Mon. Dec 23rd, 2024

തിരുവനന്തപുരം:

പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോൾ ഇന്ന് തിരുവനന്തപുരത്തു ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത പ്രക്ഷോഭം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ മുതല്‍ ഉച്ചവരെ നടന്ന സത്യാഗ്രഹ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.

“എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും താമസിക്കാനുള്ള രാജ്യമാണ് ഇന്ത്യ. അത്തരമൊരു രാജ്യത്താണ് ഇങ്ങനെയൊരു നിയമം പാസാക്കിയത്. പൊതുവായ സാംസ്‌കാരിക സവിശേഷതകള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ എന്ന രാജ്യം രൂപീകരിക്കുന്നത്.  ഇന്ത്യാ എന്ന രാജ്യസങ്കല്‍പ്പം ജനങ്ങള്‍ സൃഷ്ടിച്ചതാണ്”, മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് പ്രപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

നേരത്തെ പൗരത്വ നിയമത്തിനു കേരളത്തിൽ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചപ്പോൾ, നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. ഭേദഗതി നിയമത്തി നെതിരെ സംസ്ഥാനത്തിന്റെ യോജിച്ച സ്വരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് അണിനിരക്കുന്നത്.
സംസ്ഥാനത്തു പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ കേരളത്തിൽ  ഭരണപക്ഷവും പ്രതിപക്ഷവും ഒരേ വേദിയില്‍ അണിനിരക്കുന്നത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കും.