Sat. Apr 20th, 2024
തിരുവനന്തപുരം:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് സമരപരിപാടികളിലേക്ക് നീങ്ങുന്നു. ഡിസംബര്‍ 16ന് രാവിലെമുതല്‍ ഉച്ചവരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കമാണെന്നാണ് ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും നിലപാട്. കേരളത്തില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. നിയമത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ കക്ഷി ചേരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍, കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശ്രമിക്കുമെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും, മുഖ്യമന്ത്രി ആവശ്യം അംഗീകരിക്കുകയും ചെയ്തു.

തിങ്കളാഴ്ച നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ എല്ലാ കക്ഷിനേതാക്കളും പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് പ്രക്ഷോഭത്തില്‍ അണിചേരും.