Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

മധ്യവര്‍ഗക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ആദായ നികുതി നിരക്കുകള്‍ അടുത്ത ബജറ്റില്‍ കുറക്കാന്‍ പദ്ധിതിയിട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം.

2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി നടത്തുക.

ഡയറക്ട് ടാസ്‌ക് കോഡ് ടാസ്‌ക് ഫോഴ്സിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് നിരക്കുകള്‍ പരിഷ്‌കരിക്കുക. റിപ്പോര്‍ട്ട് വിശദമായി ധനമന്ത്രാലയം പരിശോധന നടത്തി വരികയാണ്.

ഇതോടെ 2.5 ലക്ഷം രൂപ മുതല്‍ 5 ലക്ഷംരൂപ വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 5 മുതല്‍ 10 ലക്ഷംരൂപ വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനവുമായിരിക്കും നികുതി. നിലവില്‍ യഥാക്രമം അഞ്ച് ശതമാനവും 20 ശതമാനവുമാണ് നികുതി നിരക്കുകള്‍.

സെപ്തംബറില്‍ കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ച് കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പ്രീതി നേടിയിരുന്നു. എന്നാല്‍ സാധാരണക്കാരായ മധ്യവര്‍ഗക്കാര്‍ക്ക് പ്രയോജനകരമായതൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച നിരക്ക് ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും സര്‍ക്കാര്‍ നിക്ഷേപ സൗഹാര്‍ദ ഉത്തേജന പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.