Fri. May 17th, 2024

ബെംഗളുരു; ലൈംഗികാരോപണകേസിൽ കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി കോര്‍ കമ്മിറ്റി മീറ്റിങ്ങിന് ശേഷമാണ് പ്രജ്വലിന്റെ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്.

കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം പ്രജ്വലിനെ പുറത്താക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവും ജെഡിഎസ് എംഎല്‍എയുമായ എച്ച് ഡി രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇവരെ പുറത്താക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടതോടെയാണ് നടപടിയെടുത്തത്.

പ്രജ്വലുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദം തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ നല്‍കിയത്.

അതേസമയം, അശ്ലീല വീഡിയോ പ്രചരിക്കുന്നതില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കാൻ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു.

വീഡിയോ മോര്‍ഫ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും വോട്ടര്‍മാരുടെ മനസില്‍ വിഷം കുത്തിവെക്കാനുമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും പ്രജ്വല്‍ പരാതി നല്‍കിയിരുന്നു.