Mon. Dec 23rd, 2024
കോഴിക്കോട്:

പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും എസ്ഐഒ സംസ്ഥാന കമ്മിറ്റി കോഴിക്കോട് നഗരത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.

 

 

രാജ്യത്ത് കലാപമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരാണെന്ന് പ്രതിഷേധങ്ങള്‍ നടത്തുന്നവരുടെ വസ്ത്രം നോക്കിയാല്‍ മനസ്സിലാകും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ കുപ്പായമഴിച്ചാണ് റാലിയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്.

 

മോദിയുടെ പ്രസ്താവനയോടുള്ള പ്രതിഷേധവും ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുമാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചതെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ്ഐഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പളളി പറഞ്ഞു. മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് മിഠായിത്തെരുവ്, കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. എസ്ഐഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, ജനറല്‍ സെക്രട്ടറി ബിനാസ് ടിഎ, സെക്രട്ടറിമാരായ അസ്‌ലം അലി, അഫീഫി ഹമീദ്, ജില്ലാ പ്രസിഡന്റ് സഈദ് ടികെ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.