Sat. Apr 27th, 2024

ഹെെദരാബാദ്:

ഇന്ത്യ-വിൻഡീസ് ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് നാളെ ഹൈദരാബാദില്‍ തുടക്കമാവും. വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. ഈ പരമ്പരയില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് സഞജുവിന് അവസരം ലഭിക്കുമോ എന്നതാണ്.  കഴിഞ്ഞ ബംഗ്ലാദേശ് പരമ്പരയില്‍ താരത്തെ ഒരു മത്സരത്തില്‍ പോലും ഇറക്കിയിരുന്നില്ല.

ഇതിനുപുറമെ  വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായതിനെത്തുടര്‍ന്ന് ടീമില്‍ ഉള്‍പെടുത്തുകയായിരുന്നു. ആരാധകുടെ ആശങ്ക ഈ പരമ്പരയിലും താരത്തെ കളിക്കാന്‍ അനുവദിക്കില്ലേ എന്നോര്‍ത്താണ്.

മോശം ഫോം തുടരുന്ന  റിഷഭ് പന്തിന്റെ പ്രകടനം ആദ്യമത്സരത്തില്‍ മോശമായാല്‍ തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്‌സ്മാനായി സഞ്ജുവിന് അവസരം ലഭിച്ചേക്കാം. ഈ സംശയമാണ് ആരാധകപുടെ ആശങ്കയ്ക്ക് കാരണമാകുന്നത്.

രോഹിത് ശര്‍മ്മയെയും കെ എല്‍ രാഹുലിനെയും മറികടന്ന് ഓപ്പണറായി സഞ്ജു ഇലവനിലെത്താനുള്ള സാധ്യതകള്‍ കുറവാണ്. അതേസമയം, സഞ്ജുവിനെ ഓപ്പണറായും പരിഗണിക്കുമെന്ന് ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ് വ്യക്തമാക്കിയത് നേരിയ ആശ്വാസം പകരുന്നുണ്ട്.

മത്സരത്തിനായി ഇന്ത്യൻ ടീം ഇന്നലെ ഹൈദരാബാദിലെത്തി. ബംഗ്ലാദേശിനെതിരായ പരമ്പര വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് വിരാട് കോലിയും സംഘവും ഇറങ്ങുന്നത്. ട്വന്റി 20യിൽ ഏത് അട്ടിമറിക്കും കരുത്തുള്ള വിൻഡീസ് ടീമിനെ നയിക്കുന്നത് കീറോൺ പൊള്ളാർഡാണ്. പരമ്പരയിൽ മൂന്ന് ട്വന്‍റി 20യും മൂന്ന് ഏകദിനവുമാണുള്ളത്.

By Binsha Das

Digital Journalist at Woke Malayalam