Sun. Jan 19th, 2025
#ദിനസരികള്‍ 951

നരേന്ദ്രമോഡിയും അമിത്ഷായും ഭരിക്കുന്ന ഇന്ത്യയിലിരുന്ന് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ വേറൊരു വിഡ്ഢിയുണ്ടാകുമോ? അവരുടെ ചരിത്രം തന്നെ ജനാധിപത്യ വിരുദ്ധതയുടെ ആകെത്തുകയാണ്.അതുകൊണ്ട് മഹാരാഷ്ട്രയില്‍ ഭരണഘടനയെ അസാധുവാക്കിക്കൊണ്ട് രണ്ടുദിവസമായി നടക്കുന്ന സംഭവവികാസങ്ങളില്‍ അത്ഭുതമുണ്ടാകേണ്ട സാഹചര്യമില്ല.

എന്നുമാത്രവുമല്ല തന്ത്രപ്രധാന മേഖലകളില്‍ ഇരിപ്പുറപ്പിച്ചിട്ടുള്ളവര്‍ മോഡിയുടേയും ഷായുടേയും കല്പന കാത്തിരിക്കുന്നവരായതിനാല്‍ ജനാധിപത്യപരമായി ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അതായിരിക്കും അത്ഭുതമാകുക. എന്നാല്‍‌പ്പോലും മുങ്ങിച്ചാകാന്‍ പോകുന്നവന് അവസാനമായി ഒരു നിലവിളിക്കുള്ള അവസരമെങ്കിലും അവശേഷിക്കുമല്ലോ. അത്തരമൊരു അവസരത്തിന്റെ വിനിയോഗമാണ് ഇത്തരത്തിലൊരു കുറിപ്പെന്ന കാര്യത്തില്‍ സംശയമില്ല.

മഹാരാഷ്ട്രയിലെ സംഭവങ്ങളെ മാത്രം വിലയിരുത്തുക. അവ ഭരണഘടനാ ലംഘനങ്ങളുടെ പട്ടികയിലേക്കുള്ള ഏറ്റവും ഒടുവിലത്തെ സാക്ഷ്യപ്പെടുത്തലുകളാകുന്നു. പ്രധാനമന്ത്രിയും പ്രസിഡന്റും ഗവര്‍ണറുമടക്കമുള്ള രാജ്യത്തിലെ അത്യുന്നത ഭരണഘടനാ സ്ഥാപനങ്ങള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഒരു സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കുന്നതിനു വേണ്ടി കുതിരക്കച്ചവടത്തിന് ചുക്കാന്‍ പിടിക്കുക ! ഇതില്‍ പരം നാണക്കേട് വേറെയുണ്ടോ ? ഈ മഹാരാജ്യത്തിന്റെ മൂല്യങ്ങളെക്കുറിച്ച് എന്തെങ്കിലും ധാരണയുള്ള ഒരു പൗരന് വളരെയേറെ ആശങ്കയുണ്ടാക്കുന്നതും വേദനാജനകവുമാണ് മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യ ഉറക്കത്തിലായിരുന്നപ്പോള്‍ ചിലര്‍ മാത്രം ഉണര്‍ന്നിരുന്ന് ഭരണഘടനയെ അട്ടിമറിച്ചുകൊണ്ട് നടത്തിയ ആ നീക്കം ഒരു തരത്തിലും ന്യായീകരിക്കപ്പെടാവുന്നതല്ല.

മഹാരാഷ്ട്രയില്‍ നിയമസഭാ ഇലക്ഷനു മുമ്പുണ്ടായിരുന്ന ബി ജെ പി ശിവസേന സഖ്യം മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ തകരുകയും ഒരു കക്ഷിയ്ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം സംജാതമാകുകയുമാണല്ലോ ചെയ്തത്.അതേത്തുടര്‍ന്ന് അവിടെ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ബി ജെ പിക്ക് കൂടുതല്‍ സമയം അനുവദിച്ചും എന്നാല്‍ ശിവസേനയ്ക്ക് അനുവദിച്ച സമയം അവസാനിക്കുന്നതിനു മുമ്പായും രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്കിയത് ഗവര്‍ണര്‍ എന്ന പദവിയുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്നതായിരുന്നു. തങ്ങള്‍ക്ക് അനുവദിച്ച സമയം തീരുന്നതിനു മുമ്പ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ശിവസേന സുപ്രിംകോടതിയെ സമീപിച്ചിട്ടുമുണ്ട്.

