Wed. Jan 22nd, 2025

ന്യൂ ഡൽഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  കോൺഗ്രസിന്റെ നേത്യത്വത്തിൽ ഡൽഹി രാംലീലാ മൈതാനത്ത്  സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിലാണ് രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചത്.

മോദി ഒറ്റക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർത്തു. രാജ്യം നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും യുവാക്കള്‍ക്കു തൊഴില്‍ നല്‍കാനുമാണ്. പക്ഷെ മോദി അതു ചെയ്തിട്ടില്ല. പകരം ജനങ്ങളുടെ പോക്കറ്റില്‍ നിന്നു പണമെടുത്ത് വ്യവസായികള്‍ക്കു നല്‍കി. മോദി രാജ്യത്തെ വിഭജിക്കുകയാണ്. അദ്ദേഹത്തിന് ആകെ ആശങ്ക അധികാരത്തെക്കുറിച്ചോര്‍ത്തു മാത്രമാണെന്നും, എല്ലാ ദിവസവും മാര്‍ക്കറ്റിങ്ങിനായി അദ്ദേഹത്തെ  ടിവി യിൽ കാണാമെന്നും രാഹുൽ കുറ്റപ്പെടുത്തി. “നിങ്ങൾ  ജമ്മു കശ്മീരിലേക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും നോക്കുക, നിങ്ങള്‍ക്കു കാണാം, ആ മേഖലകള്‍ കത്തുകയാണ്. മോദി രാജ്യത്തെ വിഭജിച്ചു, ദുര്‍ബലപ്പെടുത്തി” രാഹുല്‍ കൂട്ടിച്ചേർത്തു.

ഇന്ന് ജിഡിപി വളര്‍ച്ച നാലു ശതമാനമാണ്. ജിഡിപി കണക്കാക്കാനുള്ള രീതി ബിജെപി മാറ്റിയതിനു ശേഷവും. പഴയ രീതിയിലായിരുന്നു ജിഡിപി കണക്കാക്കുന്നതെങ്കില്‍ വെറും 2.5 ശതമാനമായിരിക്കും. ഇന്ത്യയുടെ ശത്രുക്കള്‍ക്കു നമ്മുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കണമെന്നുണ്ട്. അവര്‍ക്കതു ചെയ്യാന്‍ സാധിച്ചിട്ടില്ല. പക്ഷേ, മോദി ഒറ്റയ്ക്ക് അതു ചെയ്‌തെന്നും രാഹുൽ ഡൽഹിയിൽ നടന്ന റാലിയിൽ പറഞ്ഞു.