Sun. Jan 19th, 2025

ന്യൂഡല്‍ഹി:

ഹോസ്റ്റൽ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് ജെഎൻയു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർത്ഥികൾക്കുനേരെ  പൊലീസ് ലാത്തി വീശിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഡൽഹിയിലെ ബിക്കാജി കാമാ പ്ലേസ് മെട്രോ സ്റ്റേഷന്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിവീശുകയുമായിരുന്നു.

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധന പിന്‍ലിക്കുക, വെെസ് ചാന്‍സിലറെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് ലോങ്ങ് മാര്‍ച്ച് നടത്തിയത്.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ മാസം സർവകലാശാലയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധം ഫലം കാണാതെ വന്നതോടെയാണ്, ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.

ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ പരിഹാരം കാണുമെന്ന് അധികാരികള്‍ പറഞ്ഞിരുന്നെങ്കിലും ഇത് പാഴ്വാക്കായിതെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും തെരുവിലിറങ്ങാന്‍ തീരുമാനിച്ചത്. ഫീസ് പൂര്‍ണമായും ഒഴിവാക്കുന്നത് വരെ സമരം നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

 

 

By Binsha Das

Digital Journalist at Woke Malayalam