Wed. Jan 22nd, 2025
പുതുച്ചേരി:

ഇന്ത്യൻ രാഷ്ട്രപതി മുഖ്യാഥിതിയായി എത്തിയ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങിൽ നിന്നും മലയാളി വിദ്യാർത്ഥിനിയെ പുറത്താക്കി.

എം എ മാസ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ റബീഹയെയാണ് അരമണിക്കൂറിലധികം ചടങ്ങു നടക്കുന്ന ഓഡിറ്റോറിയത്തിൽ നിന്നും മാറ്റി നിർത്തിയത്. രാഷ്ട്രപതി തിരികെ മടങ്ങിയത്തിനു ശേഷം മാത്രമാണ് റബീഹയ്ക്ക് ഹാളിൽ തിരികെ കേറാൻ സാധിച്ചത്.

രാഷ്ട്രപതി ഹാളിൽ എത്തുന്നതിനു മുൻപ് റബീഹയെ സുരക്ഷാ ചുമതലയുള്ള ഒരു പോലീസുകാരൻ പുറത്തേക്ക് വിളിക്കുകയും അരമണിക്കൂറിലധികം കാരണമില്ലാതെ പുറത്തു നിർത്തുകയും ചെയ്തു.

ഇതിൽ പ്രതിഷേധിച്ചുകൊണ്ട് റബീഹ ഒന്നാം റാങ്കിന് വൈസ് ചാൻസലർ നൽകുന്ന സ്വർണ മെഡൽ ബഹിഷ്‌കരിച്ചു. പകരം ബിരുദ സർട്ടിഫിക്കറ്റ് മാത്രം സ്വീകരിച്ചു.

“ഈ മെഡൽ ഞാൻ ബഹിഷ്ക്കരിക്കുന്നതിലൂടെ രാജ്യമൊട്ടുക്കും നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം മെഡലുകളോ സർട്ടിഫിക്കറ്റുകളോ റാങ്കുകളോ അല്ല. ഫാസിസത്തിനെതിരെയും, അനീതികൾക്കെതിരെയും ഒരുമിച്ച് സമാധാനത്തിന് വേണ്ടി പോരാടണം എന്നാണ് വിദ്യാഭ്യാസത്തിന്റെ സന്ദേശം,” റബീഹ പറഞ്ഞു.

കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് റബീഹ.

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചു കൊണ്ട് കാർത്തിക, സമീറ അൻവർ, അരുൺ കുമാർ, മോഹാല എന്നിവരും മെഡൽ തിരസ്‌ക്കരിച്ചു.

By Ishika