Sat. Apr 20th, 2024
ന്യൂഡല്‍ഹി:

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ആക്രമത്തിലൂടെ ചെറുക്കുന്ന കേന്ദ്രത്തിന്‍റെയും സംസ്ഥാന സര്‍ക്കാരുകളുടെയും നടപടികളെ അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യ. വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

“മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമവിധേയമാക്കുന്ന വര്‍ഗീയ നടപടിയാണ് പൗരത്വ ഭേദഗതി നിയമം. ഈ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സമാധാനപരമായ പ്രതിഷേധം അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തെ സുഗമമാക്കുക മാത്രമല്ല, പൊതുചര്‍ച്ചയ്ക്ക് അനുവദിക്കുകയും ചെയ്യുന്നുണ്ട്” ആംനസ്റ്റി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പറഞ്ഞു.

ഈ അവകാശത്തെ മാനിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പകരം കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുകയാണ് അവിനാശ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി രാജ്യത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആംനസ്റ്റി ഇന്ത്യയുടെ പ്രതികരണം. ഇന്നു നടന്ന പ്രതിഷേധ പരിപാടികളില്‍ രാജ്യത്ത് പലയിടത്ത് നിന്നുമായി മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും, ഇന്‍റര്‍നെറ്റ്, ഫോണ്‍ സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും രാജ്യത്ത് നടക്കുന്നത് മോദിരാജാണെന്നും സിപിഐഎം പ്രതികരിച്ചു.