Mon. Dec 23rd, 2024
ചെെന:

ചെെനീസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി ചെെനീസ് സര്‍ക്കാര്‍. ചെെനയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിദേശ നിര്‍മ്മിത ഇലക്ട്രോണിക് ഉപകരണങ്ങളും, സോഫ്റ്റ്വെയറുകളും നീക്കം ചെയ്യാന്‍ ഭരണകൂടം ഉത്തരവിട്ടു.

അമേരിക്കയ്ക്ക് ഈ തീരുമാനം കടുത്ത ആഘാതം സൃഷിടിക്കുമെന്നാണ് വിലയിരുത്തല്‍. ചെെനയുടെ വാവെയ് ഉള്‍പ്പെടെയുള്ള ഏതാനും കമ്പനികളുടെ ടെലികോം ഉപകരണങ്ങള്‍ക്കും, സേവനങ്ങള്‍ക്കും ഈയടുത്താണ് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് ചെെന ഇത്തരമൊരു നീക്കത്തിലൂടെ മറുപടി നല്‍കുന്നത്.

കഴിഞ്ഞ ദിവസം അമേരിക്ക, ചൈനക്ക് മേല്‍ ചുമത്തിയ വ്യാപാര തീരുവ 50 ശതമാനം വെട്ടികുറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ചില ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അമേരിക്കയെ ഒരിക്കലും വിശ്വസിക്കാനാകില്ല എന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്.

അമേരിക്കയും, ചെെനയും തമ്മിലുള്ള വ്യാപാരയുദ്ധം അയയുന്നതിന്‍റെ ലക്ഷണങ്ങളായാണ് തീരുവ കുറയ്ക്കല്‍ നടപടി പൊതുവെ വിലയിരുത്തിയിരുന്നത്. എന്നാല്‍, ചെെന ഈ നടപടി ഭാവിയില്‍ വരാനിരിക്കുന്ന വന്‍ ദുരന്തത്തിന്‍റെ സൂചനയായി കണ്ട്  ഭാവി സുരക്ഷിതമാക്കാനുള്ള നീക്കമാണിപ്പോൾ നടത്തുന്നത്.

ചൈനയെ വലിയ വിപണിയായി കാണുന്ന വിദേശ ബ്രാൻഡുകൾക്ക് വലിയ തിരിച്ചടിയാകും ചെെനയുടെ ഈ നടപടി. മാത്രമല്ല, മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റവും ഗൂഗിൾ ആൻഡ്രോയ്ഡ് ഒഎസും ചൈനീസ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നു പുറത്താക്കപ്പെടും.

 

 

By Binsha Das

Digital Journalist at Woke Malayalam