ന്യൂഡല്‍ഹി:
ബാങ്കുകള്‍ നേരിടുന്ന ഇരട്ട ബാലന്‍സ് ഷീറ്റ് പ്രതിസന്ധിയുടെ രണ്ടാംവരവ് കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍ സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അത്യഹിത വിഭാഗത്തിലാണ്, ഇത് സാധാരണ മാന്ദ്യമല്ല, ഇന്ത്യയിലെ ഐഎംഎഫ് മേധാവിയായിരുന്ന ജോഷ് ഫെല്‍മാനുമായി ചേര്‍ന്ന് എഴുതിയ പ്രബന്ധത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
ഇരട്ട ബാലന്‍സ്ഷീറ്റാണ് (ടിബിഎസ്) ഇതിന് കാരണം. രണ്ട് ഘട്ടമായി തരംതിരിച്ചാണ് അദ്ദേഹം ഇതിനെ കുറിച്ച് പറയുന്നത്.
ടി ബി എസ് -1 ഉരുക്ക്, ഊര്‍ജ്ജം, അടിസ്ഥാന സൗകര്യമേഖല എന്നീ മേഖലകളിലെ കമ്പനികളില്‍ 2004-11 കാലയളവില്‍ ഉണ്ടായ നിക്ഷേപ വളര്‍ച്ചയ്ക്ക് ശേഷം ബാങ്ക് വായ്പകള്‍ കിട്ടാക്കടമായി മാറിയതാണ്.
ടി ബി എസ് -2 എന്നത് പ്രധാനമായും നോട്ട് നിരോധനത്തിന് ശേഷമുണ്ടായ പ്രതിഭാസമാണ്. ഇതില്‍ നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളും ( എന്‍ ബി എഫ് സി) റിയല്‍ എസ്റ്റേറ്റ് കമ്പനികളും ഉള്‍പ്പെടും.
ആഗോള സാമ്പത്തിക പ്രതിസന്ധി മുതല്‍ നിക്ഷേപവും കയറ്റുമതിയും തകര്‍ന്നത് വരെ ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചയെ മന്ദഗതിയിലാക്കി. ഇതോടെ ഉപഭോഗവും സ്തംഭിച്ചു. ഇതൊക്കെ കാരണമാണ് കഴിഞ്ഞ ഏതാനും പാദങ്ങളില്‍ വളര്‍ച്ച അതിവേഗം ഇടിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.