Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ അനുമതി.

2018-19 സാമ്പത്തിക വര്‍ഷത്തിലെ എയര്‍ ഇന്ത്യയുടെ മൊത്തം നഷ്ടം എണ്ണായിരത്തി അഞ്ഞൂറ് കോടി രൂപയിലധികമാണ്.

50,000 കോടി രൂപയുടെ കടബാധ്യതയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയ്ക്കുള്ളത്. പ്രവര്‍ത്തനച്ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് എയര്‍ ഇന്ത്യ.

ഈ അവസരത്തിലാണ് 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ കേന്ദ്രം തയ്യാറാവുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റ് എയര്‍വെയ്സ് ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു. അതേസമയം വ്യോമയാന മേഖലയെ നവീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അടുത്ത അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 25,000 കോടി രൂപയുടെ മൂലധന നിക്ഷേപം സ്വീകരിക്കാനുള്ള നടപടികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് 2,400 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനായി സര്‍ക്കാരിന്റെ ഗ്യാരണ്ടി എയർഇന്ത്യ ആവശ്യപ്പെട്ടത്.

എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുന്നതിലൂടെ ആര്‍ക്കും തൊഴില്‍ നഷ്ടമാകില്ലെന്നും ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും കഴിഞ്ഞ മാസം ഹര്‍ദീപ് സിങ് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിനൊപ്പം, എയര്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് എക്‌സ് പ്രസ് ഓഹരികളും വില്‍ക്കുന്നുണ്ട്.

എയര്‍ ഇന്ത്യ നവീകരിക്കാനായി ഏപ്രില്‍ 2012 ന് കേന്ദ്ര സര്‍ക്കാര്‍ ഒരു ടേണ്‍ എറൗണ്ട് പ്ലാനിന് അംഗീകാരം കൊടുത്തിരുന്നു.

എങ്കിലും എയര്‍ ഇന്ത്യയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനായില്ല. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം എങ്ങനെ ബാധിക്കും എന്ന ആശങ്കയിലാണ് ഇരുപത്തെണ്ണായിരത്തോളം വരുന്ന  ജീവനക്കാര്‍.