രാഷ്ട്രപതി ഭരണം നിലവില്‍ വന്ന് ഏറെ താമസിയാതെ ശിവസേന – കോണ്‍ഗ്രസ് – എന്‍ സി പി കക്ഷികള്‍ സമവായത്തിലെത്തുകയും ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയ മുഖ്യമന്ത്രിയായി നിശ്ചയിച്ചു പ്രഖ്യാപിക്കുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് ശനിയാഴ്ച രാത്രിയിലെ ഏതാനും മണിക്കൂറുകള്‍ കൊണ്ട് രാജ്യം നാളിതുവരെ കണ്ടിട്ടില്ലാത്ത അസാധാരണവും കുടിലവുമായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.

രാഷ്ട്രപതി ഭരണം ഏര്‍‌പ്പെടുത്താന്‍‌ അനുവര്‍ത്തിച്ച രീതി സങ്കുചിതമായിരുന്നുവെങ്കിലും അതിലും എത്രയോ സങ്കുചിതവും അപകടകരവുമാണ് പിന്‍വലിക്കാന്‍ കാണിച്ച തിടുക്കം. നിലവിലുള്ള രാഷ്ട്രപതി ഭരണം പിന്‍വലിക്കണമെങ്കില്‍ ചില നടപടിക്രമങ്ങളുണ്ട്. അത്തരമൊരു ആവശ്യമുന്നയിക്കേണ്ടത് സംസ്ഥാന ഗവര്‍ണറാണ്. അദ്ദേഹത്തിന്റെ ആവശ്യം കേന്ദ്രമന്ത്രി സഭ പരിഗണിക്കണം. എന്നിട്ട് രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ ചെയ്യണം അതിന്റെ അടിസ്ഥാനത്തിലായിരിക്കണം സംസ്ഥാനത്തു നിന്നും രാഷ്ട്രപതി ഭരണം നീക്കേണ്ടത്. ഇതാണ് രാജ്യം തുടര്‍ന്നു വരുന്ന ജനാധിപത്യപരമായ കീഴ്‌വഴക്കം.

ഈ കീഴ്‍വഴക്കത്തെ അട്ടിമറിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുകയായിരുന്നു.അസാധാരണവും അവിശ്വസനീയവുമായ വേഗതയില്‍ പ്രധാനമന്ത്രി സ്വീകരിച്ച ഈ നടപടിയില്‍ ഒരു വേവലാതിയും രാഷ്ട്രപതിയ്ക്ക് ഉണ്ടായില്ല എന്നത് അത്ഭുതകരമാണ്.ഒരു പ്രധാനമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുമ്പോള്‍ അതനുവദിച്ചു കൊടുത്തുകൂടായെന്ന പാഠം ഇന്ദിരയുടെ അടിയന്തിരാവസ്ഥക്കാലത്ത് നാം പഠിച്ചതാണ്. എന്നിട്ടും രാംനാഥ് കോവിദ് അതു മറന്നെങ്കില്‍ ആ മറവിയെ ബോധപൂര്‍വ്വമുള്ള മറവിയായിത്തന്നെയേ ജനാധിപത്യവിശ്വാസികള്‍ പരിഗണിക്കുകയുള്ളു.

ഏതുവിധേനയും ബി ജെ പിയെ അധികാരത്തിലെത്തിക്കുക എന്നതു മാത്രമായിരുന്നു ആ നീക്കത്തിനു പിന്നിലെന്ന് വ്യക്തം. രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ട് ഉത്തരവിറങ്ങിയതിനു തൊട്ടു പിന്നാലെ ആരുമറിയാതെ അതീവ രഹസ്യമായി ബി ജെ പിയുടെ ഫഡ്നാവിസിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതില്‍ നിന്നും മറ്റെന്താണ് നമുക്ക് മനസ്സിലാകുക? ഇത്രയും സംഘടിതമായി രാജ്യത്ത് ഒരു കാലത്തും ഭരണഘടനയെ അട്ടിമറിക്കുന്ന ഒരു നീക്കവും ഉണ്ടായിരുന്നില്ല. ശിവസേന ബി ജെ പി സഖ്യം തകര്‍ന്നുവെന്ന് വ്യക്തമായ സ്ഥിതിക്ക് ത്രികക്ഷി സഖ്യത്തിന്റെ നേതവിനെയായിരുന്നു സ്വാഭാവികമായും സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കേണ്ടത്. ഒരിക്കല്‍ അവസരം കൊടുത്തയാളെത്തന്നെ വീണ്ടും ക്ഷണിക്കുക എന്നത് കേവലം കുതിരക്കച്ചവടത്തിന് വഴിതുറക്കുകയെന്നല്ലാതെ മറ്റെന്താണ് ?

വിഷയം കോടതിയുടെ മുന്നിലേക്ക് ഇന്നലെത്തന്നെ എത്തി. ചീഫ് ജസ്റ്റീസ് ഇടപെട്ടുകൊണ്ട് അവധി ദിവസമായിട്ടും കേസു കേള്‍ക്കാന്‍ തീരുമാനിക്കപ്പെട്ടു.എന്നാല്‍ അവിടേയും നിയമവാഴ്ച സുതാര്യമാക്കുന്ന ഒരു നടപടിയും ഉണ്ടായില്ല. എന്തടിസ്ഥാനത്തിലാണ് ഫഡ്നാവിസിനെ ക്ഷണിച്ചതെന്ന് തെളിയിക്കാനുള്ള കത്ത് ഇന്ന് 25 നവംബര്‍ 2019 ന് ഹാജരാക്കണം എന്നതു മാത്രമാണ് ഇന്നലെയുണ്ടായ തീരുമാനം.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് അരങ്ങേറിയ അട്ടിമറികളില്‍ ഒരു വേവലാതിയും കോടതിയുടെ ഭാഗത്തു നിന്നും കണ്ടില്ല. പ്രകടമായ ഉദാസീനത കോടതി നടപടികളില്‍ പോലും നമുക്ക് കണ്ടെത്താം. ലാഘവബുദ്ധിയോടെയുള്ള കമന്റുകള്‍ അവിടെയുണ്ടായി.ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിയ്ക്കുന്നുവെന്ന് ആക്ഷേപം പരിഗണിക്കുന്ന ഒരു കോടതി എങ്ങനെയാണ് ഇത്രമാത്രം ലാഘവ ബുദ്ധി പ്രകടിപ്പിക്കുക ? ഗവര്‍ണര്‍ ക്ഷണിച്ച സ്ഥിതിക്ക് ഇന്നലെത്തന്നെ ഭൂരിപക്ഷം തെളിയിക്കാനായിരുന്നു കോടതി നിര്‍‌ദ്ദേശിക്കേണ്ടിയിരുന്നത്.അതിനു തയ്യാറാകാതെ കൂടുതല്‍ സമയം ലഭിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.

ഇതുവരെ കോടതികളിലെങ്കിലും ജനതയ്ക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. ഈ അടുത്ത കാലത്തെ വിധികളും ഇടപെടലുകളും കോടതിക്കു മുകളില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു.
ഇനി നാം കാണാനിരിക്കുന്നത് ചൂതാട്ടമല്ലാതെ മറ്റൊന്നുമല്ല. അതു സ്വാഭാവികവുമാണ്. ബി ജെ പിയ്ക്ക് അത്തരം കുതിരക്കച്ചവടങ്ങള്‍ നടത്തി ധാരാളം പരിചയവുമുണ്ട്. അതുകൊണ്ടുതന്നെ ഫഡ്നാവിസ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍ ഒരു സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കാന്‍ വേണ്ടി നമ്മുടെ രാജ്യത്തിന്റെ പരമാധികാരം കൈയ്യാളുന്ന കാവല്‍ക്കാര്‍ ഭരണഘടനയെ നിസ്സങ്കോചം അട്ടിമറിയ്ക്കുമ്പോള്‍ ഇനിയെന്താണ് രാജ്യത്ത് പ്രതീക്ഷിക്കാനുള്ളത് എന്നതുമാത്രമാണ് അവശേഷിക്കുന്ന ഒരേയൊരു ചോദ്യം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.