Fri. Apr 26th, 2024

ന്യൂഡല്‍ഹി:

തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവും കാരണം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്.

വായ്പകള്‍ക്ക് ആവശ്യകത കുറഞ്ഞതും വളര്‍ച്ച ഇടിയാന്‍ കാരണമാകും. 2020-2021 വര്‍ഷത്തോടെ വളര്‍ച്ച 6.5 ശതമാനമായി ഉയരുമെന്നും എഡിബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന സാമ്പത്തിക നയങ്ങളുടെ ഭാഗമായാവും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച കൈവരിക്കുക എന്നാണ് നിഗമനം.

രാജ്യത്ത് കോര്‍പ്പറേറ്റ് നികുതി കുറച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതും പൊതുമേഖലാ ബാങ്കുകളില്‍ കൂടുതല്‍ മൂലധനമിറക്കുന്നതും സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്ന് എഡിബി വിലയിരുത്തി.

ഇന്ത്യയ്ക്ക് പുറമെ ചൈനയിലെ വളര്‍ച്ചയും മന്ദഗതിയിലാവും. ഈ വര്‍ഷം 6.1% മാണ് ചൈനയുടെ വളര്‍ച്ച ഇത് അടുത്ത വര്‍ഷം 5.8 ശതമാനമായി കുറയും. വ്യാപാര പിരിമുറുക്കവും ഉണ്ടാവും.

യുഎസ്-ചൈന വ്യാപാരക്കരാര്‍ അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും സമവായത്തിലെത്തിയാല്‍ വളര്‍ച്ച ത്വരിതപ്പെടും.

സാമ്പത്തികമായും സാമൂഹികമായും പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യമാണ് ഹോങ്കോങ്. ഹോങ്കോങ്ങിന്റെ വളര്‍ച്ച ഈ വര്‍ഷം 1.2 ശതമാനം ചുരുങ്ങുകയും അടുത്ത വര്‍ഷം 0.3% വളര്‍ച്ച കൈവരിക്കുകയും ചെയ്യും.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ പല രാജ്യങ്ങളിലും കയറ്റുമതില്‍ കുറവുണ്ടായിട്ടുണ്ട്. നിക്ഷേപം ദുര്‍ബലവുമാണ്.

മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ കസാഖിസ്ഥാനില്‍ പൊതുചെലവ് വര്‍ദ്ധിച്ചതിനാല്‍ മധ്യേഷ്യയില്‍ വളര്‍ച്ചയില്‍ പ്രശ്‌നങ്ങളൊന്നുമില്ല.