Wed. Jan 22nd, 2025
#ദിനസരികള്‍ 958

അമിത് ഷായെ വേദിയിലിരുത്തി രാഹുല്‍ ബജാജിന്റെ വിമര്‍ശനം ഒട്ടധികം അത്ഭുതത്തോടെയാണ് നാം കേട്ടത്. ഈ രാജ്യത്ത് നിലനില്ക്കുന്ന സവിശേഷമായ സാഹചര്യങ്ങളെ പരിഗണിക്കുമ്പോള്‍ ഏതെങ്കിലുമൊരു വ്യവസായ പ്രമുഖന്‍ ഇത്തരമൊരു വിമര്‍ശനം ഉന്നയിക്കില്ല എന്ന ബോധ്യമാണ് നമ്മെ ഈ അത്ഭുതത്തിലേക്ക് കൊണ്ടെത്തിച്ചതെന്ന് വ്യക്തം.

ബജാജ് ഗ്രൂപ്പിന്റെ തലവന്‍, രാഹുല് ബജാജ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കു പുറമേ ധനമന്ത്രി നിര്‍മ്മല സീതാരാമന്റേയും റെയില്‍ മന്ത്രി പീയുഷ് ഗോയലിന്റേയും സാന്നിധ്യത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ കഠിനമായി വിമര്‍ശിച്ചു കൊണ്ട് രംഗത്തു വന്നത്. ജനത  നിങ്ങളെ ഭയപ്പെടുന്നുവെന്ന് തുറന്നു പറഞ്ഞ അദ്ദേഹം അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാറിനെയോ ബീ ജെ പിയെയോ വിമര്‍ശിക്കുവാന്‍ മടിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

എന്നു മാത്രവുമല്ല ഗോഡ്സേയെ രാജ്യസ്നേഹിയെന്നു വിളിച്ച പ്രജ്ഞാസിംഗിന് ബി ജെ പി നല്കുന്ന പിന്തുണയിലും അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.എങ്ങനെയാണ് ഗാന്ധിയെ കൊന്ന ഒരാളെ ഇന്ത്യയുടെ ചരിത്രമറിയുന്നവര്‍ക്ക് രാജ്യസ്നേഹിയെന്ന് വിളിക്കുവാന്‍ കഴിയുക എന്ന ചോദ്യം ബി ജെ പിയുടെ നട്ടെല്ലിനെ ചെന്നു തൊടുന്നതാണ്.

പശുവിന്റെ പേരില്‍ നടത്തപ്പെടുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ തീക്ഷ്ണമായ അഭിപ്രായം പങ്കുവെച്ചു. ആളുകള്‍ സര്‍ക്കാറിനെ വിമര്‍ശിക്കാതിരിക്കുന്നത് ഭയന്നിട്ടാണെന്നും വിമര്‍ശിക്കുന്നവരെ ഏതു വിധേയനയും അവാസനിപ്പിക്കുകയെന്ന നയം പുലര്‍ത്തുന്ന അധികാരികളുള്ള രാജ്യത്ത് തുറന്ന വിമര്‍ശനങ്ങളുണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണന്നുവെന്നതിനും വിമര്‍ശകരെ നിങ്ങള്‍ മാന്യമായി സ്വീകരിക്കുമെന്നതിനും ഒരുറപ്പുമില്ലെന്ന് ബജാജ് അദ്ദേഹം തുറന്നു പറഞ്ഞു.

ഇക്കണോമിക് ടൈംസിന്റെ അവാര്‍ഡു ദാനച്ചടങ്ങിലാണ് വ്യവസായ പ്രമുഖരേയും കാബിനറ്റ് മന്ത്രിമാരേയും സാക്ഷികളാക്കി ബജാജ് ഈ വിമര്‍ശനം ഉന്നയിച്ചത്.അതേ വേദിയില്‍ വെച്ചു തന്നെ അമിത് ഷാ രാഹുല്‍ ബജാജിനെ തിരുത്താന്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ വ്യവസായ മണ്ഡലത്തിലും പൊതു രാഷ്ട്രീയ രംഗത്തും അദ്ദേഹത്തിന്റെ പ്രസ്താവന കോളിളക്കങ്ങളുണ്ടാക്കുന്നുവെന്ന് ബി ജെ പി തിരിച്ചറിയുന്നു.

ബജാജിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് വളരെ ശക്തമായി ന്യായീകരിച്ചു. രാഹുല്‍ ബജാജ് പറഞ്ഞത് രാജ്യത്തെ എല്ലാത്തരം ജനതയുടേയും മനസ്സിലിക്കുന്ന കാര്യമാണെന്ന് കോണ്‍‌ഗ്രസ് വക്താവ് പവന്‍ ഖേര പ്രസ്താവിച്ചു.”കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി രാജ്യത്തിന്റെ അന്തരീക്ഷം വളരെയേറെ ദുഷിച്ചിരിക്കുന്നു. സമൂഹത്തില്‍ സഹവര്‍ത്തിത്വം ഇല്ലായെങ്കില്‍ എങ്ങനെയാണ് ഇവിടേക്ക് ബിസിനസ്സുകാര്‍ കടന്നുവരികയെന്ന ആശങ്കയും അദ്ദേഹവും ഉന്നയിച്ചുവെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ബജാജിന്റെ പ്രതികരണം ബി ജെ പിയുടെ മുഖത്തു കിട്ടിയ തല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ അവരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ നമുക്ക് ബോധ്യപ്പെടുക. ഇന്ന് രാവിലെത്തന്നെ രാഹുല്‍ ബജാജ് പറഞ്ഞത് ദേശീയ താല്പര്യങ്ങളെ വ്രണപ്പെടുത്തും എന്ന് നിര്‍മ്മല സീതാരാമന്റെ പ്രസ്താവന വന്നു കഴിഞ്ഞു.അതായത് ബി ജെ പിയ്ക്കും മോഡിക്കും അമിത് ഷായ്ക്കുമെതിരെയുള്ള ഏതെങ്കിലുമൊരു പ്രസ്താവന രാജ്യത്തിനെതിരെയാണ് എന്ന് വ്യാഖ്യാനിച്ചു കൊണ്ട് വിമര്‍ശകരെ ഒറ്റപ്പെടുത്തുന്ന അതേ രീതിതന്നെയാണ് ഇവിടേയും ബി ജെ പി അനുവര്‍ത്തിക്കുന്നതെന്ന് വ്യക്തം.

ഇതുതന്നെയാണ് രാഹുല്‍ ബജാജും പറഞ്ഞത്. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നുവെന്നാണല്ലോ അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ കാതല്‍ . ധനാകാര്യമന്ത്രിയുടെ പ്രസ്താവന രാഹുലിന്റെ വാദം ശരിവെയ്ക്കുന്നു. ഇനി മറ്റു വേതാള വേഷങ്ങള്‍ അരങ്ങിലേക്ക് എത്തിച്ചേരാനിരിക്കുന്നു.

ഈ സാഹചര്യത്തില്‍ ഇത്രയെങ്കിലും തുറന്നു പറഞ്ഞ രാഹുല്‍ ബജാജിനെ നാം അഭിനന്ദിക്കുക തന്നെ വേണം. അധികാരികളുടെ കാല്‍ച്ചുവട്ടിലേക്ക് സ്വന്തം തലതിരുകി വെച്ചു കൊടുക്കാത്തവര്‍ ഇന്നാട്ടില്‍ ഇനിയുമുണ്ടെന്നത് വലിയ സന്തോഷമുണ്ടാക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.