Thu. Apr 25th, 2024
#ദിനസരികള്‍ 975

(രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാതമായ ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം)

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫെഡ്രിച്ച് ഷില്ലറുടെ (Friedrich Schiller) മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നതാണ് മാന്യതയുടെ ഒന്നാമത്തെ നിയമം എന്ന വാചകം ഉദ്ധരിച്ചുകൊണ്ടാണ് ഗുഹ ഈ അധ്യായം ആരംഭിക്കുന്നത്.

1964 മെയ് മാസം നാലാം തീയതി ജവഹര്‍ലാല്‍ മരിച്ചു. ആ വാര്‍ത്ത അറിഞ്ഞ ഡല്‍ഹി അവിടേയ്ക്ക് കുതിച്ചെത്തി. അങ്ങനെ എത്തിയവരില്‍ ഗ്രാന്‍വിലെ ഓസ്റ്റിന്‍ എന്ന അമേരിക്കന്‍ ബിരുദ വിദ്യാര്‍ത്ഥിയുമുണ്ടായിരുന്നു. ഓസ്റ്റിന് അന്ന് ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാണ സവിശേഷതകളെക്കുറിച്ചൊരു പ്രബന്ധം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ നെഹ്റുവിനെക്കുറിച്ചും അദ്ദേഹം പുലര്‍ത്തിപ്പോന്ന ആശയങ്ങളെക്കുറിച്ചും അറിയാനുള്ള ആകാംക്ഷ ഓസ്റ്റിനുണ്ടായിരുന്നു. തീന്മൂര്‍ത്തി ഭവനിലേക്ക് എത്തിച്ചേര്‍ന്ന ദുഖാര്‍ത്തരായ ജനതയുടെ ഒപ്പം അദ്ദേഹവും ചേര്‍ന്നു. അടുത്ത ദിവസം തന്റെ ഡയറിയില്‍ അദ്ദേഹം ഇങ്ങനെ എഴുതി – ‘എല്ലാവര്‍ക്കും അകത്തേക്ക് പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അവര്‍ കാത്തിരിക്കാന്‍ തയ്യാറായി.’

അച്ചടക്കത്തോടെ നിശബ്ദമായി ആ ജനക്കൂട്ടം കാത്തു നിന്നു. പ്രധാനമന്ത്രിയുടെ ജീവനക്കാര്‍ അവിടെയെത്തിച്ചേര്‍ന്ന നയതന്ത്രജ്ഞരേയും ജനനേതാക്കളേയും അകത്തേക്ക് ആനയിച്ചു. കേംബ്രിഡ്ജിലെ പഠന സമയത്തും ജയിലിലും നെഹ്രുവിനോടൊപ്പം ഉണ്ടായിരുന്ന സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളില്‍ പങ്കാളിയായ ഡോക്ടര്‍ സയ്യിദ് മഹമൂദും അവിടെയെത്തിച്ചേര്‍ന്ന പ്രധാനവ്യക്തികളിലൊരാളായിരുന്നു.

മറ്റുള്ളവരെപ്പോലെ അദ്ദേഹവും കാറില്‍ നിന്നുമിറങ്ങി. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കയറണമെങ്കില്‍ താരതമ്യേനെ നല്ലൊരു കയറ്റമുള്ള പുല്‍ത്തകിടി കടക്കണമായിരുന്നു. വിഷമിക്കുന്ന മഹമൂദിനെ മുതിര്‍ന്ന കോണ്‍‌ഗ്രസ് നേതാവായ ജഗ്ഗജ്ജീവന്‍ റാം കൈക്കു പിടിച്ചു. ചാമർ ജാതിയില്‍ ജനിച്ച ജഗജ്ജീവന്‍ റാം ദളിതനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ.

ഒരു മുസ്സല്‍മാന്‍ ദളിതനായ ഒരുവന്റെ- തൊട്ടുകൂടായ്മയുള്ള ഒരുവന്റെ- കൈകളില്‍ പിടിച്ച് നടന്ന വരുന്നു. അതായത് ഒരു ദളിതന്റെ കൈപിടിച്ചുകൊണ്ട് ഒരു മുസ്ലിം ഒരു സവര്‍ണന്റെ വീട്ടിലേക്ക് വരുന്നത് കണ്ടപ്പോള്‍ അതാണ് നെഹ്രുവിന്റെ ഇന്ത്യയുടെ ഏറ്റവും ഉചിതവും പ്രതീകാത്മകവുമായ കാഴ്ചയെന്ന് ഓസ്റ്റിന് തോന്നി.

ഇന്ത്യയില്‍ മുസ്ലിംജനവിഭാഗവും ദളിതരും ഒന്നു ചേര്‍ന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നാകും.1947 നു മുമ്പ് ഇന്ത്യയെ പ്രതിനിധികരിക്കുന്നത് കോണ്‍ഗ്രസ്സാണ് എന്ന വാദത്തെ രണ്ടു നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു.

അതില്‍ ഒരാള്‍ മുസ്ലിമായിരുന്നു, മുഹമ്മദലി ജിന്ന. അദ്ദേഹം വാദിച്ചിരുന്നത് ഗാന്ധിയുടേയും നെഹ്രുവിന്റേയും പാര്‍ട്ടി ഹിന്ദുക്കളെ മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്നാണ്. രണ്ടാമത്തെ വ്യക്തി ദളിതനായിരുന്ന ബിആര്‍ അംബേദ്കറായിരുന്നു. അദ്ദേഹം ചിന്തിച്ചിരുന്നതാകട്ടെ കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ ഹിന്ദുക്കളുടെയല്ല, മറിച്ച് സവര്‍ണ ഹിന്ദുക്കളുടെ മാത്രമായ ഒരു സംഘടനയാണെന്നായിരുന്നു.

ഈ വാദങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെട്ടു. അംബേദ്കര്‍ തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നതിന് എത്രയോ മുമ്പ് ഗാന്ധി തൊട്ടുകൂടായ്മക്കെതിരെ സമരം ചെയ്തിരിക്കുന്നു. എന്നുമാത്രവുമല്ല ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടി സ്വന്തം ജീവിതം ബലി കഴിക്കേണ്ടി വന്നയാളുമാണ് ഗാന്ധി. മഹാത്മയെ സംബന്ധിച്ച് ജാതിയുടേയോ മതത്തിന്റേയോ മറ്റേതെങ്കിലും താല്പര്യത്തിന്റെയോ പേരില്‍ മാറ്റി നിറുത്തപ്പെടാതെ ഇന്ത്യയിലെ സകലമായ ജനതതിക്കും തുല്യമായി ലഭിച്ചാല്‍ മാത്രമേ സ്വാതന്ത്ര്യമെന്ന് പറയുന്നത് അര്‍ത്ഥവത്താകുകയുള്ളു.

മറ്റു ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും നെഹ്രുവിനും ഈ ആശയത്തോട് യോജിപ്പായിരുന്നു. ഗാന്ധിയുടെ ദര്‍ശനത്തില്‍ നിന്നും വിഭിന്നമായി അദ്ദേഹം ഇന്ത്യയെ വ്യാവസായികമായ ആധുനികീകരണത്തിന്റെ പാതിയിലുടെ നയിക്കാനാണ് ആഗ്രഹിച്ചത്. ആ ആഗ്രഹത്തിന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെ പിന്തുണയുമുണ്ടായിരുന്നു.

എന്നാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു കാര്യത്തില്‍ അദ്ദേഹം മഹാത്മായ്ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു നിന്നു പൊരുതി. അതുപോലെ തന്നെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ദേശീയത എന്ന ആശയമാകട്ടെ എല്ലാവരേയും കൂട്ടിയിണക്കുന്നതും സമത്വാധിഷ്ഠിതവുമായിരുന്നു.

ഗാന്ധിയുടെ ദര്‍ശനദീപ്തിയില്‍ നെഹ്റു നയിച്ച വഴികളിലൂടെ ഇന്ത്യന്‍ ഭരണഘടന അസ്പൃശ്യതയെ അവസാനിപ്പിച്ചെടുക്കുകയും മതവിഷയങ്ങളില്‍ ഭരണകൂടം യാതൊരു വിധത്തിലും ഇടപെടാതിരിക്കാനുള്ള കരുതല്‍ പ്രകടിപ്പിക്കുകയും ചെയ്തു. നിയമം അതായിരുന്നുവെങ്കിലും പ്രവര്‍ത്തി എന്തായിരുന്നു? നാം അഭിമുഖീകരിച്ച പരീക്ഷണങ്ങളില്‍ ഏറ്റവും ദുര്‍ഘടമായത് ഇതായിരുന്നു.

എണ്ണത്തില്‍ ഭൂരിപക്ഷവും രാഷ്ട്രീയ മേല്‍‍‌ക്കോയ്മയും ഹിന്ദുക്കള്‍ക്കായിരുന്നുവല്ലോ. അതുകൊണ്ടുതന്നെ ഇന്ത്യ എന്ന ആശയം അതിന്റേതായ അര്‍ത്ഥത്തില്‍ നിലനില്ക്കണമെങ്കില്‍ ഭൂരിപക്ഷം വരുന്ന ആ ജനത ന്യൂനപക്ഷങ്ങളേയും അവരുടെ അവകാശങ്ങളേയും മാനിക്കേണ്ടിയിരിക്കുന്നു.
(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.