ഹെെദരാബാദ്:
മോശം ഫോം തുടരുന്നതിനാല്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് പൂര്‍ണ പിന്തുണയുമായി ഇന്ത്യന്‍ നായകന്‍. ഋഷഭ് പന്തിന്റെ കഴിവില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് വിരാട് കോഹ്ലി പറഞ്ഞു.
ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. അതിനാല്‍ മല്‍സരത്തില്‍ താരങ്ങള്‍ക്കെല്ലാം കൂട്ടായ ഉത്തരവാദിത്തമുണ്ട്. പന്തിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ താന്‍ ആരെയും അനുവദിക്കില്ലെന്നും കോഹ്ലി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ നായകന്‍ പന്തിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കിയത്.
ഋഷഭ് പന്തിന്റെ കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഒരേ നിലപാടുകാരാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഒരാളും മനപൂര്‍വം മത്സരത്തില്‍ പിഴവ് വരുത്തില്ല. പിഴവ് വരുത്തുമ്പോള്‍ മറ്റാരെക്കാളും വേദനിക്കുന്നത് പിഴവ് വരുത്തുന്നയാള് തന്നെയായിരിക്കുമെന്നും കോഹ്ലി പറഞ്ഞു.
കളിക്കാരനെന്ന നിലയില്‍ മികച്ച പ്രകടനം നടത്തുക എന്നത് ഋഷഭ് പന്തിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ അതുപോലെ, സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരം നല്‍കുകയും പിന്തുണക്കുകയും ചെയ്യുക എന്നത് ടീമിന്റെയും ഉത്തരവാദിത്തമാണെന്ന് ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.