Fri. Apr 26th, 2024
##ദിനസരികൾ 977

മുസ്ലീങ്ങളെ പൂര്‍ണമായും വിശ്വസിക്കാത്തവരുടെ കൂട്ടത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലുമുണ്ടായിരുന്നു. 1946 ല്‍ പാകിസ്താന്റെ ഭാഗമായി മാറുവാന്‍ സാധ്യതയില്ലാത്ത പ്രദേശങ്ങളിലുള്ളവര്‍ പോലും ലീഗിനു വേണ്ടി വോട്ടു ചെയ്ത് അദ്ദേഹം മറന്നില്ല.

രണ്ടു രാജ്യങ്ങളും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടും അദ്ദേഹത്തില്‍ നിന്നും ഈ സംശയം മാറുകയുണ്ടായില്ല. ജനുവരി 1948 ല്‍ ലഖ്‌നൗവിൽ വെച്ച് അദ്ദേഹം നടത്തിയ ഒരു പ്രഭാഷണത്തില്‍ ആ നാട്ടില്‍ വെച്ചാണ് രണ്ടു രാജ്യങ്ങള്‍ എന്ന ആശയത്തിന് ബീജാവാപം നടന്നത് എന്ന കാര്യം പട്ടേല്‍ എടുത്തു പറഞ്ഞു. അതിനു ശേഷം യുപിയിലുള്ള ബുദ്ധിജീവികളായിട്ടുള്ളവര്‍ മുസ്ലീങ്ങള്‍ മറ്റൊരു രാജ്യമാണ് എന്ന് ചിന്തിച്ചു. ഇന്ത്യയില്‍ തങ്ങിയവര്‍ കേവലം പ്രസ്താവനകളിലൂടെയല്ല മറിച്ച് പ്രവര്‍ത്തികളിലൂടെ ഇന്ത്യയോടുള്ള വിധേയത്വം തെളിയിക്കേണ്ടതുണ്ട്.

ആ വര്‍ഷം അവസാനം പട്ടേലിന്റെ ആഭ്യന്തരകാര്യാലയത്തിന്റെ സെക്രട്ടറി മറ്റു വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്ക് ഇങ്ങനെ എഴുതി. “പാകിസ്താനുമായി ബന്ധപ്പെട്ട് അടിയന്തിര സുരക്ഷാ പ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇന്ത്യയില്‍ ജീവിക്കുന്ന ഒരു വിഭാഗം മുസ്ലീങ്ങള്‍ക്ക് കാശ്മീരിനെച്ചൊല്ലിയും ഹൈദരാബാദിനെച്ചൊല്ലിയും ചില സന്ദേഹങ്ങളുണ്ട്.

അവര്‍ ഇന്ത്യയോട് എന്നതിനെക്കാള്‍ അക്കാരണംകൊണ്ടുതന്നെ പാകിസ്താനോട് കൂടുതല്‍ സൌമനസ്യത്തോടെ പെരുമാറുന്നു. ബന്ധുജനങ്ങളുടെ സ്വാധീനവലയത്തില്‍‌പ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അവര്‍ക്ക് വിവരങ്ങള്‍ നല്കുന്നുമുണ്ടാകാം.

മുസ്ലിങ്ങളായിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരില്‍ ചിലര്‍ ഈ തരത്തില്‍ പെരുമാറിപ്പോകാനിടയുണ്ട്.അത് ഭരണപരമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത വിധം വിഷമസന്ധികളെ സൃഷ്ടിക്കും. അതിപ്രധാനമായ രേഖകളോ തീരുമാനങ്ങളോ അത്തരം ബന്ധങ്ങള്‍ പുലര്‍ത്തിപ്പോരുന്നവരെ ഏല്പിക്കാതിരിക്കുവാനുള്ള ജാഗ്രത നാം കാണിക്കണം.

രാജ്യത്തിനും അതിന്റെ സുരക്ഷയ്ക്കും വിഘാതമായി നിലകൊള്ളുവാനിടയുള്ള മുസ്ലിം മതത്തില്‍ പെട്ട ജീവനക്കാരുടെ ഒരു ലിസ്റ്റ് നിങ്ങള്‍ ഉണ്ടാക്കണം. വളരെ ശ്രദ്ധിച്ചും തന്ത്രപരവുമായും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഇത്തരം പട്ടിക സസൂക്ഷ്മം നിങ്ങളുടെ അതാതു വകുപ്പുകളുടെ തലവന്മാരോ മറ്റു ഉയര്‍ന്ന തലത്തിലുള്ളവരോ പരിശോധിക്കണം. ആ പട്ടിക വെച്ച് പരമപ്രാധാന്യമുള്ള രേഖകള്‍ അത്തരക്കാര്‍ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കിയെടുക്കണം.

വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, വസ്തുതാപരമായി പരിശോധിക്കപ്പെടാതെ ആരുംതന്നെ ഈ ലിസ്റ്റില്‍ ഉള്‍‌‌പ്പെട്ടുപോകരുതെന്നതാണ്. നൂറുശതമാനം ഉറപ്പുള്ളവരെ മാത്രമേ ഇത്തരം ഒരു ലിസ്റ്റിലേക്ക് ഉള്‍‌പ്പെടുത്തുവാന്‍ നിങ്ങള്‍ക്ക് അനുവാദമുള്ളു. രാജ്യത്തോട് കൂറും വിശ്വാസ്യതയും പുലര്‍ത്തുന്ന ഒരാളുപോലും ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങളെപ്പോലെതന്നെ പരിഗണിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുത്.”

അസാധാരണമായ ആ കത്തിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഭരണവ്യവസ്ഥയിലെ മുസ്സിം മതവിഭാഗത്തില്‍ പെട്ട അത്തരം ആളുകളുടെ ഒരു പട്ടിക സൃഷ്ടിക്കപ്പെടാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടന്നു. മധ്യകാല ഇന്ത്യയിലെ മഹാനിര്‍മ്മിതികളെ സംരക്ഷിക്കുവാന്‍ ബാധ്യതപ്പെട്ടിരുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍‌‌വ്വേ ഓഫ് ഇന്ത്യയുടെ കാര്യം തന്നെയെടുക്കുക.

ഇത്തരം ഒരു കത്ത് കിട്ടിയപാടെ എ എസ് ഐയുടെ തലവന്‍ രാജ്യത്തോടും കൂറുപുലര്‍ത്തുന്നവരും രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായിരിക്കുന്നവരുമായവരുടെ ഒരു പട്ടികയുണ്ടാക്കാന്‍ തന്റെ കീഴിലുള്ള പ്രാദേശിക കേന്ദ്രങ്ങളിലെ തലവന്മാര്‍ക്ക് എഴുതി. അവരാകട്ടെ തങ്ങളുടെ ജീവനക്കാരുടെ ഇടയില്‍ ഒരു രഹസ്യ അവലോകനം നടത്തി ഹെഡ് ക്വാര്‍‌ട്ടേഴ്സിലേക്ക് വിവരങ്ങള്‍ കൈമാറി. അരനൂറ്റാണ്ടിനു ശേഷം അത്തരം റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും രസകരവും ചിലപ്പോഴെങ്കിലും അസ്വാസ്ഥ്യജനകവുമാണ്.
(തുടരും)
(പ്രൊഫസര്‍ രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാത ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.