Wed. Jan 22nd, 2025
ന്യൂഡൽഹി:

രാജ്യത്തു സവാളയ്ക്ക് വൻ വില വർധന. വിലകയറ്റത്തെ ചൊല്ലി രാജ്യത്താകമാനം ഉയരുന്ന പ്രതിഷേധം കണക്കിലെടുത്ത്, സവാള കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ഒരു പ്രഖ്യാപനം ഉണ്ടാകും വരെ കയറ്റുമതി നിരോധനം ഇതേ അവസ്ഥയിൽ തുടരാനാണ് നിർദേശം.

നിലവിൽ, കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും ഉയർന്ന വിലയിലാണ് സവാള എത്തി നിൽക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക , ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴമൂലമുണ്ടായ വിളനാശമാണു വില കയറ്റത്തിന് പ്രധാനകാരണം.

കിലോയ്ക്ക് 70–80 രൂപയാണ് ഡൽഹിയിലും രാജ്യത്തിന്റെ മറ്റു ചില സംസ്ഥാനങ്ങളിലും സവാളയുടെ വില. കേരളത്തിൽ കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 49–50 രൂപ വരെ മൊത്തവിലയും 55–62 രൂപ ചില്ലറ വിലയുമായിരുന്നു.

അതേസമയം, വിലവർധനവിനെ തുടർന്നുള്ള പ്രതിഷേധങ്ങളുടെ ശമനത്തെ കരുതി ഡൽഹിയിൽ കിലോയ്ക്ക് 23.50 രൂപയ്ക്ക് സവാള നൽകുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിക്കുകയും, ഇതിന്റ ഭാഗമായി ശനിയാഴ്ച ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ മൊബൈൽ വാൻ വഴി ഇതേ വിലയ്ക്കു സവാള എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് സവാളയുടെ ഇറക്കുമതി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി മഹാരാഷ്ട്രയിലെ കർഷകരുമായി സംസാരിക്കാൻ സെക്രട്ടറി തലത്തിലുള്ള രണ്ടു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *