Wed. Nov 6th, 2024

മുംബൈ:

പാന്‍കാര്‍ഡും ആധാര്‍നമ്പറും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് നല്‍കിയിരുന്ന സമയ പരിധി അവസാനിക്കാന്‍ ഇനി മൂന്നുദിവസം കൂടി. നിലവില്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ സെപ്റ്റംബര്‍ 30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ ബജറ്റില്‍ വരുത്തിയ നിയമഭേദഗതി അനുസരിച്ച് ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍നമ്പറുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അസാധുവാകുമെന്നാണ് മുന്നറിയിപ്പ്.

പാന്‍നമ്പര്‍ പ്രവര്‍ത്തനരഹിതമായാല്‍ എന്തായിരിക്കണം പിന്നീടു സ്വീകരിക്കേണ്ട നടപടികള്‍ എന്ന കാര്യത്തില്‍ പ്രത്യക്ഷ നികുതിബോര്‍ഡ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. എന്നാല്‍ പാന്‍നമ്പര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ പിന്നീട് നടത്താന്‍ കഴിയില്ലെന്നാണ് സൂചന. അതേസമയം, ഇങ്ങനെയുള്ള സാഹചര്യമുണ്ടായാല്‍ ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിന് ആധാര്‍നമ്പര്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ ആധാറില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് പാന്‍നമ്പര്‍ നല്‍കും എന്നായിരുന്നു ബജറ്റില്‍ കേന്ദ്രമന്ത്രി നടത്തിയിരുന്ന പ്രഖ്യാപനം.

2017-ലാണ് പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കണം എന്ന് ആദ്യമായി നിര്‍ദേശം വന്നത്. പിന്നീട് പല തവണ ഇതിന് കാലാവധി നീട്ടി നല്‍കുകയും ചെയ്തു. നിലവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ ഒട്ടുമിക്ക പേരും പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചിട്ടുണ്ട്. ആദായ നികുതി നല്‍കാന്‍ മാത്രം വരുമാനമില്ലാത്ത ഭൂരിഭാഗം സാധാരണക്കാരും പാന്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ല.

ഇനിയും ബന്ധിപ്പിക്കാത്തവര്‍ക്ക് www.incometaxindiaefiling.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ ഇതിനു സാധിക്കും. സൈറ്റിലുള്ള ‘ക്വിക് ലിങ്ക്സി’ല്‍ ‘ലിങ്ക് ആധാര്‍’ ഓപ്ഷന്‍ ലഭിക്കും. ഇതിലൂടെ രണ്ടും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ നിരവധി പേര്‍ക്ക് പാന്‍ കാര്‍ഡിലോ ആധാര്‍ കാര്‍ഡിലോ വന്നിട്ടുള്ള ചെറിയ അക്ഷര തെറ്റുകള്‍ മൂലം രണ്ടും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. ഇവര്‍ക്കെല്ലാം ആധാറിലോ പാന്‍ കാര്‍ഡിലോ ഇതിന്റെ തിരുത്തലുകള്‍ വരുത്തിയ ശേഷം മാത്രമേ ലിങ്കു ചെയ്യാന്‍ സാധിക്കൂ എന്ന പ്രശ്‌നവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *