Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഇന്ത്യയുടെ ബഹിരാകാശ ലക്ഷ്യങ്ങള്‍ ദിനംപ്രതി ഉയരങ്ങള്‍ എത്തിപ്പിടിക്കുകയാണ്.

വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇസ്രോ ഗവേഷകര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തത്സമയ സ്ഥാനനിര്‍ണയവും മറ്റു സേവനങ്ങളും നല്‍കുന്ന ഒരു സ്വയംഭരണ പ്രാദേശിക സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ സംവിധാനമായ നാവിക്‌ന് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരിക്കയാണ്.

നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് 2020ന്റെ കോണ്‍ഫറന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ, ജപ്പാന്റെ ക്യുഇഎസ്എസ്എസ് എന്നിവയ്‌ക്കൊപ്പമാണ് നാവികിനേയും കോണ്‍ഗ്രസ് അംഗീകരിച്ചിരിക്കുന്നത്.

ഗതിനിര്‍ണയ മേഖലയില്‍ (നാവിഗേഷന്‍) സ്വയം പര്യാപ്തത  നേടിക്കൊണ്ടാണ് ഇന്ത്യ സ്വന്തം ജിപിഎസ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

നേരത്തെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് അമേരിക്കയുടെ ജിപിഎസ് സഹായമാണ് ഇന്ത്യ തേടിയിരുന്നത്. എന്നാല്‍ യുഎസ് സേവനം നല്‍കിയിരുന്നില്ല. കാര്‍ഗില്‍ യുദ്ധം നടക്കുമ്പോള്‍ ഇസ്രായേലിന്റെ നാവിഗേഷന്‍ സംവിധാനമാണ് ഇന്ത്യ ഉപയോഗിച്ചത്.

നാവികിന്റെ വിപണി സാധ്യതകള്‍ മുന്നില്‍ക്കണ്ട് ഒടുവില്‍ വിപണിയിലേക്ക് ഇറങ്ങുകയാണ്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വ്യവസായ വിഭാഗമായ ആന്‍ഡ്രിക്‌സ് കോര്‍പറേഷന്‍ മുന്‍കൈയെടുത്ത് രണ്ട് ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. നാവിക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചിപ്പുകളും ഉപകരണങ്ങളും നിര്‍മിക്കുകയാണ് ലക്ഷ്യം.

എട്ട് കൃത്രിമോപഗ്രഹങ്ങളാണ് നാവിക് (Navigation in Indian Constellation) സംവിധാനത്തെ നിയന്ത്രിക്കുന്നത്. ഇന്ത്യന്‍ ഭാഗത്തെ 1500 ചതുരശ്ര കിലോമീറ്ററില്‍ മാത്രമേ നമ്മുടെ നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളു.

നാവികിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 2013ല്‍ ആദ്യ ഉപഗ്രഹവും 2016 ല്‍ രണ്ടാം ഉപഗ്രഹവും ഇന്ത്യ വിക്ഷേപിച്ചിരുന്നു.

ഉപരിതല ഗതാഗതം, ചരക്കു നീക്കം, വ്യോമ-കടല്‍ നാവിഗേഷന്‍, രക്ഷാപ്രവര്‍ത്തനം, മൊബൈലുമായി ചേര്‍ന്നുള്ള സേവനം, പര്‍വതാരോഹണം പോലുള്ള സാഹസിക പ്രവര്‍ത്തികള്‍ക്ക് തുടങ്ങി നിരവധി ഉപയോഗങ്ങളാണ് നാവിഗേഷന്‍ സംവിധാനങ്ങള്‍ക്കുള്ളത്.

കഴിഞ്ഞ വര്‍ഷം കേന്ദ്ര ഗതാഗത ദേശീയപാത മന്ത്രാലയം എല്ലാ നാഷണല്‍ പെര്‍മ്മിറ്റ് വാഹനങ്ങളിലും ട്രാക്കിങ് ഡിവൈസുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. മത്സ്യബന്ധന ബോട്ടുകളിലും ഇത്തരം സംവിധാനങ്ങള്‍ അത്യാവശ്യമാണ്.

ആഗോളതലത്തില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങളുടെ നിലവാരം നിശ്ചയിക്കുന്നവരാണ് 3ജിപിപി സെര്‍ട്ടിഫിക്കേഷന്‍ നാവികിനുണ്ട്.

അടുത്ത വര്‍ഷത്തോടെ 4ജി, 5ജി ഉപകരണങ്ങളില്‍ നാവിക് നാവിഗേഷന്‍ കൂടി ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ നാവികിന് പരിഷ്‌കരിക്കുകയാണ് വാര്‍ത്താവിതരണ ഗുണനിലവാര വികസന സൊസൈറ്റിയുടെ ലക്ഷ്യം.