Wed. Dec 18th, 2024
കൊച്ചി:

സംവിധായകരായ ലിജോ ജോസ് പെല്ലിശേരി, എം എ നിഷാദ്, നടി പാര്‍വതി തിരുവോത്ത് എന്നിവര്‍ക്ക് പിന്നാലെ യുവനടന്‍ സണ്ണിവെയ്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുകയാണ്. വംശീയ വിദ്വേഷ ആശയത്തിലൂന്നി 1943ല്‍ അമേരിക്കയില്‍ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കര്‍’ എന്ന ഹ്രസ്വചിത്രത്തിലെ രംഗമാണ് പ്രതിഷേധ സൂചകമായി സണ്ണി വെയ്ന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാര്‍ ആണ് ഹ്രസ്വ ചിത്രം പുറത്തിറക്കിയത്. അമേരിക്കന്‍ പൗരന്‍ അവിടെയുള്ള തെരുവില്‍ നടത്തുന്ന വിദ്വഷ പ്രസംഗമാണ് സണ്ണി വെയ്ന്‍ ഒരു അടിക്കുറിപ്പും നല്‍കാതെ പങ്കുവെച്ചിരിക്കുന്നത്. ഈ രംഗത്തിലൂടെയാണ് ഹ്രസ്വ ചിത്രം ആരംഭിക്കുന്നത്.

‘രാജ്യത്ത് നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടിട്ട് എന്റെ രക്തം തിളയ്ക്കുന്നു. കൈയില്‍ പണമുള്ള വിദേശികളെ ഞാനിവിടെ കാണുന്നു. എനിക്കും നിങ്ങള്‍ക്കും കിട്ടേണ്ട ജോലി കൈക്കലാക്കിയ നീഗ്രോകളെ ഞാന്‍ കാണുന്നു. ഇതിനിയും നമ്മള്‍ അനുവദിക്കുകയാണെങ്കില്‍ എന്താണ് യഥാര്‍ത്ഥ അമേരിക്കകാര്‍ക്ക് സംഭവിക്കുക?’, എന്ന് ചോദിക്കുന്ന പ്രാസംഗികന്‍, രാജ്യത്തുനിന്ന് നീഗ്രോകളെയും കത്തോലിക്ക വിഭാഗക്കാരെയും വിദേശികളെയും പുറത്താക്കാന്‍ ആഹ്വാനം ചെയ്യുകയാണ് ചെയ്യുന്നത്.


ഇതിനിടെ ഒരു കല്‍പ്പണിക്കാരനും, പ്രൊഫസറും ഈ പ്രസംഗത്തെ കുറിച്ച് പരസ്പരം സംസാരിക്കുന്നതും ഈ രംഗത്തിലുണ്ട്. പ്രസംഗത്തിന്‍റെ ആദ്യഘട്ടത്തില്‍ അതില്‍ ആകൃഷ്ടനാകുന്ന കല്‍പ്പണിക്കാരന്‍, വിദേശികള്‍ക്കും, നീഗ്രോകള്‍ക്കുമൊപ്പം കല്‍പ്പണിക്കാരെയും അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ അസ്വസ്ഥനാകുന്നുണ്ട്.

ഈ പറഞ്ഞവരെല്ലാം നമ്മുടെ ശത്രുക്കളാണെന്ന് പ്രാസംഗികന്‍ പറയുമ്പോള്‍ ഹംഗേറിയയില്‍ നിന്നും പാലായനം ചെയ്ത് അമേരിക്കൻ പൗരത്വം സ്വീകരിച്ച പ്രൊഫസര്‍ കല്‍പ്പണിക്കാരന് പ്രസംഗത്തിലെ വിദ്വേഷത്തെ കുറിച്ച് വിശദീകരിക്കുന്നതും ഹ്രസ്വചിത്രത്തില്‍ കാണാം.

By Binsha Das

Digital Journalist at Woke Malayalam