Wed. Dec 18th, 2024
#ദിനസരികള്‍ 976

(രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാത ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം)

ഹിന്ദു ഭുരിപക്ഷമെന്ന ആകുലതയില്‍ നിന്നും സ്വതന്ത്രമാകേണ്ടതുണ്ട് എന്ന ചിന്തയാണ് പാകിസ്താന്‍ എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വൈരുധ്യമെന്താണെന്ന് വെച്ചാല്‍ ഇത്തരത്തിലൊരു ചിന്ത ഇല്ലാതിരുന്ന പ്രദേശങ്ങളെ ഉള്‍‌പ്പെടുത്തിയാണ് പാകിസ്താന്‍ രൂപീകരിക്കപ്പെട്ടത്.

ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയേഴിനു ശേഷവും മുമ്പെന്ന പോലെ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അവിടവിടെയായി ധാരാളം മുസ്ലിംഭുരിപക്ഷ പ്രദേശങ്ങള്‍ നിലവിലുണ്ടായിരുന്നു. അതിർത്തികൾ കടന്ന് അസംഖ്യം മുസ്ലിംവിശ്വാസികള്‍ പാകിസ്താനിലേക്ക് പോയി. എന്നാല്‍ അവരിലും എത്രയോ അധികം ആളുകള്‍ ഇന്ത്യയില്‍ത്തന്നെ കഴിയാനാണ് ഇഷ്ടപ്പെട്ടത്.

എന്നാല്‍ പാകിസ്താന്‍ രൂപപ്പെട്ടതോടെ അവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. ഈ ചിന്തയോട് ഐക്യപ്പെട്ടിരുന്ന രണ്ടുപേരായിരുന്നു ബംഗാളി മുസ്ലിംലീഗ് നേതാവ് സുഹ്രവര്‍ദിയും യുനൈറ്റഡ് പ്രൊവിന്‍സിലെ ചൌധരി കാലിഖുസ്സമാനും. പാകിസ്താന്‍ രൂപീകരിക്കപ്പെട്ട ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍-1947 സെപ്തംബര്‍ പത്തിനു- സുഹ്രവര്‍ദി കാലിഖുസ്സമാന് എഴുതിയത് ഇന്ത്യാ മഹാരാജ്യത്തെ മുസ്ലീങ്ങളുടെ ജീവിതം കൂടുതല്‍ ശോഷിക്കപ്പെട്ടിരിക്കുന്നുവെന്നാണ്.

വിഭജനത്തെത്തുടര്‍ന്നുണ്ടായ എതിര്‍പ്പ് സിഖുകാരുടേയും ഹിന്ദുക്കളുടേയും കൂട്ടപലായനത്തോടെ മൂര്‍‌ച്ഛിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ക്ക് എതിരെ ഒരു വന്‍കലാപം നടക്കുമെന്നും അവര്‍ തുടച്ചു നീക്കപ്പെടുമെന്നും സുഹ്രവര്‍ദി ഭയന്നു. കാലിഖുസ്സമാന്‍ ചിന്തിച്ചതാകട്ടെ വിഭജനം ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കും വരുംകാലങ്ങളില്‍ എവിടേയുമുള്ള മുസ്ലിംങ്ങള്‍ക്കും ഒരുപോലെ അപകടകരമാണ് എന്നാണ്.

ഇക്കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് സുഹ്രവര്‍ദ്ദി, രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ സൗഹാർദപൂർണമായ അന്തരീക്ഷം നിലനിറുത്തുന്നതിനും പരസ്പരമുള്ള ധാരണ വര്‍ദ്ധിപ്പിക്കുന്നതിനും അതാതു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി ഒരു പ്രസ്താവന എഴുതിയുണ്ടാക്കി.

എന്നാല്‍ അദ്ദേഹത്തിന് തന്റെ ആശയങ്ങളെ ഗാന്ധിയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും ജിന്ന അതിനോട് യോജിച്ചില്ല. നിസ്സഹായരും നിര്‍ഭാഗ്യരുമായ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കു വേണ്ടിയെങ്കിലും ഇത് അംഗീകരിക്കണമെന്ന വാദമൊന്നും ജിന്നയെ ആകര്‍ഷിച്ചുമില്ല.

നാം കണ്ടതുപോലെ പാകിസ്താന്റെ രൂപീകരണം ഹിന്ദുത്വവാദത്തെ ശക്തിപ്പെടുത്തി. ആറെസ്സെസ്സിനും സഹകാരികള്‍ക്കും രാജ്യത്തെ വിഭജിച്ച വഞ്ചകരാണ് മുസ്ലീമെന്ന് ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായി വാദിക്കാനായി. ഒന്നുകില്‍‌ ശേഷിക്കുന്ന മുസ്ലിംങ്ങള്‍ പാകിസ്താനിലേക്ക് പോകണമെന്നും അതല്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണമെന്നുമായിരുന്നു അവരുടെ നിലപാട്.

രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ തങ്ങളുടെ സ്വാധീനം നിര്‍ണായകമാക്കുവാന്‍ ആറെസ്സസ്സിന് കഴിഞ്ഞുവെങ്കിലും ഗാന്ധി വധം അതിന്റെ ഒരു വന്‍മുന്നേറ്റത്തിന് തടസ്സമായി നിന്നു.

സത്യം പറഞ്ഞാല്‍ മുസ്ലിങ്ങള്‍ക്ക് ഇന്ത്യയോട് പൂര്‍ണമായും കൂറുണ്ട് എന്ന് വിശ്വസിക്കാത്ത നേതാക്കന്മാര്‍ കോണ്‍ഗ്രസിനകത്തുതന്നെയുണ്ടായിരുന്നു. അക്കൂട്ടരില്‍ ചിലര്‍ ഉന്നതമായ പദവി വഹിക്കുന്നവരായിരുന്നു.

ജംഷെഡ് പൂരിലെ ഉരുക്കുമില്ലിന്റെ ഉടമസ്ഥരോട് ബീഹാറിലെ ഗവര്‍ണര്‍ നല്കിയ ഉപദേശം, മുസ്ലീം തൊഴിലാളികള്‍ പാകിസ്താനിലേക്ക് പോകും എന്നാല്‍ പോകുന്നതിനുമുമ്പ് അവര്‍ വ്യവസായ ശാലകളിലെ യന്ത്രങ്ങള്‍ കേടുവരുത്തുമെന്നും അതുകൊണ്ട് ശ്രദ്ധിക്കണമെന്നുമായിരുന്നു. എന്നാല്‍ മില്ലുടമകളാകട്ടെ ഐക്യം തകര്‍ക്കുന്ന വിധത്തില്‍ മുസ്ലിംവിഭാഗത്തിലെ തൊഴിലാളികളെ പിരിച്ചു വിടാനോ അവരുടെ തൊഴിലെടുക്കാനുള്ള അവകാശത്തെ നിഷേധിക്കാനോ തങ്ങളുദ്ദേശിക്കുന്നില്ലെന്ന മറുപടിയാണ് നല്കിയത്.

1950 ല്‍ ഒരു അമേരിക്കന്‍ മനശാസ്ത്രജ്ഞന്‍ നടത്തിയ സര്‍വ്വേയില്‍ ഇന്ത്യയിലെ മുസ്ലിംമനസ്സ് പേറുന്ന അരക്ഷിതാവസ്ഥ വെളിപ്പെടുന്നുമുണ്ട്. അദ്ദേഹം അഭിമുഖം നടത്തിയ വടക്കും പടിഞ്ഞാറുമുള്ള ഇന്ത്യന്‍ പട്ടണങ്ങളില്‍ ജീവിക്കുന്നവര്‍ ഭയചകിതരായിരുന്നു. പാകിസ്താന്റെ ചാരന്മാരായിട്ടാണ് തങ്ങള്‍ പരിഗണിക്കപ്പെടുന്നതെന്നാണ് അവര്‍ പരാതി പറഞ്ഞത്. ഒരു ഹിന്ദു ഭുരിപക്ഷ പ്രദേശത്ത് ജീവിച്ചാല്‍ തങ്ങളുടെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തേക്കാം എന്നു ചിന്തിക്കുന്നവരുമുണ്ടായിരുന്നു. അതൊടൊപ്പംതന്നെ മുസ്ലിംങ്ങളില്‍ നിന്നും സാധനങ്ങള്‍ക്ക് അമിതമായി വില ഈടാക്കുന്നുവെന്നും അവര്‍ ശങ്കിച്ചു.

(തുടരും )

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.