Sun. Jan 19th, 2025
മുംബൈ:

 
മഹാരാഷ്ട്ര വിഷയത്തില്‍ ശിവസേന- എന്‍സിപി ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി വിധി. മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. പ്രോടേം സ്പീക്കറാകും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. അതിനാല്‍, ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അടിയന്തരമായി പ്രോടേം സ്പീക്കറെ തിരഞ്ഞെടുക്കണം.

രഹസ്യബാലറ്റ് പാടില്ലെന്നും സുതാര്യമായ വോട്ടെടുപ്പ് നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ തന്നെ സഭ വിളിച്ച് ചേര്‍ക്കണമെന്നും, നിയമസഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് വിധിയെ സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. കേസ് അടുത്ത ആഴ്ച കോടതി വീണ്ടും പരിഗണിക്കും.