വാഷിംഗ്ടണ്‍:
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു.
41 അംഗ ജുഡീഷ്യറി കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങളെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 17 പേര്‍ എതിര്‍ത്തു.
ഇനി അടുത്ത കടമ്പ മുഴുവന്‍ അംഗ ജനപ്രതിനിധി സഭയില്‍ പ്രമേയം അംഗീകരിക്കപ്പെടുക എന്നതാണ്.
435 സീറ്റുള്ള ജനപ്രതിനിധി സഭയില്‍ 233 സീറ്റിലും ഡെമോക്രാറ്റുകളാണ്. 197 സീറ്റിലാണ് റിപ്പബ്ലിക്കന്‍സുള്ളത്.
ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചതോടെ പ്രമേയം പാസാകുമെന്ന് ഉറപ്പായെങ്കിലും ഇംപീച്ച്‌മെന്റ് അത്രപെട്ടെന്ന് സാധ്യമല്ല. സെനറ്റ് കൂടി അംഗീകരിക്കേണ്ടതുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള 100 അംഗ സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി ട്രംപിനെ 5 തവണ വിചാരണ ചെയ്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാം. എന്നാല്‍ സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം.
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം നടത്തുന്നതിന് യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്കു മേല്‍ സമ്മര്‍ദം ചെലുത്തി, യുകെയ്‌നിന് പ്രതിരോധ സഹായമായ 39 കോടി ഡോളര്‍ നല്‍കാതെ തടഞ്ഞുവെച്ചു, ഇത് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതുമാണ് ഇംപീച്ച്‌മെന്‍റ് നടപടിവരെ എത്തി നില്‍ക്കുന്നത്.
അതേസമയം ജുഡീഷ്യറി കമ്മിറ്റി പ്രമേയം പാസാക്കിയ ഇന്നലെ ട്രംപ് രണ്ട് മണിക്കൂറിനുള്ളില്‍ 123 ട്വീറ്റുമായി രംഗത്തെത്തി. ജുഡീഷ്യറി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് ട്വീറ്റുകളെല്ലാം.
ഒരു തെറ്റും ചെയ്തിട്ടില്ലാത്ത തന്നെ ഇംപീച്ച് ചെയ്യുന്നത് അന്യായമാണെന്നും തന്റെ നേതൃത്വത്തില്‍ രാജ്യം നല്ല നിലയില്‍ മുന്നേറുകയാണെന്നും ട്രംപ് വികാരനിര്‍ഭരനായി ട്വീറ്റ് ചെയ്തു.
ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. ബില്‍ ക്ലിന്റണും ആന്‍ഡ്രൂ ജോണ്‍സണുമാണ് ഇതിന് മുമ്പ് ഇംപീച്ച്‌മെന്റ് നടപടി നേരിട്ടവര്‍. ഇവരെ രണ്ടു പേരെയും സെനറ്റ് പുറത്താക്കിയിട്ടില്ല. ലോകത്തെ ശക്തരായ രാഷ്ട്രതലവന്മാരില്‍ ഒന്നാമനായ ട്രംപിനെ ഇംപീച്ച് ചെയ്ത് പുറത്താക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകജനത.