തിരുവനന്തപുരം:
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2018-19 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറി.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 650.34 കോടി രൂപയുടെ മൊത്തവരുമാനം നേടിയിരുന്നു. മുന്‍സാമ്പത്തിക വര്‍ഷത്തില്‍ ഇത് 553.41 കോടി രൂപയായിരുന്നു.
166.92 കോടി രൂപയാണ് നിലവില്‍ സിയാലിന്റെ ലാഭം. 27% ലാഭവിഹിതമാണ് സര്‍ക്കാരിന് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
30 രാജ്യങ്ങളില്‍ നിന്നായി 19,000-ല്‍ അധികം നിക്ഷേപകരുള്ള സിയാലിന്റെ രജത ജൂബിലി വര്‍ഷമാണിത്.
2003-04 മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം സര്‍ക്കാരിന് നല്‍കിവരുന്നുണ്ട്. സിയാലില്‍ സംസ്ഥാന സര്‍ക്കാരിന് 32.41 % ഓഹരിയുണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷങ്ങളില്‍ 31 കോടി രൂപവീതം സര്‍ക്കാരിന് ലഭിച്ചിരുന്നു.
സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തോടെ മുടക്കുമുതലിന്മേല്‍ ലഭിച്ച മൊത്തം ലാഭവിഹിതം 255 % ആയി ഉയര്‍ന്നു.
കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷത്തിലും സിയാല്‍ വഴി ഒരുകോടിയിലധികം പേര്‍ യാത്രചെയ്തിട്ടുണ്ട്. 2018 ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തവരുമാനത്തില്‍ 17.52% വര്‍ദ്ധനവ് സിയാല്‍ നേടിയിട്ടുണ്ട്.
സിയാല്‍ ഡ്യൂട്ടിഫ്രീ ആന്റ് റീട്ടെയ്ല്‍ സര്‍വീസസ് ലിമിറ്റഡ് ഉള്‍പ്പെടെ സിയാലിന് 100 % ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ 807.36 കോടി രൂപയുടെ മൊത്തവരുമാനവും 184.77 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്.