Sat. Dec 28th, 2024
കോഴിക്കോട്:

മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. ഏഴു സഖാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പാക്കുമെന്നാണ് കത്തിലുള്ള മുന്നറിപ്പ്. വടകര പോലീസ് സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്.

പേരാമ്പ്ര എസ്ഐ ഹരീഷിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. ഹരീഷിന്‍റെ നിലപാട് നാടിന് അപകടമാണെന്നും, സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിക്കുന്നതെന്നും കത്തില്‍ ചോദിക്കുന്നു. ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ വൈകാതെ കാണുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.

മാവോയിസ്റ്റ് ലഘുലേഘകള്‍ സഹിതമാണ് കത്ത് വന്നത്. അർബൻ ആക്ഷൻ ടീമിനു വേണ്ടി ബദർ മൂസ പശ്ചിഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് എന്ന പേരിൽ ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭീഷണി സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.