Fri. Mar 29th, 2024
#ദിനസരികള്‍ 966

രാജ്യത്തെ നിലനിറുത്തുന്ന അടിസ്ഥാന ആശയങ്ങളെ കശക്കിയെറിയാനുള്ള സംഘപരിവാരത്തിന്റെ നീക്കം ത്വരിതപ്പെടുത്തുന്നതാണ് ഇന്നലെ ലോക സഭയില്‍ പാസായ പൗരത്വ ബില്ലെന്ന് നിസ്സംശയം പറയാം. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരെ മാത്രം മാറ്റി നിറുത്തി ശേഷിക്കുന്ന മതവിഭാഗത്തില്‍ പെട്ടവര്‍‌ക്കെല്ലാം ഇന്ത്യയിൽ പൗരത്വം അനുവദിക്കുന്നതിനു വേണ്ടിയാണ് 1955ലെ പൌരത്വ ബില്‍ ഭേദഗതി ചെയ്തത്.

ഇതനുസരിച്ച് 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ എത്തിയ സിഖ് ഹിന്ദുക്കള്‍ക്കു പുറമേ ബുദ്ധ , ജൈന, പാഴ്സി, കൃസ്ത്യന്‍ മത വിശ്വാസികള്‍ക്കും ഇനി ഇന്ത്യയിൽ പൗരത്വം നേടാവുന്നതാണ്. പട്ടികയില്‍ നിന്നും പുറത്തായത് മുസ്ലിംങ്ങള്‍ മാത്രമാണ്. നാളെ ബുധനാഴ്ച ഈ ഭേദഗതി രാജ്യസഭയും കൂടി പാസ്സാക്കുന്നതോടെ നിയമമാകും. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് രാജ്യസഭ ബി ജെ പിയെ സംബന്ധിച്ച് വലിയൊരു കടമ്പയേയല്ലെന്ന് മനസ്സിലാക്കുക.

ഭാരതം ഒരു മതനിരപേക്ഷ രാജ്യമാണ് എന്ന വിശേഷണമാണ് ഇതോടെ അവസാനിക്കുന്നത്. ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലാണ് പൗരത്വം നിശ്ചയിക്കപ്പെടുന്നതെങ്കില്‍ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കാണ് എന്ന ഭരണഘടനാപരമായ ഉറപ്പിന് എന്തര്‍ത്ഥമാണുള്ളത്?

മതനിരപേക്ഷത ഇല്ലാതെ പരമാധികാരമോ ജനാധിപത്യമോ സോഷ്യലിസമോ ഈ രാജ്യത്ത് നിലനില്ക്കുകയില്ലെന്നത് സുവ്യക്തമാണ്. അതു മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് സംഘപരിവാരം പ്രത്യക്ഷത്തില്‍ ഈ മൂല്യങ്ങളില്‍ കൈവെയ്ക്കുന്നില്ലെന്ന തോന്നലുണ്ടാക്കിക്കൊണ്ട് ഒരു മതരാജ്യത്തിലേക്കുള്ള പരിവര്‍ത്തനം വേഗത്തിലാക്കാനുള്ള നിയമഭേദഗതികള്‍ ആവിഷ്കരിക്കുന്നത്. ഫലത്തില്‍ എന്താണോ ഭരണഘടന വിഭാവനം ചെയ്യുന്നത് അതിന്റെ വിപരീത ദിശയിലേക്കാണ് നമ്മുടെ രാജ്യത്തെ അക്കൂട്ടര്‍ ചലിപ്പിച്ചു കൊണ്ടിരിക്കുന്നത്.

അസമിലെ പൗരത്വ പട്ടികയില്‍ നിന്നും പുറത്തായത് ഏറിയ കൂറും ഇസ്ലാം മത വിശ്വാസികളാണ്. എന്നാല്‍ കുറഞ്ഞൊരു ശതമാനം ഹിന്ദുക്കളുമുണ്ട്. അതുകൊണ്ടുതന്നെ ബിജെപിയും ആർ എസ് എസ്സും ആ പട്ടികയ്ക്ക് എതിരെ നിലപാടു സ്വീകരിച്ചിട്ടുണ്ട്. പട്ടിക പുനപരിശോധിച്ച് ഹിന്ദുക്കളെ ഇന്ത്യന്‍ പൗരന്മാരായി അംഗീകരിച്ചു കൊണ്ടുള്ള ഒരു വ്യവസ്ഥ നിലവില്‍ വരണമെന്നാണ് അവരുടെ വാദം.

