Wed. Jan 22nd, 2025
#ദിനസരികള്‍ 894

 

രാഷ്ട്രീയ കേരളത്തില്‍ എസ്എന്‍ഡിപിയും ബിഡിജെഎസും നിലയുറപ്പിക്കേണ്ടത് ഏതു പക്ഷത്താണെന്ന ചോദ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സാമൂഹികമുന്നേറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച നാരായണ ഗുരുവിനോടാണെന്നു് ആ സംഘടനകള്‍ ഭാവിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഈ ചോദ്യത്തിന് പ്രാധാന്യം ഏറെയാണ്.

നാരായണ ഗുരു എന്താണ് ചിന്തിച്ചതെന്നും കേരളത്തെ പഠിപ്പിച്ചതെന്നും നമുക്കറിയാം. ജാത്യാചാരങ്ങളുടെ കെടുതികള്‍‌ക്കെതിരെ അദ്ദേഹം പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. സവര്‍ണ ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ചു കൊണ്ട് അധസ്ഥിതരായ ജനലക്ഷങ്ങള്‍ക്കു വേണ്ടി ഈഴവ ശിവനെ പ്രതിഷ്ഠിച്ചു. വര്‍ണവ്യവസ്ഥയിലെ താഴെത്തട്ടിലുള്ളവരെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത ഒരു കാലത്ത് അവരെ കൈപിടിച്ചുകൊണ്ട് വെളിച്ചത്തിന്റെ വലിയ വിതാനങ്ങളിലേക്ക് കയറ്റി നിറുത്തി. പൊതുനിരത്തിലൂടെ നടക്കാനോ പൊതുവിദ്യാലയങ്ങളില്‍ പഠിക്കാനോ അനുവാദമില്ലാതിരുന്നവരെ വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാകാനും അദ്ദേഹം പഠിപ്പിച്ചു. തൈലാദി വസ്തുക്കളശുദ്ധമായാല്‍ പൌലോസിനെക്കൊണ്ടു തൊടീച്ചെടുക്കാം എന്നു ചിന്തിച്ചിരുന്ന ഒരു കാലത്തു നരനു നരന്‍ അശുദ്ധവസ്തുവല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രാഹ്മണ്യത്തിന്റെ കോട്ടകൊത്തളങ്ങളെ വെല്ലുവിളിക്കാന്‍ ഗുരുവും സംഘവും കാണിച്ച ശേഷി ഒരു ജനവിഭാഗത്തിന്റെ മോചനത്തിന് വഴി തെളിച്ചുവെന്ന് നാം ചരിത്രത്തില്‍ നിന്നും പഠിക്കുന്നു. ഒരു വശത്ത് സവര്‍ണ മേലാള വര്‍ഗ്ഗത്തോട് വിട്ടു വീഴ്ചയില്ലാതെ പോരാടിക്കൊണ്ടും മറുവശത്ത് അധസ്ഥിത ജനവിഭാഗത്തിന്റെ ഉന്നമനത്തിന് അക്ഷീണം പ്രയത്നിച്ചുകൊണ്ടുമാണ് നാരായണ ഗുരു ഈ മുന്നേറ്റങ്ങളെ ഉണ്ടാക്കിയെടുത്തത്.

സംഘടനയിലൂടെ ശക്തരാകാന്‍ പഠിപ്പിച്ച ഗുരു, ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം എന്ന പേരില്‍ 1902 ല്‍ കുമാരനാശാനെ അധ്യക്ഷനാക്കി ഒരു സംഘമുണ്ടാക്കി അവരെ ഒന്നിപ്പിച്ചു നിറുത്തി. ഗുരുവിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമുദായത്തേയും സമൂഹത്തേയും മുന്നോട്ടു നയിക്കുന്ന മറ്റു തരത്തിലുള്ള ഇടപെടലുകള്‍ നടത്തുവാനും ഗുരു ഈ സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. അങ്ങനെ സമുദായത്തെ നല്ല വഴിയില്‍ നയിക്കുവാനും പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടു മുന്നോട്ടുപോകാനും ചുമതലപ്പെടുത്തപ്പെട്ട യോഗത്തിന് ഗുരു ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വഴി പിഴച്ചു പോയിരുന്നു. അതുകൊണ്ടാണല്ലോ ഗുരുവിന് തന്നെ തനിക്ക് യോഗവുമായി ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിക്കേണ്ടി വന്നത്. എസ്എന്‍ഡിപിയുടെ വഴി ഗുരുവിന്റെ വഴിതന്നെയാകണമെന്നാണ് ബഹുഭൂരിപക്ഷം വരുന്ന ശ്രീനാരായണീയരുടെ ആഗ്രഹമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നേതൃസ്ഥാനത്തേക്ക് എത്തിച്ചേരുന്നവരുടെ സങ്കുചിതമായ താല്പര്യങ്ങള്‍ മൂലം നാരായണ ഗുരുവില്‍ നിന്നും ഏറെ അകന്നു പോയ ഒരു വഴിയില്‍ക്കൂടെയാണ് യോഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയാതെ. അത് ഗുരുവിന്റെ ആഗ്രഹത്തെയോ ആശയങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ല എന്നതാണ് വസ്തുത.

എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ 2015 ലാണ് ബിഡിജെഎസ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്.നാളിതുവരെ തങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിയാതിരുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക എന്നതായിരുന്നു ബിഡിജെഎസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത്.എന്നാല്‍ എസ് എന്‍ ഡി പിയെക്കാള്‍ കെട്ട വഴിയിലൂടെയായിരുന്നു ഭാരത് ധര്‍മ്മ ജന സേന എന്ന ബിഡിജെഎസിന്റെ സഞ്ചാരം. ഏതേതു ആശയങ്ങള്‍‌ക്കെതിരെയാണ് നാരായണഗുരു തന്റെ ജീവിതം കൊണ്ട് യുദ്ധം ചെയ്തത് അതേ ആശയങ്ങളുടെ വക്താക്കളുടേയും പ്രയോക്താക്കളുടേയും കൂടെ ബിഡിജെഎസും പോയിച്ചേര്‍ന്നു. ആറെസ്സെസ്സിന്റെ പ്രത്യയ ശാസ്ത്രത്തോട് ഒരു കാരണവശാലും അധസ്ഥിത ജനതയ്ക്ക് ഐക്യപ്പെടാന്‍ കഴിയില്ലെന്നത് സുവ്യക്തമാണ്. മനുവിന്റെ തിട്ടൂരങ്ങള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തിയെടുത്ത സവര്‍ണ സങ്കല്പങ്ങളെ ജനാധിപത്യത്തിന്റെ പുറംകുപ്പായമിടുവിച്ച് നടപ്പില്‍ വരുത്താന്‍ ഉദ്യമിക്കുന്ന സംഘപരിവാരത്തോടൊപ്പം ചേരുക എന്നാല്‍ ശ്രീനാരായണ ഗുരുവിനെ നിഷേധിക്കുക എന്നുതന്നെയാണ് അര്‍ത്ഥം. അതായത് ബിഡിജെഎസ് കൈകോര്‍ത്തു പിടിച്ചിരിക്കുന്നത് ആശയപരമായി ഒരു വിധത്തിലും യോജിക്കാന്‍ കഴിയാത്ത വിരുദ്ധ ശക്തികളോടാണ്.

അങ്ങനെ സംഘപരിവാരത്തോടു ചേര്‍ന്നു നിന്നതുകൊണ്ട് ബിഡിജെഎസിനോ, എസ്എന്‍ഡിപിക്കോ ഏതെങ്കിലും തരത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്. രൂപീകരിക്കപ്പെട്ട കാലം മുതല്‍ എന്‍ഡിഎയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചും പോസ്റ്ററുകളൊട്ടിച്ചും നടക്കാന്‍ ശ്രീനാരായണീയരായ കുറച്ചാളുകളുണ്ടായി എന്നതൊഴിച്ചാല്‍ മറ്റൊരു തരത്തിലുള്ള പരിഗണനയും ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന് നാളിതുവരെ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നു മാത്രവുമല്ല ബിജെപിയുടെ നേതൃത്വത്തില്‍ നിന്നും നിരന്തരം അവഗണനയാണ് നേരിടേണ്ടിവരുന്നതെന്ന് പലപ്പോഴും വെള്ളാപ്പള്ളിയും തുഷാറും തുറന്നു പറഞ്ഞിട്ടുമുണ്ട്. അതായത് രൂപീകരിക്കുമ്പോള്‍ ബിഡിജെഎസ് കണ്ട സ്വപ്നങ്ങളിലൊന്നുപോലും കഴിഞ്ഞ നാലുകൊല്ലക്കാലമായി അവരെ തേടിയെത്തിയിട്ടില്ല. എന്നാല്‍ സംഘടനാ ശേഷിയോ മറ്റേതെങ്കിലും വിധത്തിലുള്ള വൈഭവമോ തൊട്ടുതെറിച്ചിട്ടില്ലാത്ത അല്‍‍ഫോണ്‍സ് കണ്ണന്താനത്തിനും സുരേഷ് ഗോപിക്കുമൊക്കെ ഓരോ സ്ഥാനങ്ങള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അനുവദിച്ചു കൊടുത്തുവെങ്കിലും കൊള്ളാവുന്ന ഒരു ബോര്‍ഡുപോലും ഇത്രയും ശക്തിയുണ്ടെന്ന് കരുതപ്പെടുന്ന ബിഡിജെഎസിന് കിട്ടിയിട്ടില്ല. ഇത്രയും അവഗണന സഹിച്ചും തങ്ങളുടെ ഗുരുവിന്റെ തന്നെ വാക്കുകളെ വിസ്മരിച്ചും എന്തിനാണ് ബിഡിജെഎസ് അടിമപ്പണി ചെയ്യുന്നതെന്ന ചോദ്യം പരിഗണിക്കപ്പെടേണ്ടതു തന്നെയാണ്.

കേരളത്തില്‍ ബിജെപിയ്ക്കോ മറ്റു സംഘപരിവാര ശക്തികള്‍‌ക്കോ ഒരു പ്രസക്തിയുമില്ല, ഇനിയൊട്ട് ഉണ്ടാകുകയുമില്ല. കാരണം കേരളത്തിന്റെ മനസ്സ് നവോത്ഥാന സമരങ്ങളിലൂടെ സവര്‍ണബ്രാഹ്മണാധിപത്യങ്ങള്‍‌ക്കെതിരെ സമരം ചെയ്ത് പരുവപ്പെട്ട് വന്നതാണ്. അവിടെ ഒരു പരിധിവരെ ജാതീയമായതോ വിശ്വാസസംബന്ധമായതോ ആയ താല്പര്യങ്ങള്‍ക്ക് സ്ഥാനമുണ്ടാകുകയില്ല. അങ്ങനെ ഉണ്ടാകുമായിരുന്നെങ്കില്‍ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കുമായിരുന്നു. വിശ്വാസികളായവര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് വിചാരിക്കുന്നതുതന്നെ മൌഢ്യമാണ്. ഇവിടെ ഇടതുപക്ഷ രാഷ്ട്രീയത്തിലും വിശ്വാസികള്‍ക്ക് സ്ഥാനമുണ്ടെന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ നരേന്ദ്രമോദിയും കൂട്ടരും ഉണ്ടാക്കിയെടുക്കുന്ന താല്കാലികമായ വേലിയേറ്റങ്ങളില്‍ മുങ്ങിപ്പോയവര്‍ പോലും ഒരു ഘട്ടം കഴിയുമ്പോള്‍ തിരിച്ചെത്തുമെന്നതാണ് ശരി. അതായത് സ്ഥായിയായ ഒരു മാറ്റമുണ്ടാക്കി തങ്ങളുടെ നില ഉറപ്പിച്ചെടുക്കാന്‍ ബിജെപിയ്ക്ക് കഴിയില്ലതന്നെ. ഈ വസ്തുത തിരിച്ചറിഞ്ഞ് തങ്ങളുടെ അനുയായികളെ ബിജെപിയുടെ കാല്‍ച്ചുവട്ടിലേക്ക് തള്ളിവിടാതിരിക്കാനുള്ള ജാഗ്രതയാണ് ബിഡിജെഎസിന്റെ നേതൃത്വം കാണിക്കേണ്ടത്. അതുകൊണ്ട് എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് ലക്ഷണക്കായ തങ്ങളുടെ അനുയായികളോടും ഗുരുവിനോടും നീതി പുലര്‍ത്തുക എന്നതാണ് ആദ്യമായി ബിഡിജെഎസ് ചെയ്യേണ്ടത്.

(തുടരും.)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *