ന്യൂഡൽഹി:
പാക്കിസ്ഥാന്‍ ജനങ്ങളെക്കുറിച്ചോര്‍ത്തു ദുഃഖിക്കാതെ ഇന്ത്യന്‍ പൗരന്മാരെ
ശ്രദ്ധിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. നമ്മുടെ പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യയിലെ ജനങ്ങള്‍ താങ്കളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് കപില്‍ സിബല്‍ ഇക്കാര്യം മോദിയോട് ആവശ്യപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം. രാജ്യത്തെ ഒട്ടു മിക്ക പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിനിധികൾ, സന്നദ്ധസംഘടനകൾ, സാമൂഹി പ്രവര്‍ത്തകരുൾപ്പടെ സുപ്രീം കോടതിയിൽ ഹർജികൾ നല്‍കിയിട്ടുണ്ട്. ജയറാം രമേഷ്, രമേശ് ചെന്നിത്തല,ടിഎന്‍ പ്രതാപന്‍(കോണ്‍ഗ്രസ്), ഡിവൈഎഫ്ഐ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, കേരള മുസ്‌ലിം ജമാഅത്ത് (കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍), ലോക് താന്ത്രിക് യുവജനതാദള്‍, എസ്ഡി പിഐ, ഡിഎംകെ, അസദുദ്ദീന്‍ ഒവൈസി (എഐഎംഐഎം) തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, പ്രൊഫ മനോജ് കുമാര്‍ ഝാ (ആര്‍ജെഡി), മഹുവ മോയ്ത്ര (തൃണമൂല്‍ കോണ്‍ഗ്രസ്), അസം സ്റ്റുഡന്റ്‌സ് യൂണിയന്‍, അസം ഗണപരിഷത്, എസ്ഡിപിഐ, അസം അഭിഭാഷക അസോസിയേഷന്‍, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, ജമിയത് ഉലമ ഇ ഹിന്ദ്, മുസ്ലിം അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവരാണ് ഹർജികൾ ഫയൽ ചെയ്തിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് ഹർജികള്‍ പരിഗണിക്കുക. ഹർജികളില്‍ വാദം കേള്‍ക്കാനാണ് സുപ്രീംകോടതി തീരുമാനിക്കുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച ശേഷമാകും തുടര്‍നടപടികള്‍. സുപ്രീം കോടതി ഇന്നു പരിഗണിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തു അറുപതോളം ഹർജികളില്‍ വാദം നയിക്കുന്നത് കപില്‍ സിബലാണ്.