Tue. Apr 30th, 2024
ന്യൂഡൽഹി:

മുതിർന്ന പൗരൻമാരുടെ പരിപാലനം,ക്ഷേമം എന്നിവ  ഉറപ്പുവരുത്തുന്ന ഭേദഗതി ബിൽ ലോകസഭയില്‍ അവതരിപ്പിച്ചു.മാതാപിതാക്കൾ, മുതിർന്ന പൗരൻമാർ എന്നിവരെ മക്കളോ,മരുമക്കളോ ഉപേക്ഷിച്ചാൽ ജയിലിനകത്താകുന്നതാണ് ബിൽ. ഇവർക്ക് നേരെ ശാരീരിക ഉപദ്രവം, മാനസിക പീഡനം, മോശംവാക്ക് ഉപയോഗിക്കൽ, മുറിവേൽപിക്കൽ ചെയ്താൽ ശിക്ഷാർഹമാക്കും.

മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പ് വരുത്തിയില്ലെങ്കിൽ മക്കൾ, കൊച്ചുമക്കൾ, മരുമക്കൾ എന്നിവർക്കെതിരെ സംസ്ഥാന ട്രൈബ്യൂണലുകളിൽ പരാതി നൽകാം. വസ്ത്രം, ഭവനം, ആരോഗ്യ പരിചരണം, സുരക്ഷ, ഭക്ഷണം എന്നിവ ലഭ്യമാക്കേണ്ട ചുമതല സംരക്ഷകർക്കായിരിക്കും. സംരക്ഷകർ പ്രതിമാസം നൽകേണ്ട  ട്രൈബ്യൂണൽ ആയിരിക്കും തീരുമാനിക്കുക. മുൻപുണ്ടായിരുന്ന ജീവനാംശം പരമാവധി 10,000 രൂപയെന്ന വ്യവസ്ഥയാണ് ഇപ്പോൾ ഒഴിവാക്കിയത്.

മുതിർന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ഓരോ പോലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ റാങ്കിൽ കുറയാത്ത പോലീസിനെ ചുമതല ഏൽപ്പിക്കണം. അതോടൊപ്പം ഓരോ ജില്ലയിലും ഡപ്യൂട്ടി സൂപ്രണ്ടിന്റെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനു കീഴിൽ പ്രത്യേക പൊലീസ് സ്റ്റേഷൻ ഉണ്ടായിരിക്കണം. സംസ്ഥാന ഹെല്‍പ് ലൈന്‍ സംവിധാനം പ്രവർത്തനക്ഷമമാക്കണമെന്നും വ്യവസ്ഥയിലുണ്ട്. കുറ്റം ചെയ്താൽ  6 മാസം വരെ തടവും 10,000 രൂപയുമാണ് പിഴ നൽകേണ്ടി വരുക. മുൻപ് ഉണ്ടായിരുന്ന 2007 ലെ ബില്ലിൽ 3 മാസം തടവും 5000 രൂപ പിഴയുമെന്ന വ്യവസ്ഥ ഭേദഗതി ചെയ്താണ് പുതിയത് വ്യവസ്ഥ ലോകസഭയിൽ അവതരിപ്പിച്ചത്.