Mon. Dec 23rd, 2024
കൊച്ചി:

പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളി സമൂഹത്തെ കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നയങ്ങളെ ചോദ്യം ചെയ്തു കൊണ്ട് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ സമ്മേളനം അവസാനിച്ചു. തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന സര്‍ക്കാര്‍ നടപടികളെ ചെറുക്കാന്‍ ഭാവി ദേശീയ പ്രക്ഷോഭ സമരങ്ങള്‍ക്ക് രൂപം നല്‍കിക്കൊണ്ടായിരുന്നു മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനം സമാപിച്ചത്.

ഓരോ തീരദേശ സംസ്ഥാനങ്ങളിലും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന മുഖ്യ പ്രശ്നങ്ങള്‍ അതത് സംസ്ഥാന നേതൃത്വങ്ങള്‍ തിങ്കളാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സമര പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

“നീല വിപ്ലവത്തിന്‍റെ പേരില്‍ കടലും കടലോരവും പൊതുജലാശയവും മീന്‍പിടിത്ത സമൂഹത്തിന് അന്യമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്നത്. വികസനത്തിന്‍റെ പേരില്‍ തീരദേശ ഹൈവേ, തുറമുഖങ്ങളെ തമ്മില്‍ യോജിപ്പിച്ചുകൊണ്ടുള്ള കടല്‍പ്പാത എന്നിവയുടെ നിര്‍മ്മാണം മീന്‍പിടിത്ത സമൂഹത്തിന്‍റെ വാസസ്ഥലവും തൊഴിലിടവും ഇല്ലാതാക്കുക മാത്രമല്ല, അവരുടെ തനത് സംസ്കാരത്തെപോലും നശിപ്പിക്കും” നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ടി പീറ്റര്‍ വോക്ക് മലയാളത്തോട് പ്രതികരിച്ചു.

തീരദേശ-നിയന്ത്രണ വിജ്ഞാപനത്തില്‍ വരുത്തിയ ഇളവുകള്‍ ടൂറിസം-വ്യവസായ-നിര്‍മ്മാണ ലോബികള്‍ക്ക് കടലോര-കായലോര മേഖലകള്‍ കയ്യടക്കാന്‍ അവസരം ഒരുക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടിയായ നദീ സംയോജനം, കടല്‍ മത്സ്യകൃഷി എന്നിവ ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.

പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറത്തുള്ള കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി വേണമെന്നും, മര്‍ച്ചന്‍റ് ഷിപ്പിങ്ങ് ആക്ടിലെ വ്യവസ്ഥകള്‍ പലിക്കണമെന്നതും മീന്‍പിടുത്തക്കാരെ കൂടുതല്‍ ദുരിതത്തിലാക്കിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സ്വതന്ത്രമായി മീന്‍പിടിക്കാനുള്ള അവകാശം നിലനിര്‍ത്തുക, തീരക്കടലില്‍ മത്സ്യ സമ്പത്ത് കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ആഴക്കടലില്‍ മീന്‍പിടിത്തത്തിനു പോകാന്‍ അവരെ പ്രോത്സാഹിപ്പിക്കുക, തുടങ്ങിയവയാണ് സംഘടന മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍.