Sat. Apr 27th, 2024
മാട്രിഡ്:

 
വരാൻ പോകുന്നത് ചൂട് ഏറിയ വർഷങ്ങളായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. മാട്രിഡിൽ നടക്കുന്ന ഉച്ചകോടിയിലാണ് ലോകത്തിനു പ്രത്യക്ഷമായ കാലാവസ്ഥമാറ്റം ചർച്ചചെയ്ത് യു എൻ മുന്നറിയിപ്പ് നൽകുന്നത്.

ആഗോളതലത്തിൽ 1.1 സെൽഷ്യസ് വർദ്ധിച്ചിട്ടുണ്ടെന് ലോക കാലാവസ്ഥ സംഘടന റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ചൂട് കൂടിയ മൂന്ന് വർഷങ്ങളിൽ ഒന്ന് 2019 ആണെന്നും ഉച്ചകോടിയിൽ പറയുന്നു. 150 വർഷം മുമ്പുണ്ടായിരുന്നതിൽനിന്ന് കടൽ 25 ശതമാനത്തോളം അധികം അമ്ലം നിറഞ്ഞതായി. ലക്ഷക്കണക്കിന് ജനങ്ങൾ ഭക്ഷണത്തിനും തൊഴിലിനുമായി ആശ്രയിക്കുന്ന കടൽവിഭവങ്ങളെയാണ് ഇത് സാരമായി ബാധിക്കുന്നത്. കൂടാതെ കടൽനിരപ്പു ഏറെ ഉയർന്നതും, ഒരുവർഷത്തിനിടെ 33,000 ടൺ ഐസ്  ഉരുകിത്തീർന്നതും ആഗോളതാപനത്തിന്റെ ഉയർച്ചയാണ് സൂചിപ്പിക്കുന്നത്.

അന്തരീക്ഷത്തിൽ കാർബണിന്റെ അളവ് ഉയരുകയാണ് ഒപ്പം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഇപ്പോഴത്തെ നില തുടർന്നാൽ താപനില താങ്ങാനാവുന്നതിലും കുടുതലായിരിക്കുമെന്നും ഇത് പ്രകൃതിയുടെയും മനുഷ്യന്റെയും നാശത്തിന് വഴിയൊരുക്കുമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉച്ചകോടിയിൽ ഓർമ്മപ്പെടുത്തി.

2020തോടെ കാർബൺ പുറംതള്ളുന്നത് കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വികരിക്കുമെന്നാണ് 2015ൽ ലോകരാജ്യങ്ങൾ ഒപ്പിട്ട പാരീസ് കരാറിലെ മുഖ്യവ്യവസ്ഥ. ഇത് നടപ്പാക്കുന്നതിന് രാജ്യങ്ങളെ സജ്ജമാക്കുകയാണ് സ്പെയിനിൽ ഇപ്പോൾ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയുടെ പ്രധാന ലക്‌ഷ്യം.