Mon. May 20th, 2024

വാക്‌സിന്റെ പേറ്റന്റ് കൈവശം വച്ചിരിക്കുന്നതും വാക്‌സിന്‍ വില്‍പ്പനയില്‍ നിന്ന് ലാഭം നേടുന്നതുമായ നിര്‍മ്മാതാക്കളായ ആസ്ട്രസെനെക്ക(AZ)യ്ക്കാണ് മിക്ക മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാക്‌സിനേഷനെ തുടര്‍ന്നുണ്ടായ ഈ പെട്ടെന്നുള്ള മരണങ്ങള്‍ യാദൃശ്ചിക സംഭവങ്ങളായിരുന്നുവെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്.

രോഗ്യ മേഖലയില്‍ അടിയന്തരാവസ്ഥ സൃഷ്ടിച്ചാണ് കൊവിഡ് മഹാമാരി ലോകത്താകമാനം പിടിമുറുക്കിയത്. മഹാമാരിയില്‍ വിറങ്ങലിച്ച പൊതുജനത്തിന് ജീവന്‍ നിലനിര്‍ത്താനുള്ള ആശ്വാസമായാണ് വാക്‌സിനുകള്‍ അവതരിപ്പിക്കുന്നത്. ഫൈസര്‍, മോഡേണ, കോവാക്‌സിന്‍, കൊവിഷീല്‍ഡ് തുടങ്ങിയ വാക്‌സിനുകള്‍ ലോകത്ത് വിതരണം ചെയ്യപ്പെട്ടു. ഇന്ത്യയില്‍ വിതരണത്തിന് എത്തിയത് യുകെയിലെ ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച AZD1222 വാക്‌സിനാണ്.

AZD1222 കോവിഷീല്‍ഡ് എന്ന പേരിലാണ് ഇന്ത്യയില്‍ വിതരണം ചെയ്തത്. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്‌സിന്‍ പ്രാദേശികമായി നിര്‍മിക്കാനുള്ള പാറ്റന്റ് സ്വന്തമാക്കിയിരുന്നത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച് വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഉത്സാഹം കാണിച്ചു.

ഇപ്പോഴിതാ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ജനത്തെ ഇരുട്ടിലാക്കുന്ന വാര്‍ത്തകളാണ് യുകെയില്‍ നിന്നും പുറത്തുവരുന്നത്. ഇംഗ്ലണ്ടില്‍ കോവിഷീല്‍ഡ് ഉപയോഗവുമായി ബന്ധപ്പെട്ട ഒരു കേസില്‍, വാക്‌സിന്‍ അപൂര്‍വമായെങ്കിലും ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിര്‍മാതാക്കളായ ആസ്ട്രസെനക്ക കോടതിയില്‍ സമ്മതിച്ചിരിക്കുകയാണ്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്നാണ് കമ്പനി അറിയിച്ചത്.

വാക്‌സിന്‍ മരണത്തിനും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്ന് കാണിച്ച് യുകെയില്‍ നിരവധി പേര്‍ കോടതിയെ സമീപിച്ചിരുന്നു. യുകെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകള്‍ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. യുകെ സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല.

<div class="paragraphs"><p>Covishield vaccine image used for representational purpose (Photo by <a href="https://unsplash.com/@baatcheet_films?utm_content=creditCopyText&amp;utm_medium=referral&amp;utm_source=unsplash">Baatcheet Films</a> on <a href="https://unsplash.com/photos/a-group-of-bottles-of-liquid-sitting-on-top-of-a-wooden-table-e05cuYj1Zb8?utm_content=creditCopyText&amp;utm_medium=referral&amp;utm_source=unsplash">Unsplash</a>)</p></div>
കൊവിഷീല്‍ഡ് വാക്‌സിന്‍ screengrab, copyright NDTV

2021 ഏപ്രിലില്‍ താന്‍ വാക്‌സിന്‍ സ്വീകരിച്ചെന്നും പിന്നാലെ രക്തം കട്ടപിടിച്ചെന്നും മസ്തിഷ്‌കാഘാതമുണ്ടായെന്നും കേസിലെ ആദ്യ പരാതിക്കാരനായ ജാമി സ്‌കോട്ട് ആരോപിച്ചിരുന്നു. ജോലി ചെയ്യാന്‍ തനിക്ക് സാധിച്ചില്ലെന്നും താന്‍ മരിക്കാന്‍ പോവുകയാണെന്ന് ആശുപത്രി അധികൃതര്‍ മൂന്നു തവണ തന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്നും ജാമി വ്യക്തമാക്കുന്നു. ആസ്ട്രസെനക്ക ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. എന്നാല്‍ അപൂര്‍വമായി മസ്തിഷാകാഘാതം, ഹൃദയാഘാതം എന്നിവക്ക് കോവിഷീല്‍ഡ് കാരണമാകാമെന്ന് ഫെബ്രുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നതോടെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേര് പറഞ്ഞ് മോദി വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും ഫോട്ടോ പിന്‍വലിച്ച് തടിയൂരി. എന്നാല്‍ വാക്‌സിന്റെ രണ്ടും ബൂസ്റ്ററും ഡോസ് എടുത്ത ജനത്തോട്ട് ഒരു തരത്തിലും സംവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൃത്യമായ പഠനം നടത്താതെയും ക്ലിനിക്കല്‍ ടെസ്റ്റുകള്‍ നടത്താതെയും വിതരണത്തിന് എത്തിച്ച വാക്‌സിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും എത്രത്തോളം ഫലപ്രദമാണ് എന്നതിനെ കുറിച്ചും ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ മുന്നറിയിപ്പ് ഇപ്പോള്‍ ആശങ്കയിലേയ്ക്ക് വഴിമാറിയിരിക്കുകയാണ്.

വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ചതിന് പിറകേ ആസ്ട്രസെനക്ക കോവിഷീല്‍ഡ് ആഗോളതലത്തില്‍ നിന്നും പിന്‍വലിച്ചു. വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുക, രക്ത സ്രവം, രക്തം കട്ടപ്പിടിക്കല്‍, പെട്ടെന്നുണ്ടാവുന്ന കുഴഞ്ഞു വീണ് മരണം (ശരീരത്തിന്റെ പ്രതികരണവുമായി ബന്ധപ്പെട്ടുണ്ടാവുന്നത്) എന്നിവയാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍. വാക്‌സിനെടുക്കാത്തവര്‍ക്ക് സഞ്ചാര നിയന്ത്രണം ഉള്‍പ്പെടെയുള്ള സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ചാണ് പൊതുജനങ്ങളെ കൊണ്ട് കുത്തിവെപ്പ് എടുപ്പിച്ചത്.

കൊവിഡ്-19നുള്ള വാക്സിനുകളുടെ ലഭ്യത അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു. കോവിഷീല്‍ഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാന്‍ഡ് നാമങ്ങളില്‍ വാക്‌സിന്‍ ആഗോളതലത്തില്‍ വിപണനം ചെയ്ത് കമ്പനിയാണ് നാല് വര്‍ഷത്തിന് ശേഷം പ്രത്യേകിച്ച് മുന്നറിയിപ്പുകളോ വിശദീകരണങ്ങളോ ഒന്നും നല്‍കാതെ കുറ്റസമ്മതം നടത്തി വാക്‌സിന്‍ പിന്‍വലിച്ചിരിക്കുന്നത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ 170 കോടിയിലധികം വാക്‌സിന്‍ വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് വകഭേദമായ ഒമിക്രോണിന് കോവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയിരുന്നു. അതേസമയം, വാക്‌സിന്‍ ആസ്ട്രസെനക്ക പിന്‍വലിക്കുന്നെന്ന റിപ്പോര്‍ട്ടിനു പിന്നാലെ കോവിഷീല്‍ഡിന്റെ അധികഡോസുകളുടെ നിര്‍മാണവും വിതരണവും 2021 ഡിസംബറില്‍ത്തന്നെ നിര്‍ത്തിയെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

പാര്‍ശ്വഫലങ്ങളെ കുറിച്ച് വാക്‌സിന്‍ പാക്കേജില്‍ തന്നെ പറയുന്നുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. രക്തം കട്ടപിടിക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ (ടിടിഎസ്) എന്ന അവസ്ഥയെ കുറിച്ചും പറയുന്നുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. 2021-ലും 2022-ലും ഇന്ത്യ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് കൈവരിച്ചു. ഒപ്പം, പുതിയ വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ പഴയ വാക്‌സിന് ആവശ്യക്കാരില്ലാതെയായി. നിലവിലുള്ള ആശങ്കകള്‍ പൂര്‍ണമായി മനസ്സിലാക്കുന്നെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

അഡാര്‍ പൂനവല്ല, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ screengrab, copyright: Reddif

കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാര്‍ ഒരു കൊവിഡ്-19 വാക്‌സിനും വാങ്ങിയിട്ടില്ലെന്നും ഉടനെ കൂടുതല്‍ വാക്‌സിനുകള്‍ വാങ്ങുന്നില്ലെന്നുമാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. 2021 മാര്‍ച്ചില്‍ പാര്‍ശ്വഫലങ്ങളെത്തുടര്‍ന്ന് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും കോവിഷീല്‍ഡ് വാക്‌സിന്‍ നിരോധിച്ചപ്പോള്‍, ഇന്ത്യ വാക്‌സിന്റെ ഉപയോഗം തുടരുകയാണുണ്ടായത്.

പാര്‍ശ്വഫലങ്ങള്‍ പുറത്തുവരികയും വാക്‌സിന്‍ ആഗോള വിപണിയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തതോടെ വാക്‌സിന്റെ ഉദ്ദേശവും അതിന്റെ ഫലവും തുറന്നുകാണിക്കപ്പെട്ടുവെന്ന് ശിശുരോഗ വിദഗ്ധനും ദേശീയ രോഗപ്രതിരോധ സാങ്കേതിക ഉപദേശക സംഘത്തിലെ മുന്‍ അംഗവുമായ ഡോ. ജേക്കബ് എം പുളിയേല്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

”ലോകമെമ്പാടും, ശാരീരികക്ഷമതയുള്ള യുവാക്കള്‍ (ഏകദേശം 35 വയസ്സ്) വ്യായാമം ചെയ്യുന്നതിനിടെ പെട്ടെന്ന് മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാക്‌സിന്റെ പേറ്റന്റ് കൈവശം വച്ചിരിക്കുന്നതും വാക്‌സിന്‍ വില്‍പ്പനയില്‍ നിന്ന് ലാഭം നേടുന്നതുമായ നിര്‍മ്മാതാക്കളായ ആസ്ട്രസെനെക്ക(AZ)യ്ക്കാണ് മിക്ക മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാക്‌സിനേഷനെ തുടര്‍ന്നുണ്ടായ ഈ പെട്ടെന്നുള്ള മരണങ്ങള്‍ യാദൃശ്ചിക സംഭവങ്ങളായിരുന്നുവെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്. ഇതില്‍ ഇപ്പോള്‍ വ്യക്തമായ ഒരു പാറ്റേനുണ്ട്. വാക്‌സിന്റെ ഉദ്ദേശവും അതിന്റെ ഫലവും ഇപ്പോള്‍ തുറന്നുകാണിക്കപ്പെട്ടു. അതുകൊണ്ടാണ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന തകരാറുകള്‍ക്കും മസ്തിഷ്‌കാഘാതത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്നതെന്ന് ആസ്ട്രസെനെക്ക കോടതിയില്‍ സമ്മതിച്ചത്.

