Sun. Dec 22nd, 2024
ന്യൂ ഡല്‍ഹി:

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പ്രതിഷേധവുമായി രംഗത്ത്. മതാടിസ്ഥാനത്തിൽ പൗരത്വം നല്‍കാനാണ് ബില്ല് നിഷ്കർഷിക്കുന്നത്. കൂടാതെ, മുസ്ലിംങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് രാജ്യത്ത് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രതിഷേധങ്ങള്‍ നടക്കുന്നത്.

സന്ദീപ് ത്രിവേദി (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, മുംബൈ), രാജേഷ് ഗോപകുമാർ (ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ്, ബെംഗളൂരു), ആതിഷ് ദാബോൽക്കർ (ഇന്റർനാഷണൽ സെന്റർ ഫോര്‍ തിയററ്റിക്കൽ ഫിസിക്സ്, ഇറ്റലി) തുടങ്ങി മൂന്ന് പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ ഡയറക്ടർമാറുൾപ്പെടെ 750 ഓളം ഗവേഷകരാണ് പ്രതിഷേധസൂചകമായ പത്രക്കുറിപ്പില്‍ ഒപ്പിട്ടു നല്‍കിയിട്ടുള്ളത്.

“പൗരത്വ ബില്‍ ഭേദഗതി ചെയ്യാനുള്ള തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാരെന്ന നിലയില്‍ ഞങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്‍റെ ആത്മാവിനെ ലംഘിക്കുന്ന നയങ്ങളാണ് പൗരത്വ ഭേദഗതി ബില്‍ മുന്നോട്ട് വയ്ക്കുന്നത് ”  പത്രക്കുറുപ്പിൽ വ്യക്തമാക്കുന്നു.

മാധ്യമ റിപ്പോര്‍ട്ടുകളുടെയും, 2019 ജനുവരിയില്‍ ലോക്സഭ പാസാക്കിയ ബില്ലിന്‍റെ പതിപ്പും അടിസ്ഥാനമാക്കിയാണ് ഗവേഷകരുടെ പ്രതികരണം. അടുത്തയാഴ്ച ആദ്യം ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്നും, ഉടന്‍ തന്നെ ഇരുസഭകളിലും വോട്ടെടുപ്പിനായി പരിഗണിക്കുമെന്നുമുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അടിയന്തരമായി പ്രതികരിക്കാന്‍ ഗവേഷകരും ശാസ്ത്രജ്ഞരും തീരുമാനിക്കുന്നത്.

അതെ സമയം, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് പൗരത്വം അനുവദിക്കാനുള്ള നടപടിയും, അയൽരാജ്യങ്ങളിൽ നിന്നുള്ള പീഡനത്തിനിരയായ ന്യൂനപക്ഷങ്ങൾക്ക് അഭയം നല്‍കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍, “ഇന്ത്യന്‍ പൗരത്വം നിര്‍ണ്ണയിക്കാനുള്ള നിയമപരമായ മാനദണ്ഡമായി മതത്തെ പരിഗണിക്കുന്നതിലാണ് വിഷമം, മതനിരപേക്ഷതയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടനയുമായി പൊരുത്തപ്പെടാത്ത നയമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍. മുസ്ലീങ്ങളെ ബില്ലിന്‍റെ പരിധിയിൽ നിന്ന് ശ്രദ്ധാപൂർവ്വം ഒഴിവാക്കുന്നത് രാജ്യത്തിന്‍റെ ബഹുസ്വരതയെ വളരെയധികം ബാധിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു” കുറിപ്പില്‍ പറയുന്നു.

ബില്‍ ഉടനടി പിന്‍വലിക്കണമെന്നും, അഭയാർഥികളുടെയും ന്യൂനപക്ഷങ്ങളുടെയും ആശങ്കകളെ വിവേചനരഹിതമായി പരിഹരിക്കുന്ന ഉചിതമായ നിയമനിർമ്മാണം ഉണ്ടാകണമെന്നുമാണ് പത്രക്കുറിപ്പ് മുന്നോട്ട് വയ്ക്കുന്നത്. ദേശീയ പൗരത്വ രജിസ്ട്രേഷന്‍ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും വ്യപിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിയും വിവിധ കോണുകളില്‍ നിന്ന് ചര്‍ച്ചാ വിഷയമാകുന്നുണ്ട്.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam