Wed. Jan 22nd, 2025

തിരുവനന്തപുരം:

ഇന്ത്യയുടെ നിലനിൽപ്പിനു വേണ്ടി ജനാധിപത്യ ശക്തികള്‍ നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും ശ്രമിക്കുന്നതെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ബ്രിട്ടീഷുകാരുടെ കാല്‍ക്കല്‍ മാപ്പപേക്ഷയുമായി പോയിട്ടുള്ള പാരമ്പര്യമുള്ളവര്‍ക്ക് ഒരിക്കലും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷതയുമൊന്നും വിലപ്പെട്ടതായി തോന്നില്ല. ആ നിലപാടല്ല മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കുള്ളതെന്നതിന്റെ തെളിവാണ് ഡൽഹിയിലെ വീറുറ്റ പ്രക്ഷോഭമെന്നും കോടിയേരി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പ്രതിഷേധിച്ച് ഡൽഹിയിൽ  പ്രകടനം നടത്തിയ സിപിഐ എം മുതിർന്ന നേതാക്കളായ  സീതാറാം യെച്ചുരി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി ഡിരാജ എന്നിവരെ ഉൾപ്പടെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

“ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാവുന്ന അന്തരംഗത്തോടെയാണ് മതനിരപേക്ഷവാദികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടിപോരാടുന്നവരാണ്. അത്തരത്തിലുള്ള മനോഭാവം ഞങ്ങള്‍ക്കുണ്ടായത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചരിത്രത്താളുകളില്‍ തിളക്കമുള്ള ഏടുകള്‍ അടയാളപ്പെടുത്തിയതിന്റെ അഭിമാനോജ്ജ്വലമായ സ്മരണകളില്‍ നിന്നാണ്, ” അദ്ദേഹം വെക്തമാക്കി.

 ചെങ്കോട്ടയിലേക്കുള്ള മാര്‍ച്ച് തടയാനും നിരോധനജ്ഞ പ്രഖ്യാപിക്കാനും നിര്‍ദേശം നല്‍കിയതും മറ്റാരുമല്ല. ഡൽഹി പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ആണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സേവനങ്ങളും നിര്‍ത്തിവെക്കാനും പൊലീസിനെ ഉപയോഗിച്ച് സംഘപരിവാർ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.

ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം പിടിച്ചുവാങ്ങാന്‍ രാജ്യത്തെ ജനങ്ങൾ  ഒറ്റക്കെട്ടായി നിന്നതുപോലെയാണ് സംഘപരിവാറിൽ  നിന്നും രാജ്യത്തെ മോചിപ്പിക്കാൻ ഇപ്പോള്‍ കൈകോര്‍ത്തിരിക്കുകയാണ് . ഡൽഹിയിലെ  പൊലീസ് അക്രമണത്തിനെതിരെ നാടെങ്ങും പ്രതിഷേധം വ്യാപിക്കട്ടെയെന്നും  കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.