എമര്‍ജന്‍സി യൂസ് ഓതറൈസേഷന്റെ കീഴില്‍ ശരിയായ പരിശോധന നടത്താതെയാണ് വാക്‌സിന്‍ അവതരിപ്പിച്ചതെന്ന് ഓര്‍ക്കുക. പരീക്ഷിച്ചു നോക്കാത്ത വാക്‌സിനുകള്‍ നിര്‍ബന്ധമാക്കി സര്‍ക്കാരും തെറ്റിദ്ധരിപ്പിച്ചു. അതിനാല്‍ യാത്ര ചെയ്യുന്നതിനും ഉപജീവനമാര്‍ഗം നേടുന്നതിനും ജനം വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിതരായി. നിയമപരമായ ബാധ്യത വാക്‌സിന്‍ ലൈസന്‍സ് നല്‍കുകയും അത് നിര്‍ബന്ധമാക്കുകയും ചെയ്ത സര്‍ക്കാരുകളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അതേസമയം, ആസ്ട്രസെനെക്ക ലാഭമുണ്ടാക്കുകയും ചെയ്തു. എന്നിരുന്നാലും, വാക്‌സിന് പ്രതികൂല ഫലങ്ങളുണ്ടെന്ന് സമ്മതിച്ചതിന് ശേഷവും ഹാനികരമെന്ന് അവര്‍ക്കറിയാവുന്ന വാക്‌സിന്‍ വിറ്റാല്‍ ആസ്ട്രസെനെക്ക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. അതുകൊണ്ടായിരിക്കാം അവര്‍ വാക്‌സിന്‍ വില്‍പ്പന നിര്‍ത്തിവെച്ചത്.”, ഡോ. ജേക്കബ് എം പുളിയേല്‍ പറഞ്ഞു.

”നമുക്കിപ്പോള്‍ രസകരമായ ഒരു സാഹചര്യമാണുള്ളത്. കോവിഷീല്‍ഡിന്റെ ഗുരുതരമായ പാര്‍ശ്വഫലങ്ങളെ കുറിച്ച് ആസ്ട്ര സെനെക്ക അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ ചില ‘ആരോഗ്യ വിദഗ്ധര്‍’ പറയുന്നത് ആസ്ട്രസെനെക്കയ്ക്ക് ഇങ്ങനെ പറയാന്‍ അവകാശമില്ലാ എന്നാണ്. വാക്സിന്‍ നല്ലതാണെന്നും അവര്‍ അവകാശപ്പെടുന്നു. രാജാവിനേക്കാള്‍ കൂടുതല്‍ വിശ്വസ്തരായിരിക്കുകയാണ്.”, ഡോ. ജേക്കബ് എം പുളിയേല്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ പരീക്ഷിക്കാത്ത വാക്‌സിന്‍ നിര്‍ബന്ധിതമായി ഉപയോഗിക്കുന്നതിനെതിരെയും എഇഎഫ്‌ഐ (AEFI) ഡേറ്റാ ശേഖരത്തിലെ അലംഭാവത്തിനെതിരെയും ഡോ.ജേക്കബ് എം പുളിയേല്‍ നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ശരീരത്തില്‍ എന്ത് കുത്തിവയ്പ്പ് എടുക്കണമെന്ന് തീരുമാനിക്കാനുള്ള വ്യക്തികളുടെ അവകാശം സുപ്രീം കോടതി ശരിവെക്കുകയും വാക്‌സിന്‍ നിര്‍ബന്ധിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു. വ്യക്തികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വാക്സിനുകളുടെ ദൂഷ്യഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു പ്ലാറ്റ്ഫോം സ്ഥാപിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാതെ സുതാര്യത ഉറപ്പാക്കാക്കി ഈ പ്ലാറ്റ്‌ഫോം പൊതുവല്‍ക്കരിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

”രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇതുവരെ പോര്‍ട്ടല്‍ ആരംഭിച്ചിട്ടില്ല. കോടതിയുടെ വ്യക്തമായ നിര്‍ദേശം പാലിക്കാത്തത് കോടതിയോടുള്ള അനാദരവാണ്. പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍ക്കും കഴിയും. വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തില്ല. നല്‍കിയിരിക്കുന്ന ഒരു റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ നില ട്രാക്ക് ചെയ്യാവുന്നതാണ്.”, ഡോ. ജേക്കബ് എം പുളിയേല്‍ പറയുന്നു.

”കൊവിഡ്-19 വാക്‌സിന്‍ കൊണ്ട് സംഭവിച്ചത് ദുരന്തമാണ്. എന്നാല്‍ അത് കഴിഞ്ഞ കാലമാണെ’ന്നും ഡോ. ജേക്കബ് എം പുളിയേല്‍ പറഞ്ഞു. ‘കോടതി നിര്‍ദേശിച്ച പോര്‍ട്ടല്‍ സംവിധാനം ഭാവിയില്‍ പൊതുജനാരോഗ്യ ഡോക്ടര്‍മാര്‍ക്ക് വാക്‌സിനുകളിലെ പ്രതികൂല പാറ്റേണുകള്‍ മനസ്സിലാക്കാന്‍ സഹായകമാകും. ഭാവിയിലെ ദുരന്തങ്ങള്‍ തടയുന്നതിനുള്ള വിലപ്പെട്ട മാര്‍ഗവുമാകും. ലാഭ ലക്ഷ്യങ്ങളാണ് വാക്സിന്‍ നിര്‍മാതാക്കളെ നയിക്കുന്നത്. മനുഷ്യന്റെ ആരോഗ്യത്തിനു ദോഷമുണ്ടാക്കി വാക്‌സിന്‍ വിതരണത്തിന് പൂനവല്ല മുന്‍ഗണന നല്‍കി. അതുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കണമെന്ന് പറയുന്നത്. ഇത് ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ തടയുമെന്ന് പ്രതീക്ഷിക്കാം. അല്ലാത്തപക്ഷം ലാഭാധിഷ്ഠിത ലക്ഷ്യങ്ങള്‍ മാത്രം നിലനില്‍ക്കും.”, ഡോ. ജേക്കബ് എം പുളിയേല്‍ കൂട്ടിച്ചേര്‍ത്തു.

ഡോ. ഹരി പിജി screengrab, copyright: facebook

ഏതൊരു ദുരന്തത്തെയും കമ്പോളത്തിന് അനുകൂലമാക്കുക എന്നതാണ് ആസ്ട്രസെനക്ക ചെയ്തിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ധനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ഹരി പിജി വോക്ക് മലയാളത്തോട് പറഞ്ഞു. ഫലപ്രദമാണെന്ന് പറഞ്ഞ് പരസ്യം ചെയത് വാക്‌സിന്‍ കച്ചവടം ചെയ്‌തെന്നും പാര്‍ശ്വഫലത്തെ കുറിച്ച് കൃത്യമായ പഠനം നടത്തിയില്ലെന്നും ഡോ. ഹരി പിജി പറഞ്ഞു.

”ഇന്ത്യയില്‍ മൊത്തം വിതരണം ചെയ്ത കൊവിഡ് വാക്സിനുകളില്‍ 80 ശതമാനത്തോളം ആളുകള്‍ കൊവിഷീല്‍ഡ് വാക്സിനാണ് എടുത്തിരിക്കുന്നത്. ആസ്ട്രസെനക്ക എന്ന കമ്പനി കാണിക്കുന്ന നീതിബോധം പോലും കേരളത്തിലെ ജനങ്ങളോട് ഇവിടുത്തെ ജനകീയ മുഖമുള്ള ശാസ്ത്രജ്ഞര്‍മാര്‍ കാണിക്കാന്‍ തയ്യാറല്ല.

ആസ്ട്രസെനക്ക യുകെ കോടതിയില്‍ പാര്‍ശ്വഫലങ്ങളെ കുറിച്ച് അവരുടെ കയ്യിലുള്ള ഡേറ്റ വെച്ച് അഫിഡവിറ്റ് കൊടുത്തെന്ന വാര്‍ത്ത വന്നതിന്റെ പിറകേ കേരളത്തിന്റെ ജനകീയ ആരോഗ്യ പ്രസ്ഥാനങ്ങളുടെ മുഖമൂടി ആയിരുന്ന, കൊവിഡ് മാനേജ്മെന്റ് കമ്മറ്റിയുടെ ചെയര്‍മാന്‍ ആയ ഡോ. ബി ഇക്ബാല്‍ പറഞ്ഞത് ആസ്ട്രസെനക്കയ്ക്ക് ഇത്തെരത്തില്‍ ഒരു അഭിപ്രായം പറയാന്‍ യോഗ്യതയില്ല എന്നാണ്. ശാസ്ത്രീയമായി ശരിയല്ല എന്ന രീതിയില്‍ കമ്പനിയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്.

ഒരു രോഗത്തെ ലോക പകര്‍ച്ചവ്യാധി ആയി പ്രഖ്യാപിക്കുന്നതിന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന ചില പ്രോട്ടോകോളുകളുണ്ട്. പൊതുവേ മരണ നിരക്കും പകര്‍ച്ച നിരക്കും ഗുരുതരാവസ്ഥയില്‍ ആകുന്നവരുടെ എണ്ണത്തിന്റെ കണക്കും കുറഞ്ഞ അളവ് മാത്രമുള്ള സമത്ത്, ഈ രോഗത്തെ വേണ്ടത്ര സമയം എടുത്ത് നിരീക്ഷിക്കുകയോ, പഠിക്കുകയോ, മരുന്ന് അന്വേഷിക്കുകയോ ചെയ്യാതെ വളരെ പെട്ടെന്ന് അതുവരെ ഉണ്ടായിരുന്ന രീതിശാസ്ത്രത്തില്‍ നിന്നും വ്യത്യസ്തമായി പാന്‍ഡമിക് ആയി പ്രഖ്യാപിക്കുകയായിരുന്നു എന്നുള്ളത് അന്ന് മുതല്‍ തന്നെ ജനപക്ഷത്ത് നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ലോക വ്യാപകമായി തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു.’, ഡോ. ഹരി പിജി പറഞ്ഞു.

‘വളരെ പെട്ടെന്നാണ് നാളിതുവരെ ഉണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായി പുതിയ മെത്തേഡുകളുള്ള വാക്സിനുകള്‍ രംഗത്ത് വരികയും അത് വ്യാപകമായി ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നത്. ആ സമയത്ത് തന്നെ ഇതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചും സുരക്ഷിതത്തെ കുറിച്ചും എഫക്ടീവിനെ കുറിച്ചും ആശങ്ക ഉയര്‍ന്നിരുന്നു. ഇപ്പോഴും ഇതിന്റെ എഫക്റ്റീവ്നെസിനെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. വാക്‌സിന്‍ കൊടുത്ത് കഴിഞ്ഞതിന് ശേഷമാണ് ഇതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

യുകെയില്‍ നഷ്ടപരിഹാരം കൊടുക്കേണ്ട കേസുകള്‍ കൂടി വരികയാണ്. അതുകൊണ്ടാണ് ആസ്ട്രസെനക്ക ഇപ്പോള്‍ കുറ്റം ഏറ്റുപറഞ്ഞിരിക്കുന്നത്. നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്നും മാറി നില്‍ക്കാനും കൂടുതല്‍ ബാധ്യതകള്‍ ഉണ്ടാവാതിരിക്കാനുമാണ് കോര്‍പറേറ്റ് കമ്പനി എന്ന നിലയില്‍ ആസ്ട്രസെനെക്ക കുറ്റം സമ്മതിച്ചിരിക്കുന്നത്. ഇത് ആരോഗ്യ രംഗത്ത് പുതിയതല്ല. വാക്സിനേഷന്‍ തുടങ്ങിയ സമയത്ത് സുരക്ഷിതമല്ല എന്ന് പറഞ്ഞത് വിദഗ്ധര്‍ അംഗീകരിക്കാന്‍, നിയമ വ്യവസ്ഥ അംഗീകരിക്കാന്‍ നാലു വര്‍ഷം എടുത്തു. അപ്പോള്‍ പോലും അറിഞ്ഞോ അറിയാതേയോ ദുരന്ത മുഖത്ത് നില്‍ക്കുന്ന സാധാരണക്കാര്‍ എന്തുചെയ്യണം എന്ന് ചോദിയ്ക്കാന്‍ ആരും തയ്യാറല്ല.

സാമൂഹികമായി ഒറ്റപ്പെടുത്തല്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍, സമൂഹത്തില്‍ സംഭവിക്കാന്‍ പോകുന്ന സാമ്പത്തിക പ്രശ്നങ്ങള്‍, അതുവഴി ഉണ്ടാകുന്ന ദുരന്തം തുടങ്ങിയ മറ്റു ഘടകങ്ങളെ കുറിച്ചൊന്നും ചിന്തിക്കാതെ ഉപയോഗിച്ച് സുരക്ഷിതമാണ് എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത ഒരു പ്രതിരോധ മരുന്ന് വ്യാപകമായി ഉപയോഗിക്കുകയാണ്. ഇന്ത്യയില്‍ അടക്കം കഴിഞ്ഞ ദിവസം ഇറങ്ങിയ വാക്സിന്‍ ബോട്ടിലില്‍ എമര്‍ജന്‍സി യൂസ് എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ സുരക്ഷിതമാണ് എന്നല്ല.

വാക്‌സിന്‍ വികസിപ്പിച്ച അന്ന് മുതല്‍ തന്നെ നിയമപരമായ സാങ്കേതികത്വം പറഞ്ഞ് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മറികടക്കാനുള്ള വഴികള്‍ ആസ്ട്രസെനക്ക അടക്കമുള്ള കോര്‍പറേറ്റുകള്‍ ചെയ്യുന്നുണ്ട്. ഇപ്പോഴും ചെയ്യുന്നുണ്ട്. ഈ പിന്‍വലിക്കല്‍ അടക്കം അതിന്റെ ഭാഗമാണ്. വീണ്ടും ഇരയാക്കപ്പെടുന്നത് ഇവിടുത്തെ സാധാരണക്കാരാണ്. ആസ്ട്രസെനക്ക ആണെങ്കിലും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണെങ്കിലും ഫൈസര്‍ ആണെങ്കിലും ജനങ്ങളെ വിഡ്ഢിയാക്കുകയാണ്. ഞങ്ങള്‍ അന്നേ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് ഇവരിപ്പോള്‍ പറയുന്നത്.”, ഡോ. ഹരി പിജി പറയുന്നു.

ഡോ. ബി ഇക്ബാല്‍ screengrab, copyright: Wikipedia

”പതഞ്ചലിക്കെതിരെ കോടതിയില്‍ പോയ ഐഎംഎ ഈ കാര്യത്തില്‍ ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. വാക്സിന്‍ അടക്കമുള്ള സാധങ്ങളില്‍ പൊതുജനങ്ങള്‍ പുലര്‍ത്തേണ്ട ജാഗൃതയും വാക്‌സിനുമായി ബന്ധപ്പെട്ട അപകടങ്ങളും ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പറയേണ്ടി വരികയാണ്. ആരോഗ്യത്തെ ബാധിക്കും എന്ന ഭയത്തിലല്ല ആളുകള്‍ വാക്സിന്‍ എടുത്തത്. സാമൂഹിക ജീവിതത്തില്‍ ഒറ്റപ്പെടുത്തും എന്ന ഭയത്തിലാണ്. സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടില്ല എന്നും ബസ്സില്‍ കയറാന്‍ സമ്മതിക്കില്ല, റേഷന്‍ കടയില്‍ നിന്നും റേഷന്‍ കിട്ടില്ല എന്നൊക്കെയുള്ള ഭയത്തില്‍ നിന്നുപോലുമാണ് ആളുകള്‍ വാക്സിന്‍ എടുത്തത്.

ഏപ്രില്‍ 30 ന് യുകെ കോടതിയില്‍ അവര്‍ അഫിഡവിറ്റ് കൊടുത്തു. രണ്ടാം തീയതി സുപ്രീംകോടതിയുടെ ഒരു ബെഞ്ച് ഇവിടെയുണ്ടായിട്ടുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പരാതി കേള്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. അപ്പോഴും ഡേറ്റ് തീരുമാനിച്ചിട്ടില്ല. സര്‍ക്കാരിന്റെ കയ്യിലുള്ള കണക്ക് യഥാര്‍ത്ഥ കണക്കുകളെക്കാള്‍ വളരെ കുറവാണ്. ആയിരത്തി സംതിംഗ് ആണ് ഔദ്യോഗിക കണക്ക് പ്രകാരം ഇന്ത്യയില്‍ സംഭവിച്ചിട്ടുള്ള പാര്‍ശ്വഫലം. പക്ഷേ ആസ്ട്രസെനക്ക പറയുന്ന ശതമാനം വെച്ച് ആയാല്‍ പോലും അതിന്റെ എത്രയോ കൂടുതല്‍ ആവണം. ഈ കണക്കുകള്‍ ഒന്നും ആരോഗ്യ വകുപ്പിന്റെ കയ്യിലില്ല.

ആരോഗ്യ രംഗത്തെ നയരൂപീകരണ സമതികള്‍ അല്ല, കോര്‍പറേറ്റ് കമ്പനികളുടെ അനുകൂലികള്‍ ആണ് വാക്സിന്‍ എന്ന നിലപാടിലേയ്ക്ക് എത്തിച്ചത്. ജോസഫ് പുളിയേല്‍ അടക്കമുള്ള ആളുകള്‍ 2022ല്‍ കേസിന് പോയത് കൊണ്ടാണ് വാക്സിന്‍ നിര്‍ബന്ധമല്ല എന്ന രീതിയിലേയ്ക്ക് ഒരു ഇടക്കാല വിധി വരുന്നത്. അപ്പോഴും നമ്മള്‍ ഭയന്നത് ആരോഗ്യത്തെയല്ല. സമൂഹിക ജീവിതത്തെയാണ്. സമൂഹത്തില്‍ ഒറ്റപ്പെടുത്തും എന്ന ഒറ്റക്കാരണം കൊണ്ടാണ്.’, ഡോ. ഹരി പിജി പറഞ്ഞു.

‘ഡോ. ഇക്ബാല്‍ പറഞ്ഞത് പാര്‍ശ്വഫലങ്ങളെക്കാളും ഗുണം ഉണ്ട് എന്നാണ്. വാക്സിന്‍ സൈഡ് ഇഫക്റ്റുണ്ട് എന്ന് മാത്രമല്ല ഇത് ഫലപ്രദമല്ല എന്നുള്ളത് മുങ്ങിപ്പോവുകയാണ്. ബൂസ്റ്റര്‍ ഡോസ് അടക്കമുള്ള വാക്സിന്‍ എടുത്ത എത്ര പേര്‍ക്ക് കൊവിഡ് വന്നു എന്നും കൊവിഡ് വന്നവരില്‍ എത്ര പേര്‍ വാക്സിന്‍ എടുത്തവര്‍ ആണെന്നും എന്തുകൊണ്ട് നാളിതുവരെയുള്ള ഒരു വൈറസിനും സംഭവിക്കാത്ത തരത്തില്‍ വേഗത്തില്‍ മ്യൂട്ടേഷന്‍ സംഭവിച്ചുകൊണ്ട് പുതിയ വേരിയന്റും സബ് വേരിയന്റും ആയിട്ടുള്ള വൈറസ് ഉണ്ടാവുകയും ചെയ്യുന്നു? ഈ വൈറസിനെ നിലവിലുള്ള വാക്സിന്‍ കൊണ്ട് തടയാന്‍ പറ്റാത്തത് എന്തുകൊണ്ടാണ്? അപ്പോള്‍ പിന്നെ വാക്സിന്‍ തിയറി അടക്കം തെറ്റല്ലേ. അങ്ങനെ കുറെയധികം കാര്യം പരിശോധിക്കാനുണ്ട്.

വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജന്‍സിയല്ല എന്നും ഫീല്‍ഡ് ട്രയല്‍ നടത്താന്‍ കരാര്‍ കൊടുത്ത കമ്പനി മാത്രമാണ് എന്നുമുള്ള നിലപാടാണ് കേരളത്തിലെ കൊവിഡ് മാനേജ്മെന്റ്റ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞിരുന്നത്. നാലു വര്‍ഷം ആ മരുന്ന് ഉപയോഗിച്ച് കഴിയുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കോടതിയില്‍ അവര്‍ കൊടുക്കുന്ന റിപ്പോര്‍ട്ടിനെ ഈ രീതിയിലൊക്കെ ചോദ്യം ചെയ്യുക എന്നുള്ളത് വളരെ മോശമാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ പ്രതിസ്ഥാനത്ത് നിര്‍ത്താതിരിക്കാന്‍ വേണ്ടി വേവലാതിയോടു കൂടി അവരെ രക്ഷിച്ചെടുക്കാനുള്ള ശ്രമം ആണിത്. അദ്ദേഹത്തിന്റെ ഇതുവരെ ഉണ്ടാക്കിയെടുത്ത ജനകീയ മുഖമാണ് തുറന്നുകാട്ടപ്പെടുന്നത്.

ആദ്യ ഘട്ടത്തില്‍ കൊവിഡം വൈറസ് നമ്മുടെ ശരീരത്തില്‍ കയറുമ്പോള്‍ ഉണ്ടാകുന്ന ശരീരത്തിന്റെ അമിത പ്രതികരണം കൊണ്ടാണ് മരണം സംഭവിക്കുന്നത് എന്ന രീതിയില്‍ പഠനം ഉണ്ടായിരുന്നു. ശരീരത്തിന്റെ പ്രതിരോധ പ്രതികരണ ശേഷിയെ നിയന്ത്രിക്കുന്ന ഒരു ഘടകത്തിന്റെ പ്രവര്‍ത്തനത്തെ കുറയ്ക്കുന്ന തരത്തില്‍ പഠനവും കാര്യങ്ങളും ഇല്ലാതെ എച്ച്സിക്യു കൊടുത്തത് കൊണ്ടാണ് മരണം കൂടിയത് എന്നും പറയുന്നു. ഇതില്‍ മൊത്തത്തില്‍ വൈരുദ്ധ്യമുണ്ട്. 22 ദിവസത്തിനുള്ളില്‍ പാര്‍ശ്വഫലം ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും എന്നാണ് വാക്സിനെ പിന്തുണക്കുന്നവര്‍ പറഞ്ഞത്. അതുകൊണ്ട് ഇവിടെ വരാവുന്ന പാര്‍ശ്വഫലങ്ങള്‍ വന്നുകഴിഞ്ഞു എന്നാണ് ഇവര്‍ പറഞ്ഞുവെക്കുന്നത്.

വാക്‌സിന് ഗുണമുണ്ടോ ദോഷമുണ്ടോ എന്ന് പഠനം നടത്തിയിട്ടില്ല. വാക്‌സിന്‍ ശാശ്വതമല്ല എന്നുള്ളത് ആസ്ട്രസെനക്കയ്ക്ക് അല്ലാതെ ആര്‍ക്കാണ് പറയാന്‍ പറ്റുക. ബാലിശമായ വാദമാണ് അദ്ദേഹം നടത്തിയത്. ഒരു ഡോക്ടര്‍ പറയാന്‍ പാടില്ലാത്തതാണത്. കക്ഷി രാഷ്ട്രീയക്കാരുടെ ക്യാപ്സൂള്‍ ഫാക്ടറികള്‍ ഇറക്കുന്ന ക്യപ്സൂളിനേക്കാള്‍ മോശമായിപ്പോയി ആരോഗ്യ വിദഗ്ധന്‍ പറഞ്ഞ കാര്യങ്ങള്‍. പേറ്റന്റ് ഉള്ള സാധനം സുരക്ഷിതമാണോ അല്ലയോ എന്ന് കമ്പനിയല്ലേ പറയേണ്ടത്.

യുകെ പോലുള്ള മെച്ചപ്പെട്ട സാമൂഹിക സാഹചര്യമുള്ള ഒരു രാജ്യത്ത് ഈ വാക്സിന്‍ വ്യാപകമായി വിതരണം ചെയ്യുമ്പോള്‍ ഇത്ര ശതമാനം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നു എന്ന് കമ്പനി തന്നെ പറയുന്നു. സാമൂഹികമായ ഘടകം മാറ്റിവെച്ചാല്‍ അതേ ലിവിംഗ് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇന്ത്യയില്‍ എന്ന് കണക്കാക്കുക. അങ്ങനെയാണെങ്കില്‍ പോലും ഇവിടെ വിതരണം ചെയ്ത വാക്സിന്‍ ഡോസുകളുടെ എണ്ണം വെച്ച് ലക്ഷക്കണക്കിന് കേസുകളും പാര്‍ശ്വഫലങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു ഡേറ്റ ഇന്ത്യയില്‍ ഉണ്ടോ എന്ന് അന്വേഷിച്ചാല്‍ ആരുടെ കയ്യിലും ഇല്ല. അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? പുതിയൊരു വാക്സിന്‍ ഉപയോഗിച്ച് വരുമ്പോള്‍ ഏറ്റവും പ്രാഥമികമായ വിവരങ്ങള്‍ പോലും സൂക്ഷിക്കാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണ്? ഇത്തരം കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതുണ്ട്.’, ഡോ. ഹരി പിജി കൂട്ടിച്ചെര്‍ത്തു.

കോവിഷീല്‍ഡ് വാക്‌സിന്റെ പാര്‍ഷഫലത്തെ കുറിച്ച് കോടതിയില്‍ നല്‍കിയ മൊഴിയില്‍ ആശങ്ക വേണ്ടതില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകനായ ഡോ. ബി. ഇക്ബാല്‍ പറഞ്ഞത്. ദശലക്ഷക്കണക്കിന് ആളുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലാതെ വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും വാക്സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജന്‍സിയല്ലെന്നും മരുന്നിന്റെ പേറ്റന്റ് കൈവശമുള്ളതിനാല്‍ ആസ്ട്രസെനെക്ക കോടതിയില്‍ മൊഴി കൊടുത്തതാവാമെന്നുമാണ് ഡോ. ബി. ഇക്ബാല്‍ അഭിപ്രായപ്പെട്ടത്.

”വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകളും അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. വാക്‌സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂര്‍വമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ നേട്ട കോട്ട വിശകലനം നടത്തി, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങള്‍ കോവിഷീല്‍ഡിന്റെ അപകടസാധ്യതകള്‍, നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ വളരെ അപൂര്‍വ്വമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല കൊവിഡാനന്തര അവസ്ഥ/സിന്‍ഡ്രോമിന്റെ (Post Covid Condition/Syndrome) ഭാഗമായി രക്തകട്ടകള്‍ ഉണ്ടാകാം (ത്രോംബോ എംബോളിസം), പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം പോലുള്ള രോഗാവസ്ഥയുള്ള പ്രായമായവരിലും എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. വാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും നേരത്തെ കൊവിഡ് വന്നിരിക്കാന്‍ സാധ്യതയുണ്ട്. ചിലരെ രോഗലക്ഷണമില്ലാതെ കൊവിഡ് ബാധിക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് വാക്‌സിന്‍ മൂലമെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്”, ഡോ. ബി. ഇക്ബാല്‍ പറയുന്നു.

സൈറസ് പൂനവല്ല screengrab, copyright: Wikipedia

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡിന്റെ നിര്‍മാണവും വിപണനവും ആരംഭിച്ചതിന് ശേഷം സൈറസ് പൂനവല്ലയുടെ ആസ്തിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 2022ല്‍ ഫോര്‍ബ്സിന്റെ ഏറ്റവും ധനികരായ ഇന്ത്യക്കാരുടെ പട്ടികയില്‍ അദ്ദേഹം നാലാം സ്ഥാനത്തെത്തിരുന്നു. 20.7 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയിയുള്ള സൈറസ് പൂനവല്ല അറിയപ്പെടുന്നത് തന്നെ ‘വാക്‌സിന്‍ കിംഗ്’ എന്നാണ്. 2023 ല്‍ 2.24 ബില്യണ്‍ ഡോളറായി പൂനവല്ലയുടെ ആസ്തി വര്‍ദ്ധിച്ചു.

മാത്രമല്ല, ഓക്സ്ഫോര്‍ഡിലുള്ള വാക്സിന്‍ ഗവേഷണത്തിലും നിര്‍മ്മാണ സൗകര്യങ്ങളിലും കോടിക്കണക്കിന് പൗണ്ട് നിക്ഷേപം നടത്തിയതിന് പിന്നാലെ 2023 ല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനവല്ല ലണ്ടനില്‍ 1446 കോടി രൂപയുടെ വീട് സ്വന്തമാക്കിയിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ബ്രിട്ടീഷ് ഉപസ്ഥാപനമായ സെറം ലൈഫ് സയന്‍സസാണ് വീട് ഏറ്റെടുത്തത് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്ന ആരോഗ്യ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധനികനായ സൈറസ് പൂനവല്ല ഇലക്ടറല്‍ ബോണ്ട് വഴി 2022ല്‍ ബിജെപിക്ക് 50 കോടിയോളം രൂപയാണ് സംഭാവന നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ മറ്റൊരു വാക്സിനും അനുവദിക്കാതെ കൊവിഷീല്‍ഡിന് മാത്രം കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുത്തത് ഇലക്ട്രല്‍ ബോണ്ട് വഴി ലഭിച്ച കോടികള്‍ കൊണ്ടാണെന്ന വിമര്‍ശനവും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉയരുന്നുണ്ട്. എന്തായാലും കോവിഷീല്‍ഡിന്റെ സത്യാവസ്ഥ പുറത്തുവന്ന സ്ഥിതിയ്ക്ക് മറ്റു വാക്‌സിനുകളും ജനങ്ങളില്‍ ഭയം ഉയര്‍ത്തുന്നുണ്ട്. ജനത്തിന്റെ ആശങ്കയെ അകറ്റേണ്ട സര്‍ക്കാര്‍ ആവട്ടെ പടം വെട്ടിമാറ്റി തടിയൂരുകയും ചെയ്തു.

FAQs

എന്താണ് കൊവിഡ്-19?

സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് അഥവാ കൊവിഡ്-19. 2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് വൈറസ് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യതയുള്ളത്.

എന്താണ് കോവിഷീൽഡ്?

ഓക്സ്ഫോർഡ് സർവ്വകലാശാലയും ഇംഗ്ലണ്ടിലെ ആസ്ട്രാസെനെക്ക ബഹുരാഷ്ട്ര മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിനാണ് കോവിഷീൽഡ് (AZD1222). ഇത് ഓക്സ്ഫോർഡ്- ആസ്ട്രാസെനെക്ക വാക്സിൻ എന്നും അറിയപ്പെടുന്നു. ചിമ്പാൻസികളിൽ കാണപ്പെടുന്ന അഡിനോവൈറസ് ChAdOx1 എന്ന ഇനത്തെ രൂപഭേദം വരുത്തി, വാഹകരായി ഉപയോഗിച്ചാണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. പേശികളിലേയ്ക്ക് നേരിട്ട് കുത്തിവയ്ക്കുന്ന വാക്സിനാണിത്.

എന്താണ് വാക്സിൻ?

ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം. രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശേഷിയുള്ള ശ്വേത രക്താണുക്കളെ നേരത്തെ സജ്ജമാക്കുകയാണ് വാക്സിനേഷനിൽ ചെയ്യുന്നത്.

Quotes

“ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണ്– വിർജിൽ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.