Fri. Nov 22nd, 2024
#ദിനസരികള്‍ 967

യാത്രാവിവരണങ്ങള്‍ വായിക്കുക എന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അത്തരം പുസ്തകങ്ങളുടെ ഒരു കൊള്ളാവുന്ന ശേഖരം എനിക്കുണ്ട്. എസ് കെ പൊറ്റക്കാടുമുതല്‍ സക്കറിയയും രവീന്ദ്രനും ഇങ്ങേയറ്റം സന്തോഷ് ഏച്ചിക്കാനം വരെയുള്ള ഒരു നീണ്ടനിര എഴുത്തുകാരുടെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ അതിലുണ്ട്.

എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഞാന്‍ വളരെക്കുറച്ചു മാത്രം വായിക്കാറുള്ളതും യാത്രാവിവരണം തന്നെയാണ് എന്നതാണ് ഈ കഥയിലെ രസകരമായ ഒരു വസ്തുത. എന്നിരുന്നാലും ദീര്‍ഘമായി കെട്ടിയിടപ്പെട്ട ദിവസങ്ങളുടെ അവസാനം കൊള്ളാവുന്ന ഏതെങ്കിലുമൊരു യാത്രാവിവരണത്തിലേക്ക് ഞാന്‍ കൂപ്പുകുത്തുകയും രസകരമായ ഒരു യാത്രയുടെ പ്രതീതിയുമായി മുങ്ങിയുണരുകയും ചെയ്യുന്നു.

ദീര്‍ഘദീര്‍ഘമായ ഒരു യാത്ര കഴിഞ്ഞെത്തുന്ന അനുഭൂതി അങ്ങനെ നമുക്ക് ലഭിക്കുന്നു. നല്ലൊരു പുസ്തകം നല്ലൊരു യാത്രാ അനുഭവം തന്നെ നമുക്ക് നല്കുമെന്ന് സ്വാനുഭവത്തില്‍ നിന്നും സാക്ഷ്യപ്പെടുത്തട്ടെ.

അങ്ങനെ ഇടയ്ക്കിടയ്ക്ക് ഞാന്‍ ചെന്നു കയറുന്ന രസകരമായ ഒരിടമാണ് സജി വര്‍ഗ്ഗീസ് എഡിറ്റു ചെയ്ത് മാതൃഭൂമി പ്രസിദ്ധീകരിച്ച ധനുഷ്‌കോടി മുതല്‍ സഹാറ വരെ എന്ന പുസ്തകം. ഇതില്‍ മലയാളത്തിലെ പ്രഗല്ഭരും പ്രശസ്തരുമായ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ പല ലേഖനങ്ങളിലൂടെയായി ഒന്നിച്ചെഴുന്നള്ളുകയാണ്.

പല സ്ഥലങ്ങളിലേക്ക്, പല കാലങ്ങളിലേക്ക്, പല ജീവിതങ്ങളിലേക്ക്, പല സംഭവങ്ങളിലേക്ക് അവര്‍ നടത്തിയ യാത്രകളുടെ കമനീയമായ ഒരു ശേഖരമാണത്. പല യാത്രകളുടെ പല പല അനുഭവങ്ങള്‍. എംടിയും പുനത്തിലും എന്‍ എസ് മാധവനും രവീന്ദ്രനും ഒ കെ ജോണിയും കല്പറ്റ നാരായണനും ബി മുരളിയും ജോസഫ് ആന്റണിയും ഡോണ മയൂരയുമൊക്കെ അടങ്ങുന്ന ആ ഒരു വലിയ സംഘം നമ്മോടു പറയുന്ന കഥകള്‍ നല്ലൊരു വായനാനുഭവമാണ് പകരുന്നത്.

നിത്യസഞ്ചാരിയായ എസ് കെ പൊറ്റെക്കാടിന്റെ നൂറാം ജന്മദിനത്തിലാണ് ഈ സമാഹാരം പ്രസിദ്ധീകരിക്കപ്പെടുന്നതെന്ന് എഡിറ്റര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നു മാത്രവുമല്ല, ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്കുള്ള അലസ യാത്രകളുടെ പതിവ് സ്ഥലകാല വിവരണങ്ങളില്‍ നിന്നും വ്യത്യസ്തമായി ആഴവും അര്‍ത്ഥവും ഇവക്കോരോന്നിനുമുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വായനയില്‍ ഈ അഭിപ്രായത്തോടെ യോജിക്കുവാനായിരിക്കും നമുക്കും കഴിയുക.

വീണ്ടും വത്തിക്കാന്‍ സന്ദര്‍ശിക്കാനെത്തിയതിന്റെ ഓര്‍മയാണ് ‘ചരിത്രത്തിന്റെ ശ്മശാന ഭൂമികള്‍’ എന്ന ലേഖനത്തില്‍ എം ടി എഴുതുന്നത്. എഴുതുന്നത് എംടിയായതുകൊണ്ടുതന്നെ കലയും സാഹിത്യം ചരിത്രവുമെല്ലാം കൂടിക്കുഴഞ്ഞ രസാവഹമായ ഒരു കലര്‍പ്പായിത്തീരുന്നു ഈ കുറിപ്പ്.

“മഹായുദ്ധങ്ങളുടെ ശ്മശാന ഭൂമിയിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടുമെത്തിയിരിക്കുന്നത്. ദൈവത്തെക്കാൾ
അജയ്യനായ സീസറെ അടുത്ത സുഹൃത്തുക്കള്‍ കുത്തിക്കൊന്ന സെനറ്റു മന്ദിരം ദാ, ഈ സ്ഥലത്തായിരുന്നു. പണ്ടു വന്നപ്പോള്‍ എനിക്കു തുണയായി കിട്ടിയ ചരിത്ര വിദ്യാര്‍ത്ഥി പറഞ്ഞത് ഞാന്‍ വീണ്ടും ഓര്‍ത്തുപോയി. ചക്രവർത്തിമാർ
വിജയാഘോഷത്തിൽ നിര്‍മ്മിച്ച സൗധങ്ങളില്‍ പലതിന്റേയും അവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്നുള്ളത്.

കീഴടക്കിയ നാടുകളില്‍ നിന്നും കൊണ്ടുവന്ന അത്ഭുതവസ്തുക്കളില്‍ ചിലതൊക്കെ മ്യൂസിയത്തിലുണ്ട്. ചക്രവര്‍ത്തിമാരുടെ പേരുകളും കാലക്രമങ്ങളുമൊക്കെ ഇപ്പോള്‍ ചരിത്രവിദ്യാര്‍ത്ഥികള്‍‌ക്കേ അറിയൂ. ചില പഴമൊഴികള്‍ നീറോവിനെപ്പോലെയുള്ളവരുടെ പേരു നിലനിറുത്തുന്നുണ്ടാകാം.

എല്ലാ പടയോട്ടങ്ങളും യുദ്ധവിജയങ്ങളും എത്ര നിസ്സാരമായി കാലം മായ്ച്ചു കളയുന്നു എന്ന് ചിതറിയ കല്ലുകളുടേയും വീണു കിടക്കുന്ന സ്തൂപങ്ങളുടേയും ഇടയിലൂടെ നടക്കുമ്പോള്‍ നാം ഓര്‍മ്മിക്കുന്നു.”

ഇതുവായിക്കുമമ്പോൾ നാം ഷെല്ലിയുടെ ഒസിമേന്‍ഡിയസ്സിനെ ഓര്‍മ്മിക്കുന്നില്ലേ? മണല്‍ക്കടലിനു നടുവിലെ അപാരമായ ഏകാന്തതയില്‍ കാലംതൂത്തെറിഞ്ഞ മഹാനിര്‍മ്മിതികളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന ഒസിമേന്‍ഡിയസിനെ? കാലത്തെ വിജയിച്ചവന്‍ എന്ന ഊറ്റത്തില്‍ സ്വന്തം നേട്ടങ്ങള്‍ കൊത്തിവെച്ച ഒരു ഫലകത്തിനു സമീപം ഉടലില്‍ നിന്നും തെറിച്ചു പോയ ശിരസ്സിന്റെ പാതിയോളം മണ്ണുമൂടി അനാഥമായിക്കിടന്ന ഒസിമേന്‍ഡിയസിനെയാണ് എംടിയുടെ എഴുത്ത് ഓര്‍മ്മിപ്പിക്കുന്നത്.

