്തുകാരും, രാഷ്ട്രീയപ്രവര്‍ത്തകരും, സിനിമാ പ്രവര്‍ത്തകരും, ചരിത്രകാരന്മാരും ഉള്‍പ്പെടെ തെരുവിലിറങ്ങി പ്രതിഷേധിച്ചപ്പോള്‍ വളരെ കുറച്ച് കായിക താരങ്ങള്‍ മാത്രമാണ് നിയമത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചത്.

മുന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാനും ഹര്‍ഭജന്‍ സിംങിന ും പുറമെ കായികരംഗത്തു നിന്ന് ഇപ്പോള്‍ ശബ്ദമുയര്‍ത്തിയിരിക്കുന്നത് ബാഡ്മിന്‍റണ്‍ താരം  ജ്വാല ഗുട്ടയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ അപലപിക്കാന്‍ ഇന്ത്യയിലെ കായിക താരങ്ങള്‍ തയ്യാറാകണമെന്ന് അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ജ്വാല ഗുട്ട ട്വിറ്ററില്‍ കുറിച്ചു.

പൗരത്വ ബില്ലിനെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളില്‍ നിരവധി പേരാണ് മരിക്കുന്നത്. ഇത് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ കൂടെ കായിക താരങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ഇത് മാത്രമാണ് അവര്‍ക്ക് വേണ്ടി നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്.

കായിക താരങ്ങള്‍ ഇതുവരെ പൗരത്വ നിയമഭേദഗതിക്കെതിരെ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ശബ്ദമുയര്‍ത്തിയിട്ടില്ല. കായിക താരങ്ങളായ നാം ഇത്തരം അക്രമങ്ങള എതിര്‍ക്കണമെന്ന് ജ്വാല ഗുട്ട അഭ്യര്‍ത്ഥിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam