Fri. Mar 29th, 2024
ഗുവാഹത്തി:

പൗരത്വ നിയമത്തിനെതിരെ അസമില്‍ നടക്കുന്ന തെരുവു യുദ്ധത്തിനിടയില്‍ കാരണങ്ങളൊന്നുമില്ലാതെ ചാനല്‍ കെട്ടിടത്തിനകത്തേക്ക് ഇടിച്ചു കയറി ആക്രമണം നടത്തുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സ്വകാര്യ വാര്‍ത്താ ചാനലായ പ്രാഗ് ന്യൂസിന്‍റെ ഗുവാഹത്തിയിലുള്ള ഓഫീസ് കെട്ടിടത്തിനകത്താണ് സിആര്‍പിഎഫ് ആക്രമണം നടത്തിയത്.

വ്യാഴാഴ്ച വൈകിട്ടാണ് മൂന്നാമത്തെ ഗേറ്റിലൂടെ കെട്ടിടത്തിനകത്തേക്ക് ഉദ്യോഗസ്ഥര്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ചാനലിലെ മൂന്ന് ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണിപ്പോള്‍.

https://www.instagram.com/p/B5-mDtipja_/?utm_source=ig_web_copy_link

“അതിക്രമിച്ച് അകത്ത് കയറിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഒരു സ്പോട്ട് ബോയിയെയും, മറ്റ് രണ്ടുപേരെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് റിസപ്ഷനിസ്റ്റിനെ ഉപദ്രവിക്കുകയും ഓഫീസിനകത്തുള്ള ജീവനക്കാരെ ആക്രമിക്കാനായി പിന്തുടരുകയും ചെയ്തു. പിന്നീട് ഒരു മുന്നറിയിപ്പ് നല്‍കി കെട്ടിടം വിട്ട് പുറത്ത് പോവുകയായിരുന്നു” പ്രാഗ് ന്യൂസ് എഡിറ്റര്‍ അക്ഷത നരേന്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറ‍ഞ്ഞു.

ഈ ആക്രമണത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധ പരിപാടികള്‍ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അസമിനെയും, മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെയും സംരക്ഷിക്കുന്ന നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അക്ഷത നരേന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.