Wed. Apr 24th, 2024
മുംബൈ:

അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്‍റെ അന്വേഷണം അവസാനിപ്പിച്ചു. കേസില്‍ അജിത്തിനെതിരെ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍, ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ മഹാരാഷ്ട്ര ആന്‍റി കറപ്ഷന്‍ ബ്യൂറോയാണ് അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചത്.

വിദര്‍ഭ ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അജിത് പവാറിനെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തത്. 1999 മുതല്‍ 2014 വരെ അജിത് പവാര്‍ ഇറിഗേഷന്‍ വകുപ്പു മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നത്. വിദര്‍ഭ മേഖലകളിലെ വരള്‍ച്ചാ പ്രതിരോധത്തിന് ഡാമുകളും ചെക്ക്ഡാമുകളും നിര്‍മിക്കുന്നതായിരുന്നു പദ്ധതി. വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വരെ അഴിമതിയുമായി ബന്ധമുണ്ട്. എന്നാല്‍ അജിത് പവാറിന് അഴിമതിയുമായി പങ്കില്ലെന്നാണ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു മണിക്കൂറുകള്‍ക്കകമാണ് അജിത് പവാറിനെതിരായ അഴിമതിക്കേസ് അന്വേഷണസംഘം അവസാനിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറിനെതിരെ ബിജെപി ഉയര്‍ത്തിയ മുഖ്യപ്രചാരണ ആയുധമായിരുന്നു 70,000 കോടിയുടെ ഈ അഴിമതിക്കേസ്.