ന്യൂഡല്‍ഹി:
പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ പ്രക്ഷോഭത്തിനിടെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കു നേരെ വെടിവെച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു. പൊലീസ് നടപടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ രണ്ടു പേർക്ക് വെടിയേറ്റിട്ടുണ്ടെന്ന് ഡൽഹി സഫ്ദർജങ് ആശുപത്രി അധികൃതർ അറിയിച്ചു.
ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് തമീം എന്ന വിദ്യാര്‍ത്ഥിയുടെ ചികിത്സാ രേഖകളാണ് പുറത്തുവന്നത്. കാലിലുള്ള പരിക്ക് വെടിയേറ്റതാണെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതു കാലില്‍ വെടിയേറ്റ പാടുണ്ടെന്നാണു ഡിസ്ചാര്‍ജ് രേഖകളില്‍ ചൂണ്ടികാട്ടുന്നത്. കാലില്‍നിന്ന് ചില വസ്തുക്കള്‍ നീക്കം ചെയ്തുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ വെടിയേറ്റതല്ലെന്നും ടിയര്‍ ഗ്യാസ് ഷെല്‍ കൊണ്ടുള്ള പരിക്കാണെന്നുമാണ് പൊലീസിന്റെ വാദം. പൊലീസിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രംഗത്തുവന്നു. ഒറ്റ ബുള്ളറ്റ് പോലും വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഉപയോഗിച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന‍്റെ ന്യായീകരണം.
അതേസമയം, ജാമിയയിലെ സംഘര്‍ഷവവുമായി ബന്ധപ്പെട്ട് 10 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റു ചെയ്തു.വിദ്യാര്‍ത്ഥികളെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, പിടിയിലായവരെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.