Thu. Dec 26th, 2024
ദോഹ:

ഫിഫ ക്ലബ് ഫുട്‌ബോള്‍ സെമി ഫൈനലില്‍ മെക്‌സിക്കന്‍ ക്ലബ് മൊണ്ടറെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലിവര്‍പൂള്‍ ഫൈനലില്‍. ഇഞ്ചുറി ടൈമില്‍ ബ്രസീലിയന്‍ മധ്യനിരതാരം ഫിര്‍മിനോ നേടിയ ഗോളാണ് ഇംഗ്ലീഷ് ക്ലബിനെ തുണച്ചത്.

കളിയുടെ പതിനൊന്നാം മിനുറ്റില്‍ നെബി കെയ്റ്റ നേടിയ ഗോളിലൂടെ മുന്നേറ്റം ആരംഭിച്ച ലിവര്‍പൂളിനെതിരെ പതിനാലാം മിനിറ്റില്‍ മൊണ്ടറെ ഗോള്‍ മടക്കി. തുടര്‍ന്ന് ഇരു ടീമുകളുംആക്രമിച്ച് കളിച്ചെങ്കിലും ഇഞ്ചുറി ടൈം വരെ ഗോളൊന്നും പിറന്നില്ല.

ഖത്തറിലെ ഖലിഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രതീക്ഷിച്ചതിലും കടുത്ത പോരാട്ടമാണ് മെക്‌സിക്കന്‍ എതിരാളികള്‍ ലിവര്‍പൂളിന് സമ്മാനിച്ചത്. ഫൈനലില്‍ ഫ്‌ളെമെംഗോയാണ് ലിവര്‍പൂളിന്റെ എതിരാളികള്‍.

ആദ്യ സെമിയില്‍ സൗദി ക്ലബ് അല്‍ ഹിലാലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചാണ് ഫ്ലെമെംഗോ ഫൈനലിലെത്തിയത്.

By Binsha Das

Digital Journalist at Woke Malayalam