Fri. Nov 22nd, 2024

ന്യൂഡൽഹി:

ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോവുകയാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്. ഇതിനു ശേഷമാണ് ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികൾ നടത്തിയ സമരത്തിന് പിന്തുണച്ചു കൊണ്ട് ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് രംഗത്ത് വന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭീം ആര്‍മി ഡിസംബര്‍ 20ന് ഡൽഹിയിൽ  റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഈ റാലി രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് മുമ്പായി നടക്കുന്ന ഭീം ആര്‍മിയുടെ ശക്തിപ്രകടനം കൂടിയായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ.

നേരത്തെ ഡൽഹിയിലെ രവിദാസ് ക്ഷേത്രം പൊളിച്ചതിനെതിരെ പ്രക്ഷോഭത്തിനിറങ്ങാന്‍ ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്തിരുന്നു. ഭീം ആര്‍മി നേതാക്കളും പ്രവര്‍ത്തകരും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ആള്‍ക്കൂട്ടമാണ് അന്ന് ഡൽഹിയില്‍ എത്തിയത്. ദളിത് ക്ഷേത്രമായ രവിദാസ് ക്ഷേത്രം പൊളിച്ച സമയത്ത് പ്രക്ഷോഭങ്ങളില്‍ നിന്ന് ബിഎസ്പി മാറി നിന്നിരുന്നു. ഈ നിലപാടിനോട് ദളിത് ജനവിഭാഗങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് രൂപപ്പെട്ടിരുന്നു. ഈ എതിര്‍പ്പിന്റെ തുടര്‍ച്ചയാണ് ഡൽഹിയിൽ ഭീം ആര്‍മി സംഘടിപ്പിച്ച സമരത്തിൽ നിരവധി ആളുകൾ എത്തിച്ചേർന്നത്. ആ ആള്‍ക്കൂട്ടത്തെ വിശ്വസിച്ചാണ് ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനൊരുങ്ങുന്നത്.

വരാനിരിക്കുന്ന ഡൽഹി, ഉത്തര്‍പ്രദേശ് മേഖലകളിലെ   നിയമസഭാ തിരഞ്ഞെടുപ്പിലും, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഭീം ആര്‍മി വക്താവ് കുഷ് പറഞ്ഞു. ദളിത്-മുസ്‌ലിം സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങലായിരിക്കും മത്സരിക്കുക. ഈ മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്ന് ചന്ദ്രശേഖര്‍ ആസാദ് ഡിസംബര്‍ 17ന് പ്രഖ്യാപിച്ചേക്കും.

അതസമയം ഭീം ആർമി പാർട്ടി രൂപീകരിച്ചാൽ ബിഎസ്പിയിലെ
പല മുതിര്‍ന്ന നേതാക്കളും, 80 ശതമാനം വോട്ടര്‍മാരും തങ്ങളോടൊപ്പം
വരുമെന്ന് കുഷ് പ്രതികരിച്ചു.