Wed. Jan 22nd, 2025

ഡല്‍ഹി:

പൗരത്വഭേഭഗതിക്കെതിരായ പ്രതിഷേധം രാജ്യത്തുടനീളം തുടരുകയാണ്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും നടക്കുന്ന പ്രതിഷേധങ്ങളില്‍ ചിലത്  അക്രമാസക്തമാകുകയാണ്.

മീററ്റിൽ പ്രതിഷധക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു. പോലീസിനെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ വഴിയോരത്ത് കണ്ട വാഹനങ്ങളെല്ലാം തകര്‍ത്തു. ഇതോടെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടര്‍ന്ന്  പ്രതിഷേധം തെരുവു യുദ്ധത്തിലേക്ക് വഴിമാറി.

ഉത്തര്‍പ്രദേശില്‍ ഉണ്ടായ അക്രമത്തില്‍ ആറ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മീററ്റിൽ രാവിലെ മുതൽ സംഘർഷവാസ്ഥ നിലനിന്നിരുന്നു. പ്രതിഷേധം പിന്നീട് അക്രമാസക്തമാകുകയും പലയിടങ്ങളിലും നിയന്ത്രണാതീതമാകുകയും ചെയ്തു.

സംസ്ഥാനത്ത് അലിഗഢിലും മീററ്റിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മീററ്റിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ എത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 3500 പേരെ ഇതിനോടകം കരുതല്‍ തടങ്കലിലാക്കി. 150 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആക്രമണങ്ങള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് യുപി ഡിജിപി വീണ്ടും മുന്നറിയിപ്പ് നല്കി.

ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും ഉള്‍പ്പെടെ ഇന്‍റെര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്.

By Binsha Das

Digital Journalist at Woke Malayalam