ആ ആവശ്യത്തെ സാധിപ്പിച്ചെടുക്കാനുള്ള തന്ത്രപൂര്‍വ്വമായ നീക്കത്തിന്റെ ഫലമാണ് ഈ പൗരത്വ ഭേദഗതി ബില്ലെന്നത് നാം കാണാതിരുന്നു കൂട. ഈ നിയമമനുസരിച്ച് ഇനി കേന്ദ്രസര്‍ക്കാറിന് അസമിലെ പൗരത്വ പട്ടികയില്‍ പെടാതെപോയ ഹിന്ദുക്കളെ വളരെ എളുപ്പത്തില്‍ പൗരന്മാരാക്കിയെടുക്കാനും ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം മത വിഭാഗത്തില്‍ പെട്ടവരെ പുറത്താക്കാനും വളരെ എളുപ്പത്തില്‍ കഴിയുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഇനിയങ്ങോട്ടുള്ള അസംമോഡല്‍ പൗരത്വ പരിശോധനയില്‍ ഈ നിയമത്തിന്റെ ഇടപെടലുകള്‍ തീര്‍ച്ചായായും ഉണ്ടാവുകയും ഹിന്ദുക്കളടക്കമുള്ള മതവിഭാഗങ്ങള്‍ യാതൊരു ഭീഷണയുമില്ലാതെ പുലരുകയും ഇസ്ലാമിന് മാത്രം ബാധ്യതപ്പെട്ട ഒരു നിയമം നടപ്പിലാകുകയും ചെയ്യും. അതുകൊണ്ടാണ് ഇത് ഇന്ത്യയെ രണ്ടായി വിഭജിക്കുന്നതാണെന്ന് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ വാദിക്കുന്നത്.

എന്നാല്‍ അമിത് ഷായാകട്ടെ ബില്ലവതരിപ്പിച്ചുകൊണ്ട് പറഞ്ഞത് രാജ്യത്തെ നൂറ്റിമുപ്പതുകോടി ജനങ്ങളുടേയും ആവശ്യമാണ് ഈ ബില്ലെന്നതാണ്. കേവലം മുപ്പത്തിയേഴു ശതമാനം വോട്ടുനേടി അധികാരത്തിലെത്തിയ ഒരു കൂട്ടം ലോകസഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ ബാക്കി ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ സ്വാസ്ഥ്യങ്ങളുടെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ട് രാഷ്ട്രീയലാഭം ലാക്കാക്കിയുള്ള കുടിലനീക്കങ്ങളാണ് നടക്കുന്നത്.

സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം മതേതരഭാരതം എന്ന ആശയത്തെ സാധിപ്പിച്ചെടുക്കുന്ന തരത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ നല്കിയ ചൂടും ചൂരും ഏറ്റു വാങ്ങിയ നേതാക്കള്‍ എഴുതിയുണ്ടാക്കിയ ലോകത്തെ ഏറ്റവും മഹത്തരമായ ഒരു ജനാധിപത്യരേഖയെ, സ്വാതന്ത്ര്യ സമരങ്ങളുമായി ഒരു ബന്ധവുമില്ലാത്ത എന്നുമാത്രവുമല്ല കഴിയുന്നത്ര ഇടങ്ങളില്‍ ആ മുന്നേറ്റങ്ങളെ ഒറ്റിക്കൊടുത്ത ഒരു കൂട്ടര്‍ നിരന്തരം മാറ്റിത്തീര്‍ത്തുകൊണ്ടേയിരിക്കുന്നു.

രാജ്യം ഒരു കാലത്ത് തള്ളിക്കളഞ്ഞവയെയെല്ലാം അവര്‍ മൂല്യങ്ങളാണെന്ന് വ്യഖ്യാനിച്ച് തിരിച്ചു കൊണ്ടുവരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്ത വെറും കാട്ടിക്കൂട്ടലുകളായി അധപതിച്ചിരിക്കുന്നു. ജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ ആരും തന്നെ തുനിഞ്ഞു കാണുന്നില്ല. ഇരുട്ടിന്റെ കമ്പിളിക്കെട്ടിനുള്ളിലേക്ക് അവസാനവെളിച്ചത്തേയും തള്ളിക്കയറ്റിക്കൊണ്ട് നാം മതഭാരതത്തെ സ്വാഗതം ചെയ്യുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.in