Thu. Apr 25th, 2024
#ദിനസരികള്‍ 968

നവോത്ഥാന കേരളമെന്നാണ് വെയ്പ്പ്. രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയായി ധാരാളം മുന്നേറ്റങ്ങള്‍ നടത്തിയിട്ടുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ ആരംഭിച്ചതുമാണ്.

മാറു മറയ്ക്കണമെന്നായിരുന്നു ആവശ്യം. അതൊരു വലിയ മുന്നേറ്റമായി. താഴ്ന്ന ജാതിയില്‍ ജനിച്ചു പോയി എന്നതുകൊണ്ട് നഗ്നത മറയ്ക്കാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു ജനത അവസാനം വിജയിച്ചു. ഇഷ്ടമുള്ളത് ധരിക്കാമെന്നും ഇഷ്ടമുള്ളത് കഴിക്കാമെന്നുമായി.

അങ്ങനെ തുടങ്ങിയ പാരമ്പര്യമാണ്. ജാതിയുടെ നെറികേടിനെതിരെ ഉച്ചനീചത്വങ്ങള്‍‌‍ക്കെതിരെ മനുഷ്യനാണ് വലുത് മറ്റെല്ലാം തന്നെ രണ്ടാമത് എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ഗ്രാമഗ്രാമാന്തരങ്ങളില്‍ ഒരു പുതിയ വെളിച്ചം പകര്‍ന്ന നാടാണ്.

നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടു
പുല്ലല്ല സാധുപ്പുലയന്‍
ശങ്ക വേണ്ടൊന്നായി പുലര്‍ന്നാല്‍ അതും
പൊങ്കതിര്‍ പൂണും ചെടിതാന്‍ – എന്നായിരുന്നു ഈ നാട് പാടിയിരുന്നത്.

ജാതികളില്‍ മാത്രമല്ല മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിലും ഈ നാട് മാതൃകയായിരുന്നു. മുസ്ലിം – കൃസ്ത്യന്‍ പള്ളികളില്‍ നിന്നും ഹിന്ദു ക്ഷേത്രങ്ങളിലേക്കും തിരിച്ചും ദൈവങ്ങള്‍ എഴുന്നള്ളി. മലബാറിന്റെ പ്രത്യേകിച്ച് കണ്ണൂര്‍ കാസര്‍‌കോടു പ്രദേശങ്ങളില്‍ തെയ്യങ്ങള്‍ പള്ളികളിലേക്കെത്തി മാതൃകകള്‍ തീര്‍ത്തു. ശബരിമലയില്‍ അയ്യന് വാവരെന്ന ഒരു മുസ്ലിം കൂട്ടായി വന്നു. എരുമേലിയിലെ പള്ളി സന്ദര്‍ശിക്കാതെ ശബരിമലയിലേക്ക് പോകരുതെന്ന നിബന്ധന വന്നു.

ചേരമാന്‍ പെരുമാളിന്റെ കാലത്തോളം നീണ്ടു നില്ക്കുന്ന ബന്ധം കേരളത്തിന് മുസ്ലിം സമൂദായവുമായിട്ടുണ്ട്. മക്കയിലേക്ക് കപ്പലോടിച്ചു പോയ കഥയിലെ സത്യമെന്തായാലും കുഞ്ഞാലിമരയ്ക്കാര്‍മാരുടെ വീറുറ്റ പോരാട്ട വീര്യം നാം അനുഭവിച്ചതാണ്. തുറയിലെ കുടിലില്‍ നിന്നും ഒരാളെങ്കിലും മുസ്ലിംമതം സ്വീകരിക്കണമെന്ന് സാമൂതിരിയുടെ കല്പനയുണ്ടായി.

അത്രമാത്രം സ്നേഹാദരങ്ങളാണ് സുദായങ്ങള്‍ തമ്മില്‍ തമ്മില്‍ പുലര്‍ത്തിപ്പോന്നത്. പിന്നീട് എത്രയോ ചരിത്ര നിമിഷങ്ങള്‍ക്ക് കേരളം സാക്ഷിയായില്ലേ? വലിയ ഹസ്സനും മരയ്ക്കാറും ഒന്നിച്ചു നിന്നു നടത്തിയ പോരാട്ടങ്ങള്‍, മുന്നേറ്റങ്ങള്‍, കാലാപങ്ങള്‍. അങ്ങനെയെന്തെല്ലാമെന്തെല്ലാം? കേരളത്തിലെ ആദ്യ മുസ്ലിം രാജവംശമായി അറയ്ക്കല്‍ നിലവില്‍ വന്നു.

ചരിത്രം തുടര്‍ന്നു. വക്കം അബ്ദുല്‍ മൌലവിയുടെ കാലമാകുമ്പോഴേക്കും സ്വയം പരിഷ്കരിച്ചുകൊണ്ട് സമൂഹത്തില്‍ ഇടപെടാന്‍ തുടങ്ങി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ലോകം അറിയുന്ന പത്രാധിപരാക്കുന്നതില്‍ വക്കത്തിനുള്ള പങ്ക് വിസ്മരിച്ചു കൂടാ. മുസ്ലിം ഐക്യസംഘം ആധുനിക കാലത്തെ വെളിച്ചങ്ങള്‍ മതങ്ങളിലേക്ക് ആവാഹിക്കാന്‍ ശ്രദ്ധിച്ചു.

സ്ത്രീകൾ അക്ഷരം പഠിക്കുന്നത് ഹറാമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തിലേക്കാണ് മാറ്റങ്ങള്‍ കടന്നു വന്നത്. ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയുടെ ദാറുല്‍ ഉലൂം എന്ന വിദ്യാഭ്യാസ സ്ഥാപനമാണ് അഹമ്മദ് മൌലവിയെ വാര്‍ത്തെടുത്തത്. അബ്ദുറഹിമാൻ സാഹിബ് മറ്റൊരു പ്രകാശ ഗോപുരമായിരുന്നു. എല്ലാത്തരം വിഭാഗീയതകളേയും മാറ്റി നിറുത്തിക്കൊണ്ട് അദ്ദേഹം സാമൂഹ്യ സേവനം നടത്തി.

അങ്ങനെ എത്രയെത്ര നേതാക്കന്മാരാണ് ഈ നാടിനെ വാര്‍‌ത്തെടുക്കാന്‍ തുനിഞ്ഞിറങ്ങിയത്? അവരില്‍ ചിലര്‍ കോണ്‍ഗ്രസുകാരായിരുന്നു. ചിലരാകട്ടെ ലീഗിനൊപ്പം നിന്നു. ഇനിയും ചിലര്‍ വിപ്ലവകാരികളായി. കയ്യൂർ സമരസഖാക്കളില്‍ പെട്ട പള്ളിക്കല്‍ അബൂബക്കറിനെപ്പോലെയുള്ളവര്‍ സധൈര്യം തൂക്കുമരത്തിലേക്ക് നടന്നു കയറി.

ഒരു നീണ്ട കാലത്തെ ചരിത്രം ഇത്രയൊക്കെ അടര്‍ത്തിമാറ്റി അവ്യക്തമായിട്ടാണെങ്കിലും പറഞ്ഞത് ഈ നാട്ടിലെ സ്പന്ദനങ്ങളുമായി ഏതൊക്കെ വിധത്തില്‍ ഇണങ്ങിയാണ് കേരളത്തിലെ മുസ്ലിം സമൂഹം ജീവിച്ചു പോയതെന്ന് ചൂണ്ടിക്കാണിക്കുവാന്‍ മാത്രമാണ്. നാം അഭിമാനിക്കുന്ന കേരളീയ നവോത്ഥാനമെന്ന മാതൃക അവരുടെ കൂടി സൃഷ്ടിയാണെന്ന് സൂചിപ്പിക്കുവാന്‍ മാത്രമാണ്.ആ സമുദായത്തെ മുഴുവന്‍ മാറ്റി നിറുത്തി രണ്ടാംതരക്കാരായി പ്രഖ്യാപിച്ച ഒരു നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടും കേരളത്തിലെ തെരുവുകള്‍ എന്തുകൊണ്ട് പ്രതിഷേധങ്ങളാല്‍ പ്രകമ്പനം കൊണ്ടില്ല എന്ന ചോദ്യമുന്നയിക്കുവാന്‍‌ വേണ്ടി മാത്രമാണ്.

കേരളമേ , നാം തല താഴ്ത്തുക

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.