Sat. Jan 18th, 2025

മാനന്തവാടി:

സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയാണ് സഭാ നടപടി മരവിപ്പിച്ചത്.

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും  ലൂസിയെ പുറത്താക്കിയത്. കന്യാസ്ത്രീയുടെ ലൈംഗികാക്രമണ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ  കന്യാസ്ത്രീകൾ നടത്തിയ  സമരത്തിൽ പങ്കെടുത്തതിനും, സഭാ നിയമപ്രകാരമുള്ള വസ്ത്രം ധരിച്ചില്ലെന്ന കുറ്റം  ആരോപിച്ചാണ് സന്യാസ സഭ  ലൂസിയെ പുറത്താക്കിയത്.

മഠത്തിന്റെ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സഭാ നടപടിക്കെതിരെ നേരിട്ട് റോമിലെത്തി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസി കത്തയച്ചിരുന്നു. തന്നെ പുറത്താക്കിയ സഭാ നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയ സാഹചര്യത്തിലായിരുന്നു മാര്‍പാപ്പക്ക് കത്തയച്ചത്. എന്നാൽ സിസ്റ്റർ ലൂസിക്ക്  സഭയെ തൃപ്തിപ്പെടുത്തുന്ന മറുപടി  നല്കാൻ കഴിഞ്ഞില്ലെന്നാണ് സഭയുടെ വിശദീകരണം.