പരമ്പരാഗത കേന്ദ്രങ്ങളിലേക്കല്ലാതെ തനതുവഴികളിലൂടെയുള്ള തൃഷ്ണാ സഞ്ചാരങ്ങളും ഇവിടെയുണ്ട്. ബി മുരളി, വല്ലം എന്ന തമിഴ് ഗ്രാമത്തിലേക്ക് നടത്തിയ യാത്രയെ ‘സൈക്കഡലിക്’ സഞ്ചാരം എന്നാണ് വിശേഷിപ്പിക്കുന്നത്. പേരു കേട്ടതും ആള്‍‌പ്പെരുമാറ്റമേറ്റതുമായ ഇടങ്ങളെയൊക്കെ അവഗണിച്ചു കൊണ്ട് മനസ്സില്‍ നുരപൊന്തിക്കുന്ന അസ്വസ്ഥതകളെ താലോലിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാത്ത യാത്രകള്‍ വേറെയുമുണ്ട്.

ചരിത്രസ്മാരകങ്ങളോ പ്രകൃതി ഭംഗികളോ നീട്ടിക്കാണിക്കുന്ന പരിമിതികളിലേക്ക് ചെന്നു മുട്ടി മടങ്ങുകയെന്നല്ല അത്തരം യാത്രകളുടെ ഉദ്ദേശം , മറിച്ച് ആന്തരികമായ അനുഭൂതികളെ തേടിയുള്ള അന്വേഷണങ്ങള്‍ക്ക് ശരീരത്തേയും വിട്ടുകൊടുക്കുക എന്നതാണ്. സ്വയം നിരസിക്കുന്ന, പ്രിവിലേജുകള്‍ അവസാനിക്കുന്ന നിസ്വമായ യാത്രകള്‍! അവയുടെ ആനന്ദം അമൂല്യമാണെന്ന് ചില എഴുത്തുകള്‍ ബോധ്യപ്പെടുത്തുന്നു.മലയാളികളുടെ പ്രിയപ്പെട്ട ‘ഭുജംഗയ്യന്റെ ആലനഹള്ളി’ തേടിയുള്ള കെ വി അനൂപിന്റെ യാത്രയും ഏറെ ശ്രദ്ധാര്‍ഹമാണ്.

“ആസൂത്രകരും സംരക്ഷകരുമായ പുരുഷന്മാര്‍. അവരുടെ നിര്‍‌ദ്ദേശങ്ങള്‍ക്കു പിന്നാലെ എങ്ങോട്ടാണെന്നും എങ്ങനെയാണെന്നും അറിയാത്ത യാത്രകള്‍. അത്തരം യാത്രകളല്ലാതെ ഒരു യാത്രയുടെ ആലോചന മുതല്‍ അവസാനം വരെയുള്ള എല്ലാ റിസ്കുകളും ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നൊരു പെണ്‍യാത്ര എന്ന ആലോചനയില്‍ നിന്നാണ് ഒരുമിച്ചുള്ള ഈ മൂന്നാമത്തെ യാത്ര” എന്നാണ് വാല്‍പ്പാറയിലേക്കുള്ള ഒലിച്ചുപോകലിനെക്കുറിച്ച് എം മഡോണയും കെ അപര്‍ണയും എഴുതുന്നത്. അധികാരങ്ങളില്‍ നിന്നും തെന്നിമാറി അവനവനെയൂന്നിയുള്ള അത്തരം പെണ്‍യാത്രകളുടെ കരുത്തും ഈ സമാഹാരം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ചില വിരസ നിമിഷങ്ങളില്‍ ചെന്നു കയറാനുള്ള ഒരിടംതന്നെയാണ് ധനുഷ്കോടി മുതല്‍ സഹാറ വരെ എന്ന ഈ യാത്രകളുടെ പുസ്തകം.