ന്യൂഡൽഹി:
ഫീസ് വര്‍ധനവിൽ പ്രതിഷേധിച്ചു വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കെ ഓണ്‍ലൈൻ പരീക്ഷ നടത്താനുള്ള നീക്കവുമായി ജെഎന്‍യു.
വൈസ് ചാന്‍ലറും വകുപ്പ് മേധാവിമാരുമായി ഡിസംബര്‍ 16ന് നടന്ന കൂടിക്കാഴ്ചയിലാണ് പിഎച്ച്ഡി, എംഫില്‍, എംഎ വിഭാഗങ്ങളിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചതെന്ന് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ ഹെഡ് അശ്വിനി കെ മഹാപത്ര അറിയിച്ചു.
ഇപ്പൊൾ ഇ-മെയിലൂടെയും, വാട്‌സ് ആപ്പിലൂടെയും പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചു എല്ലാ വകുപ്പ് മേധാവികൾക്കും അയച്ച കത്തില്‍ കാമ്പസിലെ അസാധാരണമായ സംഭവങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വരുന്നതെന്ന് വ്യക്തമാക്കുന്നു. അതേസമയം ഇത്തരത്തില്‍ പരീക്ഷ എല്ലാ വകുപ്പുകളിലും നടത്തുന്നുണ്ടോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
നിലവിലെ തീരുമാനപ്രകാരം അധ്യാപകര്‍ നേരത്തെ തന്നെ പിഎച്ച്ഡി, എംഫില്‍, എംഎ വിഭാഗങ്ങളിലെ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ വാട്‌സ്ആപ്പിലോ ഇ-മെയിലിലോ നല്‍കും. ഡിസംബര്‍ 21-നകം
വിദ്യാര്‍ത്ഥികള്‍ ഉത്തരങ്ങള്‍ തിരിച്ചു വാട്‌സ്ആപ്പിലോ ഇമെയിലിലോ അയക്കണം. ഓൺലൈനായി ഉത്തരങ്ങൾ അയക്കാൻ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരങ്ങള്‍ എഴുതി നേരിട്ട് അധ്യാപര്‍ക്ക് നല്‍കാം. 21 നകം ഉത്തരങ്ങള്‍ അയക്കാനാത്തവര്‍ക്ക് കൂടുതൽ ദിവസം കൂടി അനുവദിക്കുമെന്നും കത്തിലുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പരീക്ഷ എഴുതുന്നതാണ് വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് നല്ലതെന്നു അശ്വിനി കെ മഹാപത്ര പ്രതികരിച്ചപ്പോൾ ഓൺലൈൻ പരീക്ഷ നടത്തുന്നത് പരിഹാസ്യമാണെന്നു ജെഎൻയു ലെ വലിയൊരു വിഭാഗം അധ്യാപകരും, വിദ്യാർത്ഥികളും ഒരേ സ്വരത്തിൽ പ്രതികരിച്ചു.